Suresh Gopi | 'സാമ്പത്തിക തട്ടിപ്പിന് ഇരയായി പ്രതിസന്ധിയിലായി'; വിമാന ടികറ്റും പണവും നല്‍കി യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

 


കൊച്ചി: (www.kvartha.com) കേരളത്തില്‍വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. 

ഇന്‍ഡ്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടികറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിക്കുവേണ്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുതാസ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് തുക കൈമാറിയത്.

പുതിയ വിസയ്ക്കായി സാറയ്ക്ക് ക്വാലാലംപൂരില്‍ പോയി അപേക്ഷ നല്‍കണം. ഇവിടേക്കുള്ള വിമാന ടികറ്റാണ് അദ്ദേഹം എടുത്ത് നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ പണവും നല്‍കി. വിസയുടെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്ത് നിന്നു മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. ഇതാണ് സാറയ്ക്ക് മുന്‍പില്‍ വലിയ പ്രതിസന്ധിയായത്. സഹായത്തിന് സുരേഷ് ഗോപിയ്ക്ക് സാറ നന്ദി പറഞ്ഞു.

ഭര്‍ത്താവിനൊപ്പം 2007ലാണ് പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. നാട്ടുകാരില്‍ ഒരുവളായി. 2010ല്‍ ഭര്‍ത്താവ് കൊച്ചിയില്‍ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. 2011ല്‍ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ 'മാഡ് ഡോഗ് ട്രസ്റ്റ്' എന്ന സംഘടന രൂപീകരിച്ചതോടെ ഫോര്‍ട് കൊച്ചിയില്‍ പെനിലോപ് പ്രശസ്തയായി.

ഇതിനിടയില്‍ ബ്രിടനിലെ വീട് വിറ്റ് എട്ടുകോടിയോളം രൂപ പെനിലോപിന് ലഭിച്ചു. വിദേശത്തെ ബാങ്ക് അകൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ സഹായിയുടെ പള്ളുരുത്തിയിലുള്ള സുഹൃത്ത് വിശ്വാസമാര്‍ജിച്ച് അടുത്ത് കൂടിയതോടെ തന്റെ കഷ്ടകാലം തുടങ്ങിയെന്ന് പെനിലോപ് പറയുന്നു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അകൗണ്ട് വഴി ഇയാള്‍ക്ക് കൈമാറി. ഇതിനിടയില്‍ നിയമവിരുദ്ധ പണമിടപാട് ആരോപിച്ച് പെനിലോപിന്റെ അകൗണ്ട് മരവിപ്പിച്ചു. പണം കടം വാങ്ങിയയാള്‍ 8 വര്‍ഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണ് പെനിലോപ് കമിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

Suresh Gopi | 'സാമ്പത്തിക തട്ടിപ്പിന് ഇരയായി പ്രതിസന്ധിയിലായി'; വിമാന ടികറ്റും പണവും നല്‍കി യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി


Keywords:  News, Kerala, Kerala-News, News-Malayalam, Suresh Gopi, Ernakulam, Actor, Help, UK Moman, Ernakulam: Suresh Gopi helps the UK woman who was cheated.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia