100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ്ജുമായി ഇ-ചാര്‍ജിങ്ങ്; വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി

 


തിരുവനന്തപുരം: (www.kvartha.com 10.11.2019) വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. സംസ്ഥാനത്ത് ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ്ജുമായി ഇ-ചാര്‍ജിങ്ങ്; വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി

കേന്ദ്രസഹായത്തോടെ വൈദ്യുതി ബോര്‍ഡാണ് മുന്‍കൈയ്യെടുത്ത് ഇത് ആവിഷ്‌ക്കരിക്കുന്നത്. സംസ്ഥാനത്ത് 70 ഓളം ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ബോര്‍ഡ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ആറു സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇത് ബോര്‍ഡിന്റെ സ്വന്തമായിരിക്കും.

എന്നാല്‍ രണ്ടാംഘട്ടത്തില്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ചാവും പദ്ധതി. ഇങ്ങനെ 64 ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. വൈദ്യുതിബോര്‍ഡാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ കെ എസ് ഇ ബിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആകുമെന്നും യൂണിറ്റിന് അഞ്ചുരൂപ വച്ച് കണക്കാക്കിയാല്‍ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 100 രൂപയോളം ചിലവു വരുമെന്നാണ് കണക്ക്.

ഒരു രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒന്നരക്കിലോമീറ്റര്‍ വാഹനം ഓടിക്കാനാകും. ഇപ്പോള്‍ നിരത്തിലുള്ള വൈദ്യുതക്കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവര്‍ ആണ്. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ ഓടിക്കാം.

ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി. സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെ.വി. സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തുടങ്ങുക. 1.68 കോടി രൂപയാണ് ഇതിനുള്ള ചെലവ്.

ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് തുടങ്ങുന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെ എസ് ഇ ബി യുടെ സബ്ബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Electricity, Central Government, Vehicles, Electric Vehicle Charging Stations by Electricity Board
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia