സ്ത്രീ സുരക്ഷയെ അറിയാന്‍ എസ് ഐമാര്‍ക്ക് ഇംപോസിഷന്‍

 


തിരുവനന്തപുരം: (www.kvartha.com 18/07/2015) സ്ത്രീ സുരക്ഷയുടെ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടും അതിനെക്കുറിച്ച് വേണ്ടത്ര ബോധ്യമില്ലാത്ത എസ് ഐമാര്‍ക്ക് ഡി ജി പിയുടെ വക ഇംപോസിഷന്‍. സര്‍ക്കുലര്‍ പലരും വായിച്ചിട്ടില്ലെന്ന് മനസിലായ സാഹചര്യത്തിലാണ് ഡി ജി പി ടി പി സെന്‍ കുമാറിന്റെ നടപടി.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതാനാണ് എസ്.ഐമാര്‍ക്ക് ഡി.ജി.പി നല്‍കിയ നിര്‍ദേശം. പകര്‍ത്തിയെഴുതിയ കോപ്പി ജില്ലാ പോലീസ് മേധാവി വഴി പോലീസ് ആസ്ഥാനത്ത് എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികള്‍ പരിശോധിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.

സ്ത്രീകളെ അല്ലെങ്കില്‍ കുട്ടികളെ കാണാതായെന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചാല്‍ ആദ്യം എന്തു ചെയ്യണം? പരാതി പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണം, തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിക്കണം തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്. ജൂണ്‍ 10നാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.



കോന്നിയില്‍ പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഈ സര്‍ക്കുലര്‍ സംബന്ധിച്ച കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരോട് ഡി.ജി.പി ആരാഞ്ഞിരുന്നു. എന്നാല്‍ പലര്‍ക്കും സര്‍ക്കുലറിനെക്കുറിച്ച് അറിയുകപോലും ഇല്ലെന്നു മനസിലായ സാഹചര്യത്തിലാണ് പോലീസുകാര്‍ക്ക് ഇത്തരമൊരു ശിക്ഷ നല്‍കാന്‍ ഡി.ജി.പി തീരുമാനിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia