ഡിഫ്ത്തീരിയ: പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

 


തിരുവനന്തപുരം: (www.kvartha.com 20.09.2015) മലപ്പുറം ജില്ലയിലെ, ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെട്ടത്തൂര്‍, കോട്ടുമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പുതിയ പ്രതിരോധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും സെപ്തംബര്‍ 20 ന്, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള വിദഗ്ധഡോക്ടര്‍മാരടങ്ങുന്ന സംഘം, പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മലപ്പുറം ജില്ലയില്‍, ഒക്‌ടോബര്‍ ഒന്നുമുതല്‍ക്കാരംഭിക്കുന്ന രണ്ടാംഘട്ടം പ്രതിരോധകുത്തിവയ്പ് പരിപാടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത രണ്ടുവയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്ധവിശ്വാസംമൂലവും തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ചും, പ്രതിരോധ കുത്തിവയ്പ് എന്ന കുട്ടികളുടെ അവകാശത്തെ നിഷേധിക്കുന്നത് ഖേദകരമാണ്.

ഇവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം വ്യാപകമാക്കും. ഡിഫ്ത്തീരിയയുടെ തിരിച്ചുവരവ് പ്രതിരോധകുത്തിവയ്പ് എടുക്കാത്തതുമൂലമാണെന്ന് എല്ലാവരും മനസ്സിലാക്കണം. മലപ്പുറവും കാസര്‍കോടുമാണ്, സംസ്ഥാനത്ത് പ്രതിരോധകുത്തിവയ്പില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി വീടുകളിലെത്തുമ്പോള്‍ മാതാപിതാക്കളും മറ്റ് രക്ഷാകര്‍ത്താക്കളും അതിന് സമ്മതിക്കാത്തതാണ് ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം. തെറ്റായ ഈ സമീപനം മാറ്റി, സമ്പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡിഫ്ത്തീരിയ: പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും: മന്ത്രി വി.എസ്. ശിവകുമാര്‍ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് കുടുംബക്ഷേമവിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക്‌സ്, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘവുമാണ് സെപ്തംബര്‍ 20 ന്, ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. ഐ.എം.എ., ഐ.എ.പി. എന്നീ സംഘടനകളുടെ സംയുക്തയോഗവും ഇതോടനുബന്ധിച്ച് ചേരും. മന്ത്രി വി.എസ്. ശിവകുമാര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, പൊതുജനാരോഗ്യവിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kerala, Thiruvananthapuram, Minister, V.S Shiva Kumar, Diphtheria will be under control, says health minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia