Joined Congress | ധര്‍മടത്ത് സിപിഐ ബന്ധം ഉപേക്ഷിച്ച് ഒരു കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നു; കെ സുധാകരന്‍ സ്വീകരണം നല്‍കി
Jul 15, 2023, 18:51 IST
കണ്ണൂര്‍: (www.kvartha.com) ഇടത് മുന്നണി നയത്തിലെ വ്യതിയാനം അണികള്‍ക്ക് ബോധ്യമായി കൊണ്ടിരിക്കുകയാണെന്നും പതിറ്റാണ്ടുകളായി പിന്തുടരുന്ന കമ്യൂനിസ്റ്റ് വിശ്വാസം അതുകൊണ്ടുതന്നെ പലരും ഉപേക്ഷിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. 44 വര്‍ഷത്തെ കമ്യൂനിസ്റ്റ് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ധര്‍മടം നിയോജക മണ്ഡലത്തിലെ സിപിഐ മുന്‍ ലോകല്‍ സെക്രടറി കൈപ്പത്ത് രവീന്ദ്രനും കുടുംബത്തിനും കോണ്‍ഗ്രസ് മെമ്പര്‍ഷിപ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വം ചെയ്യുന്ന തെറ്റുകള്‍ മനസിലാക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ഇനിയും പലരും സംഘടനയിലേക്ക് കടന്നുവരാം. ഇടത് മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ പോലും നേതൃത്വത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ പിണക്കത്തിലാണ്. ഏക സിവില്‍ കോഡിനെതിരെയുള്ള സെമിനാറില്‍ സിപിഐ വിട്ടുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇ പി ജയരാജനും സെമിനാറില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നു. ആ പാര്‍ടിയില്‍ നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
1976 മുതല്‍ സിപിഐയില്‍ മെമ്പര്‍ഷിപ് എടുത്ത് കഴിഞ്ഞ ജനുവരി മാസം വരെ സിപിഐയില്‍ സജീവമായി ഉണ്ടായിരുന്നുവെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇന്ന് കമ്യൂനിസം എന്ന് പറയുന്നത് ചിലരില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. കമ്യൂനിസത്തില്‍ വന്ന അപചയത്തില്‍ മനം നൊന്താണ് സിപിഐയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെയും ബിജെപിയെയും നേരിടാന്‍ കഴിവുള്ള പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. അവര്‍ ഈ രണ്ട് ശക്തികള്‍ക്കെതിരെ നിരന്തരം പോരാടി കൊണ്ടിരിക്കുന്നു. കമ്യൂനിസത്തിന്റെ പ്രഖ്യാപിത നയത്തില്‍ വലിയ വ്യതിയാനമാണ് നടമാടി കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
വൈദ്യുതി ചാര്‍ജ് വര്‍ധന, കെട്ടിട നികുതി വര്‍ധന, വെള്ളക്കരം കൂട്ടിയത്, വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തോല്‍ക്കുകയും അതേ സമയം പഠിക്കാതെ പരീക്ഷ എഴുതാത്ത വിദ്യാര്‍തികള്‍ വിജയിക്കുകയും ചെയ്യുന്നു. വ്യാജ ബിരുദ സര്‍ടിഫികറ്റ് ഉപയോഗിച്ച് ജോലി നേടുന്നു. ഒരു കമ്യൂനിസ്റ്റ് ഭരണത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതിനെ എതിര്‍ക്കാന്‍ സിപിഐക്ക് സാധിക്കുന്നില്ല. വെളിയം ഭാര്‍ഗവന്‍, പി കെ വി തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കള്‍ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും അതിനാലാണ് താനും കുടുംബവും കോണ്‍ഗ്രസില്‍ ചേരുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രനും ഭാര്യ മഹിജയും മകള്‍ അഞ്ജുനയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ ഡിസിസി ഓഫീസില്‍വെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, കെ സി മുഹമ്മദ് ഫൈസല്‍, കെ പി സാജു, രജിത്ത് നാറാത്ത്, ടി ജയകൃഷ്ണന്‍, കെ വി ജയരാജന്‍, കുന്നുമ്മല്‍ ചന്ദ്രന്‍, പി ടി സനല്‍കുമാര്‍, ദിലീപന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kerala-News, Politics, Politics-News, Family, Left, CPI, Congress, Dharmadom, K Sudhakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.