വെള്ളാപ്പള്ളിയുടെ യോഗത്തിന് പോകാത്ത കെ വേണുവിനെ സിപിഎം ക്ഷണിക്കുന്നു, പാര്‍ട്ടിയിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 05.10.2015) എസ്എന്‍ഡിപി യോഗത്തിന്റെ ബുദ്ധിജീവി സംഗമത്തിനു പോകാന്‍ വിസമ്മതിച്ച് പരസ്യമായി രംഗത്തുവന്ന മുന്‍ നക്‌സല്‍ നേതാവ് കെ വേണുവിനെ സിപിഎം പാര്‍ട്ടി നേതൃനിരയിലേക്കു ക്ഷണിക്കുന്നു.

വേണു തയ്യാറായാല്‍ സിപിഎം അദ്ദേഹത്തെ അര്‍ഹമായ പരിഗണന നല്‍കി സ്വീകരിക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖനും പിബി അംഗവുമായ എം എ ബേബിയെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ നിയോഗിച്ചിരിക്കുന്നതെന്നാണു വിവരം. എന്നാല്‍ വേണുവിന്റെ പ്രതികരണം വ്യക്തമായിട്ടില്ല.

ബിജെപിയുമായി ബന്ധമുണ്ടാക്കാന്‍ തീരുമാനിച്ച ശേഷം ചര്‍ച്ചയ്ക്കു വിളിക്കുന്നതില്‍ കാര്യമില്ലെന്നും തനിക്ക് ഇത്തരം ബുദ്ധിജീവി സംഗമങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ വേണു വെള്ളാപ്പള്ളിയുടെ ക്ഷണം നിരസിച്ചത്. തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ അനുകൂലമായല്ല പ്രതികരിച്ചതെന്നും വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിങ്കളാഴ്ച ചേര്‍ത്തലയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ കെ വേണുവിനെയും ഉള്‍പ്പെടുത്തിയ പട്ടിക എസ്എന്‍ഡിപി യോഗം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇത് വളരെ സ്വാഗതാര്‍ഹമായ നിലപാടായാണ് സിപിഎം പരിഗണിക്കുന്നത്. സിപിഐ എംഎല്‍ നേതാവായിരുന്ന കാലം മുതല്‍ സിപിഎമ്മുമായി അകല്‍ച്ചയിലുള്ള കേരളത്തിലെ പ്രമുഖ ബുദ്ധിജീവിയാണ് കെ വേണു. അക്കാലത്ത് ഇഎംഎസുമായി വരെ ആശയ സംവാദത്തില്‍ കെ വേണു തിളങ്ങുകയും ചെയ്തിരുന്നു. സിപിഐ എംഎല്‍ വിട്ട ശേഷം ജെഎസ്എസില്‍ ചേര്‍ന്ന് 2001ലെ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

അതോടെ അദ്ദേഹം പാര്‍ലമെന്ററി രാഷ്ട്രീയം വിടുകയും ചെയ്തു. പിന്നീട് സമീക്ഷ എന്ന പേരില്‍
തൃശൂരില്‍ നിന്നു ദൈ്വവാരിക തുടങ്ങി. ഇപ്പോള്‍ എഴുത്തും ചില കരാര്‍ ജോലികളുമൊക്കെയായി കഴിയുന്ന വേണു ചാനല്‍ ചര്‍ച്ചകളിലും ലേഖനങ്ങളിലും സിപിഎമ്മിനെ കടന്നാക്രമിക്കാറില്ല.

ഇതു കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. നേരത്തേ സിപിഐ എംഎല്‍ റെഡ് ഫഌഗില്‍ നിന്നു സിപിഎമ്മിലേക്കു പോയവര്‍ക്ക് പാര്‍ട്ടി മികച്ച പരിഗണനയാണു നല്‍കിയത്.

യുവജനവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന കെ ടി കുഞ്ഞിക്കണ്ണനെ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ വരെ ഉള്‍പ്പെടുത്തി. അദ്ദേഹം കോഴിക്കോട്ടു സിപിഎം നടത്തുന്ന കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമാണ്. ഉറച്ച മതേതര നിലപാടുകളുള്ളവരും സംഘ്പരിവാര്‍ വിരുദ്ധരുമായ മുന്‍കാല നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് സിപിഎം കെ വേണുവിനെ സ്വീകരിക്കാന്‍ നീക്കം ആരംഭിച്ചത്.

വെള്ളാപ്പള്ളിയുടെ യോഗത്തിന് പോകാത്ത കെ വേണുവിനെ സിപിഎം ക്ഷണിക്കുന്നു, പാര്‍ട്ടിയിലേക്ക്


Also Read:
വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്

Keywords:  CPM to invite former naxalite leader K Venu to the party, Thiruvananthapuram, Conference, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia