Criticized | പിടി അയയുന്നു, പിണറായിക്ക് പാര്‍ടിയില്‍ നിന്നും പഴി; കണ്ണൂരിലെ നേതാക്കളും കൈവിടുന്നു


പാര്‍ടിയില്‍ എപ്പോഴും പിണറായിയുടെ കൂടെ മാത്രം നിന്ന കണ്ണൂരിലെ നേതാക്കള്‍ പോലും സംസ്ഥാന സര്‍കാരിനെതിരെയുള്ള ഭരണ വിരുദ്ധവികാരമാണ് തോല്‍വിക്കിടയാക്കിയതെന്ന വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്
സംസ്ഥാന മന്ത്രിമാരായ നേതാക്കള്‍ സര്‍കാരിനെയും പിണറായി വിജയനെയും ന്യായീകരിച്ചുവെങ്കിലും കേന്ദ്ര നേതൃത്വം ഇതിനെ പിന്തുണയ്ക്കാന്‍ തയാറായില്ലെന്നത് ശ്രദ്ധേയമാണ്
കനവ് കണ്ണൂര്‍
കണ്ണൂര്‍: (KVARTHA) പാര്‍ടിയിലും സര്‍കാരിലും തിരുവായ്ക്ക് എതിര്‍ വായില്ലാതെ വാണരുളിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നു. പാര്‍ടിയെ പിണറായി നയിച്ചാല്‍ വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേല്‍ക്കുമെന്ന ആശങ്കയാണ് സംസ്ഥാന കമിറ്റി യോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിലുണ്ടായ പൊതുവികാരം.
പാര്‍ടിയില്‍ എപ്പോഴും പിണറായിയുടെ കൂടെ മാത്രം നിന്ന കണ്ണൂരിലെ നേതാക്കള്‍ പോലും സംസ്ഥാന സര്‍കാരിനെതിരെയുള്ള ഭരണ വിരുദ്ധവികാരമാണ് തോല്‍വിക്കിടയാക്കിയതെന്ന വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പരോക്ഷമായി മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനമായാണ് ഇതിനെ വിലയിരുത്തുന്നത്. സംസ്ഥാന സര്‍കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ഇതോടെ പാര്‍ടിയിലെ ഭൂരിഭാഗം നേതാക്കളും തള്ളി കളയുന്നത്.
സംസ്ഥാന മന്ത്രിമാരായ നേതാക്കള്‍ സര്‍കാരിനെയും പിണറായി വിജയനെയും ന്യായീകരിച്ചുവെങ്കിലും കേന്ദ്ര നേതൃത്വം ഇതിനെ പിന്തുണയ്ക്കാന്‍ തയാറായില്ലെന്നത് ശ്രദ്ധേയമാണ്. എല്‍ഡിഎഫിനേറ്റ കനത്ത തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമര്‍ശനമുണ്ടെന്ന് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരിയും അഭിപ്രായപ്പെട്ടത് പിണറായിക്കുള്ള മുന്നറിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും പാര്‍ടി റിപോര്‍ടില്‍ പറയുന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി അഴിച്ചുവിട്ട പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിരോധത്തെയും പാര്‍ടി സംസ്ഥാന നേതൃത്വം തള്ളിപറഞ്ഞിരിക്കുകയാണ്.