സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകം; പിന്നില്‍ ആര്‍ എസ് എസ് - ബി ജെ പി സംഘം; ഗൂഢാലോചന കണ്ടെത്തണമെന്ന് കോടിയേരി

 


തിരുവനന്തപുരം: (www.kvartha.com 03.12.2021) തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ അരുംകൊല ആസൂത്രിതമാണെന്ന് പറഞ്ഞ കോടിയേരി ആര്‍എസ്എസ് ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും ഗൂഢാലോചന കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകം; പിന്നില്‍ ആര്‍ എസ് എസ് - ബി ജെ പി സംഘം; ഗൂഢാലോചന കണ്ടെത്തണമെന്ന് കോടിയേരി

2016നു ശേഷം കേരളത്തില്‍ സിപിഎമിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപി-ആര്‍ എസ് എസ് സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം കേരളത്തില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതായും വിവിധ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 588 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും കോടിയേരി ആരോപിച്ചു. ഇത്തരം കൊലപാതകങ്ങള്‍ നടത്തി സിപിഎമിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമിന്റെ മുദ്രാവാക്യമല്ലെന്നും കോടിയേരി വ്യക്തമാക്കി.

കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞ കോടിയേരി ഇവരെ അമര്‍ച ചെയ്യാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആര്‍എസ്എസ് ഉയര്‍ത്തുന്ന പ്രകോപനത്തില്‍ അകപ്പെട്ടു പോകാതെ പ്രതിഷേധിക്കണം. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. മുസ്ലീം, ക്രിസ്ത്യന്‍, എസ് സി എസ് ടി എന്നിവര്‍കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരേയും അവരുടെ ആരാധാനാലയങ്ങള്‍കെതിരേയും മുന്നൂറില്‍പരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. അസമിലും ഉത്തര്‍ പ്രദേശിലും ന്യൂനപക്ഷങ്ങള്‍കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കേന്ദ്രകമിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബര്‍ ഏഴിന് കേരളത്തിലെ ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  CPM Secretary Kodiyeri Balakrishnan slams RSS BJP Political violence in Kerala, Thiruvananthapuram, News, Kodiyeri Balakrishnan, Criticism, BJP, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia