മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 26.02.2020) മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍(72) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കു 2 മുതല്‍ 4 വരെ ഡിസിസി യില്‍ പൊതുദര്‍ശനം. തുടര്‍ന്ന് പേരാമ്പ്രയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

കെ കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്നു. 1998 ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. കോഴിക്കോട് ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. യുഡിഎഫ് ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സ്വാതന്ത്ര്യസമരസേനാനി പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി.

1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ 'യുവത' എന്ന പേരില്‍ പാരലല്‍ കോളേജ് നടത്തി. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ പിന്നീട് ര്ഷ്ട്രീയം പേരാമ്പ്രയായി.

ഭാര്യ: വി സുധ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എന്‍ജിനീയര്‍, ദുബായ്). മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി.

Keywords:  News, Kerala, Kozhikode, Ex minister, Dies, Lok Sabha, A.K Antony, Former Minister and Congress leader P Sankaran has Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia