വെള്ളാപ്പള്ളിയുടെ സംഘ്പരിവാര്‍ ബാന്ധവം പൊളിക്കാന്‍ വന്‍ ക്യാംപെയ്‌നുമായി സിപിഎം ഇറങ്ങുന്നു

 


തിരുവനന്തപുരം: (www.kvartha.com30.07.2015) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് രാഷ്ട്രീയ സഖ്യനീക്കത്തിനു പച്ചക്കൊടി കാണിച്ചതിനെതിരെ ഈഴവ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ സിപിഎം ഇറങ്ങുന്നു.

ശ്രീനാരായണ ഗുരുവിന്റെ മതേതര നിലപാടുകളുടെ പാരമ്പര്യമുള്ള എസ്എന്‍ഡിപി യോഗത്തെ വര്‍ഗ്ഗീയ സംഘടനയായ ആര്‍എസ്എസിനു വിഴുങ്ങാന്‍ വിട്ടുനല്‍കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു വന്‍ ക്യാംപെയ്ന്‍ വരുന്നത്.

സംസ്ഥാനത്തെ ഈഴവ സമുദായത്തില്‍ ഇപ്പോഴും വന്‍ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയായ  സിപിഎമ്മിലേക്ക് തിരിച്ചെത്തുന്ന പ്രമുഖ നേതാവ് കെ ആര്‍ ഗൗരിയമ്മയെ മുന്നില്‍ നിര്‍ത്തിയായിരിക്കും ഇത്. എസ്എന്‍ഡിപിയുടെ സ്വാധീന മേഖലകളില്‍ വലിയ സ്വീകാര്യതയുള്ള നേതാവാണ് ഈഴവ സമുദായാംഗമായ ഗൗരിയമ്മ. 20 വര്‍ഷം മുമ്പ് അവരെ പുറത്താക്കിയപ്പോള്‍ ഏറ്റവുമധികം പ്രതിഷേധമുയര്‍ന്നത് ഈഴവ സമുദായത്തില്‍ നിന്നായിരുന്നു. ജെഎസ്എസ് രൂപീകരിച്ചപ്പോള്‍ അവരുടെ കൂടെ നിന്ന പ്രബല വിഭാഗവും ഈഴവരാണ്. ആഗസ്റ്റ് 19നാണ് ഗൗരിയമ്മ ഔദ്യോഗികമായി സിപിഎമ്മില്‍ ചേരുന്നത്. അതൊരു മഹാ സമ്മേളനമാക്കാനുള്ള തയ്യാറെടുപ്പുകള്‍ സിപിഎം തുടങ്ങിക്കഴിഞ്ഞു.

ആ സമ്മേളനം വെള്ളാപ്പള്ളി നടേശന്റെ ബിജെപിയുമായുള്ള ഒത്തുതീര്‍പ്പിനെതിരായ പരസ്യ പ്രഖ്യാപനം കൂടിയായിരിക്കുമെന്നാണു വിവരം. ഈഴവ സമുദായത്തിലെ വെള്ളാപ്പള്ളി വിരുദ്ധരില്‍ പ്രമുഖരായ ഗോകുലം ഗോപാലന്‍, ബിജു രമേശ് തുടങ്ങിയവരുമായും കൈകോര്‍ത്ത് സംഘ്പരിവാര്‍-വെള്ളാപ്പള്ളി കൂട്ടുകെട്ടിനെതിരെ ആസൂത്രിത പരിപാടികള്‍ സിപിഎം സംഘടിപ്പിക്കും. വീടുവീടാന്തരം കയറിയിറങ്ങി സിപിഎം സ്‌ക്വാഡുകള്‍ ബോധവല്‍ക്കരം നടത്തും.

വെള്ളാപ്പള്ളിയുടെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും കച്ചവട താല്‍പര്യങ്ങള്‍ക്കു വേണ്ടി സമുദായത്തെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള നീക്കമായാണ് സിപിഎം ഇപ്പോഴത്തെ ശ്രമങ്ങളെ കാണുന്നത്. മുമ്പ് എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബിജെപിയുമായി അടുത്തുനിന്ന വെള്ളാപ്പള്ളി പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവരുമായാണ് അടുപ്പം പുലര്‍ത്തിയതെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നാക്ക സമുദായക്കാരനെന്നു വിശേഷിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത് പിന്നാക്ക വിഭാഗങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ലെന്നാണു വാദം. പിന്നാക്ക സംവരണത്തെ എതിര്‍ക്കുന്ന എന്‍എസ്എസുമായി കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളി മടിച്ചിട്ടില്ലെന്നു സിപിഎം ഓര്‍മിപ്പിക്കുന്നു.

അതേസമയം, എന്‍എസ്എസ് നേതൃത്വം ബിജെപിയെ അകറ്റി നിര്‍ത്തുന്നതുകൊണ്ട് അവരെ ആക്രമിക്കാതെയുള്ള പ്രചാരണമാണു സിപിഎം നടത്തുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia