Arrested | പാസ്‌പോര്‍ട് രൂപത്തില്‍ സ്വര്‍ണം കടത്തിയെന്ന സംഭവത്തില്‍ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍


കണ്ടെത്തിയത് പാന്റ്സിന്റെ പോകറ്റില്‍ ഒളിപ്പിച്ച നിലയില്‍
റെയ്ഡ് ശക്തമാക്കി എയര്‍പോര്‍ട് പൊലീസും
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിന് നൂതന വഴികള്‍ തേടി സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പാസ്പോര്‍ടിന്റെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ശാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലര്‍ചെയാണ് പൊലീസ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണമിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്പോര്‍ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്സിന്റെ പോകറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍കോട് പടന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രതീഷില്‍ നിന്നാണ് 1223 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഇതിന് 87,32,220 രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേരത്തെ ചോക്ലേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സില്‍ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വര്‍ണവും കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാന്‍ ഓരോ തവണയും പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് സ്വര്‍ണക്കടത്തുകാര്‍ എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ കടത്ത് തടയുന്നതിനായി എയര്‍പോര്‍ട് പൊലീസും റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.