പാലക്കാട് സിപിഎമില്‍ വിഭാഗീയത രൂക്ഷം; മുഖ്യമന്ത്രിയെ ഇരുത്തി പൊലീസിനെ പൊരിച്ചു

 


പാലക്കാട്: (www.kvartha.com 01.01.2022) സിപിഎമില്‍ വിഭാഗീയത താരതമ്യേന ഇല്ലാതാകുമ്പോഴും പാലക്കാട് ജില്ലയില്‍ സ്ഥിതി വഷളാകുന്നു. ജില്ലയിലെ പ്രധാനനേതാവായ പി കെ ശശിയും അദ്ദേഹത്തെ എതിര്‍ക്കുന്നവരും തമ്മിലാണ് പോര്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുക്കുന്ന ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പൊലീസിനെതിരെ അതിരൂക്ഷമായി കടന്നാക്രമിച്ചു. പൊലീസ് സര്‍കാരിനെ പ്രതിരോധത്തിലാക്കുകയാണ്, പലയിടങ്ങളിലും നിയന്ത്രണമില്ല. ഇത് തിരുത്തണമെന്നും ഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെട്ടു. അതിന് പിന്നാലെയാണ് ജില്ലാ നേതാക്കള്‍ക്കും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമിറ്റി അംഗങ്ങള്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.
                      
പാലക്കാട് സിപിഎമില്‍ വിഭാഗീയത രൂക്ഷം; മുഖ്യമന്ത്രിയെ ഇരുത്തി പൊലീസിനെ പൊരിച്ചു

പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാനായി നിയമിച്ചതിന് പിന്നാലെ ദേശാഭിമാനി അടക്കമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കിയത് സംഘടനാവിരുദ്ധമാണെന്ന് എതിര്‍പക്ഷം ആരോപിച്ചു. ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ചടക്കനടപടിക്ക് വിധേയനായ ശശിയെ വേഗത്തില്‍ തിരിച്ചെടുത്തത് ശരിയല്ലെന്ന് പട്ടാമ്പി, പുതുശ്ശേരി ഏര്യാ കമിറ്റികള്‍ ചൂണ്ടിക്കാട്ടി. കണ്ണമ്പ്ര ഭൂമി ഇടപാടില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആക്ഷേപം ഉണ്ടായി. വിവാദത്തെ തുടര്‍ന്ന് ജില്ലാ സെക്രടറിയേറ്റ് അംഗം സി ചാമുവിനെ ജില്ലാ കമിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഒറ്റപ്പാലം സെർവീസ് സഹകരണ ബാങ്ക് അഴിമതിയില്‍ കൂടുതല്‍ നടപടികളുണ്ടായില്ല.

ജില്ലയിലെ സംസ്ഥാന കമിറ്റി നേതാക്കള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നില്ല, വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തതായി മാറുകയാണ്. താല്പര്യമുള്ളവരുടെ തോഴനായി ജില്ലാ സെക്രടറി പ്രവര്‍ത്തിക്കുന്നെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒരു കാലത്ത് വി എസ് ഗ്രൂപിന്റെ ഉരുക്കുകോട്ടയായിരുന്നു പാലക്കാട്. അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതിന് കുറച്ച് മുമ്പ് ജില്ലയിലെ വിഭാഗീയത ഏതാണ്ട് കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് പ്രാദേശികമായ ചേരിതിരിവ് രൂക്ഷമായി. പി കെ ശശിക്കെതിരായ വിവാദങ്ങളും പരാതിയും ഉയര്‍ന്ന് വന്നതും പിന്നീട് അച്ചടക്കനടപടി എടുത്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സെക്രടറിയേറ്റ് അംഗം എ കെ ബാലന്റെ ഭാര്യയെ ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള നീക്കം ഉണ്ടായതോടെ വലിയ എതിര്‍പ്പ് ഉണ്ടായി. ബാലന്റെ വീടിന് മുന്നില്‍ പോസ്റ്റെറുകളും പതിച്ചിരുന്നു. ഒടുവില്‍ പാര്‍ടി പ്രവര്‍ത്തകയെയാണ് മത്സരിപ്പിച്ചത്.


Keywords:  News, Kerala, Palakkad, Criticism, Police, CPM, Conference, Top-Headlines, CM, Pinarayi Vijayan, Minister, State, Deshabhimani, Media, Party, Politics, Criticism against police at Palakkad CPM conference.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia