Defamation | ബിജെപിയില്‍ ചേരാന്‍ ചര്‍ച നടത്തിയെന്ന ആരോപണം; ശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു


വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
ഇപി ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാലന്‍ നായര്‍, അഡ്വ. പി യു ശൈലജന്‍ എന്നിവര്‍ ഹാജരായി
കണ്ണൂര്‍: (KVARTHA) ബിജെപിയില്‍ ചേരാന്‍ രഹസ്യ ചര്‍ച നടത്തിയെന്ന വ്യാജ ആരോപണം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കേസ് ഫയല്‍ ചെയ്തു. ബിജെപിയില്‍ ചേരാന്‍ മൂന്ന് തവണ ചര്‍ച നടത്തിയെന്നും ഡെല്‍ഹിയിലെ ഹോടെലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയയെന്നതും ഉള്‍പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ഏപ്രില്‍ 26ന് മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും മന:പ്പൂര്‍വം അപകീര്‍ത്തിയുണ്ടാക്കിയെന്നും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ സമര്‍പ്പിച്ച ക്രിമിനല്‍ ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. അപകീര്‍ത്തിയുണ്ടാക്കിയ പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ശോഭാ സുരേന്ദ്രന് വക്കീല്‍ നോടീസും അയച്ചിരുന്നു. ഇപി ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാലന്‍ നായര്‍, അഡ്വ. പി യു ശൈലജന്‍ എന്നിവര്‍ ഹാജരായി.