വി.എസിനെ പുറത്താക്കല്‍; കൊതി മുന്നോട്ട്, ചുണ പിന്നോട്ട്

 


തിരുവനന്തപുരം: (www.kvartha.com 20/02/2015) കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനെ പുറത്താക്കാന്‍ സിപിഎം നീക്കം സജീവം. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന ഭീതി സിപിഎം നേതൃത്വത്തിനുണ്ട്.
സംഘടനാ സംവിധാനം മുഴുവനായും ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്ന് 14 ജില്ലാ സമ്മേളനങ്ങളും വ്യക്തമായി തെളിയിച്ചെങ്കിലും കണ്ണൂരിലൊഴികെ ഒരിടത്തും കാര്യമായ വി.എസ് വിരുദ്ധ വിമര്‍ശനങ്ങളോ പിണറായി സ്തുതികളോ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്‍പ്പെടെ പലയിടത്തും പിണറായി പറഞ്ഞവരല്ല അവസാനം കടന്നുകൂടിയത്.

പിണറായി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സമ്മേളനത്തില്‍ വി.എസിനെ പിണറായിയുടെ മുന്‍കൈയില്‍ പുറത്താക്കാന്‍ നടക്കുന്ന നീക്കത്തെ എതിര്‍ക്കാനും വി.എസിനൊപ്പം നില്‍ക്കാനും വേണ്ടിവന്നാല്‍ പുറത്തുപോകാനും തീരെക്കുറവല്ലാത്ത എണ്ണം പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാ തലങ്ങളിലുമുണ്ടായേക്കും എന്ന ആശങ്കയ്ക്ക് ഇതാണു കാരണം. കെ.ആര്‍ ഗൗരിയമ്മയും എം.വി രാഘവനും പുറത്തായപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അവര്‍ക്കൊപ്പം പോയിരുന്നു.
വി.എസിനെ പുറത്താക്കല്‍; കൊതി മുന്നോട്ട്, ചുണ പിന്നോട്ട്

എന്നാല്‍ അതിലും വലിയ കുത്തൊഴുക്കായിരിക്കാം വി.എസിനെ പുറത്താക്കിയാല്‍ ഉണ്ടാവുക എന്നതരം ചര്‍ച്ചകള്‍ ഔദ്യോഗിക പക്ഷത്ത് സജീവമാണ്. പാര്‍ട്ടിക്കാരല്ലാത്ത സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണ, ഇടതുപക്ഷവുമായി അടുത്തുനില്‍ക്കുന്ന പ്രമുഖ മാധ്യമങ്ങള്‍ പോലും സിപിഎം നേതൃത്വത്തെ തള്ളി വി എസിനൊപ്പം നില്‍ക്കുന്ന സ്ഥിതി എന്നിവയൊക്കെ ഔദ്യോഗിക നേതൃത്വത്തെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകപോലും ചെയ്യുന്ന കാര്യങ്ങളാണ്.

സംസ്ഥാന സമ്മേളന പ്രതിനിധികളുടെ മുന്നില്‍ വി.എസിനെ കൊച്ചാക്കാനും അപമാനിക്കാനും ഉദ്ദേശിച്ച് 30 പേജിലധികമാണു സമ്മേളന റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മുന്‍കൂട്ടി പുറത്തുവന്ന സാഹചര്യത്തില്‍ കാലേക്കൂട്ടി ഔദ്യോഗിക പക്ഷത്തെ പ്രതിക്കൂട്ടിലാക്കിയും കടന്നാക്രമിച്ചും വി.എസ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്ത് പത്രത്തില്‍ വരികയും ചെയ്തു. ഇതിനെ കടുത്ത അച്ചടക്ക ലംഘനമായി തുറന്നടിച്ച് പിണറായി നടത്തിയ വാര്‍ത്താ സമ്മേളനം, അതിന് വി.എസ് നല്‍കിയ രൂക്ഷ മറുപടി എന്നിവയുടെയൊക്കെ പശ്ചാത്തലത്തിലാണ് വിഎസിന് പുറത്തേക്കു വഴിയൊരുക്കാന്‍ ശ്രമിക്കുന്നതും പേടിച്ചറച്ച് നില്‍ക്കുന്നതും.

വി.എസ് ആകട്ടെ തനിയെ പുറത്തുപോകാന്‍ പല സന്ദര്‍ഭങ്ങളുമുണ്ടായപ്പോഴൊന്നും പോകാതിരിക്കുകയും പുറത്താക്കുന്ന ഘട്ടമെത്തിയപ്പോഴൊക്കെ നേതൃത്വത്തോട് ഒത്തുതീര്‍പ്പിലെത്തി പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കുകയുമാണ്. അതിന്റെ അവസാനത്തെ ഊഴം കഴിഞ്ഞുവെന്ന സൂചനകളാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്നു പുറത്തുവരുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, V.S Achuthanandan, CPM, Pinarayi Vijayan, Thiruvananthapuram, CPM to expel VS; but this is a big but.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia