വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് തടസപ്പെട്ടു

 


കൊല്ലം: (www.kvartha.com 10.04.2014)    വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗ് യന്ത്രം തകരാറായതിനാല്‍ രാവിലെ ഏഴുമണിയോടു കൂടി വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനും കുടുംബാംഗങ്ങള്‍ക്കും അരമണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു.

കൊല്ലം ക്രിസ്തുരാജ സ്‌കൂളിലെ 40- ാം  നമ്പര്‍ ബൂത്തിലാണ് പ്രേമചന്ദ്രന് വോട്ട്. ആദ്യവോട്ടറായാണ്  പ്രേമചന്ദ്രനും പിന്നാലെ ഭാര്യയും  മകനും ബൂത്തിലെത്തിയത്.  എന്നാല്‍ യന്ത്രം തകരാറിലായതിനാല്‍ അദ്ദേഹത്തിനും കുടുംബത്തിനും അരമണിക്കൂറോളം  ബൂത്തില്‍ നില്‍ക്കേണ്ട ഗതികേടാണുണ്ടായത്. പലതവണ ശ്രമിച്ചിട്ടും  തകരാര്‍ പരിഹാരിക്കാനാകാത്തതിനെ തുടര്‍ന്ന്  തെരഞ്ഞെടപ്പു നിരീക്ഷകനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥലത്തെത്തി  പുതിയ യന്ത്രം എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

യന്ത്രത്തകരാര്‍ മൂലം  മാവേലിക്കരയിലെ ഗ്രാമം, വലുവാടി ബൂത്തുകളിലും പോളിംഗ് താമസിച്ചാണ് തുടങ്ങിയത്.  ആലപ്പുഴയില്‍ പലയിടത്തും വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് തര്‍ക്കം ഉടലെടുക്കാന്‍  കാരണമായി. ഹരിപ്പാട്ടെ ഒരു ബൂത്തില്‍ ബുധനാഴ്ച  രാത്രി പോളിംഗ് ഓഫീസര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു.  ചേര്‍ത്തല വളവനാട് ജ്ഞാനോദയം സ്‌കൂളില്‍ യന്ത്രത്തകരാര്‍ കാരണം പോളിംഗ് നിര്‍ത്തി വെച്ചു.

കണ്ണൂര്‍ ജില്ലയില്‍ മാവിലായിയിലും തായത്തെരുവിലും,പയ്യന്നൂര്‍ ബിഇഎംപി സ്‌കൂള്‍, പുളിയന്‍മല, ഇരട്ടയാര്‍  എന്നീ ആറിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂളിലെ ഒരു ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി.

കാസര്‍കോട് ജില്ലയിലെ  കാഞ്ഞങ്ങാട് അമ്പലത്തറ സകല്ലാംതോലിലെ കുടുംബക്ഷേമ കേന്ദ്രം, ഹൊസ്ദുര്‍ഗ് എന്നീ ബൂത്തുകളിലും  വോട്ടിങ് യന്ത്രം തകരാറിലായി. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം  വോട്ടെടുപ്പ് ആരംഭിച്ചു.  അതേസമയം പിലിക്കോട് ഗവ.സ്‌കൂളിലെ ബൂത്തിലെ വെബ് ക്യാമറ തകരാറായതും ആശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീട് തകരാര്‍ പരിഹരിച്ചു.

തൃപ്പൂണിത്തുറ സരസ്വതി വിലാസം (തൊട്ടാവാടി) സ്‌കൂളിലെ ബൂത്തിലും  വോട്ടിങ് യന്ത്രം തകരാറിലായി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ കേടായാല്‍ 20 മിനിറ്റിനുള്ളില്‍ മാറ്റി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി  ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട നഗരത്തിലെ 169-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ 18 മിനിറ്റ് വൈകി. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും തമ്മില്‍ റിബണ്‍ ബന്ധിപ്പിച്ചതു തിരിഞ്ഞു പോയതാണു വോട്ടെടുപ്പ് വൈകാന്‍ കാരണം. പിന്നീട് പ്രശ്‌നം പരിഹരിച്ച ശേഷം വോട്ടെടുപ്പു ആരംഭിച്ചു. കോട്ടയത്ത് വാരിശേരി ചുങ്കം ബൂത്ത് നമ്പര്‍ 19 ലെ   യന്ത്രവും ആദ്യമണിക്കൂറില്‍ തകരാറിലായിരുന്നു.

വോട്ടെടുപ്പ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ നാട്ടിക, കഴിമ്പ്രം  വിപിഎം എസ്എന്‍ഡിപി എച്ച്എസ്എസിലെ വോട്ടെടുപ്പും ഒരു മണിക്കൂര്‍ വൈകി. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 98 ല്‍ വോട്ടിങ് യന്ത്രത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരിനു മുകളില്‍ വെള്ളക്കടലാസ് മടക്കിവച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവച്ചു.  വോട്ടെടുപ്പ് ആരംഭിച്ച്  14 ശതമാനം പോളിങ് കഴിഞ്ഞ ശേഷമാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് തടസപ്പെട്ടു
വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വടക്കാഞ്ചേരി ആയക്കാട് ജിയുപി സ്‌കൂള്‍,

മുടപ്പല്ലൂര്‍ ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ 45 മിനിറ്റും ചിറ്റൂര്‍ തത്തമംഗലം ജിബിയുപിഎസ് സ്‌കൂളില്‍ 25 മിനിറ്റും മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൃഷിഭവനില്‍ 35 മിനിറ്റും വോട്ടെടുപ്പ് വൈകി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
എല്‍ഡിഎഫിന് പിന്തുണയുമായി മറാഠി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്

Keywords:  Faulty voting machine delays polling in some booths, Kollam, Kozhikode, Kannur, kasaragod, Pathanamthitta, District Collector, Kottayam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia