കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറായ വധുവിന്റെ കാല്‍ തല്ലിയൊടിച്ചു; ഡോക്ടറായ വരനും കുടുംബവും ഒന്നടങ്കം ജയിലിലായി
Jul 20, 2021, 17:27 IST
തിരുവനന്തപുരം: (www.kvartha.com 20.07.2021) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറായ വധുവിന്റെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ഒന്നടങ്കം ജയിലിലടച്ച് കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, അമ്മ വസന്ത രാജന്‍ എന്നിവരെയാണ് നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കാതെ ജയിലില്‍ അടച്ചത്.
കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് യുവതിയേയും പിതാവിനെയും മര്‍ദിച്ചുവെന്നാണ് കേസ്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയ ഹൈകോടതി, കീഴ്ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പീഡനത്തെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തോമസ് പറഞ്ഞു.
2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള വിഴിഞ്ഞം സ്വദേശിയായ യുവതിയുടെ വിവാഹം നടന്നത്. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും യുവതിയെ മര്‍ദിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചു.
Keywords: Dowry Harassment: Court sends entire family to judicial custody in Kerala, Thiruvananthapuram, News, Family, Dowry, Complaint, Jail, Attack, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.