ആറളം ഫാം പുനരധിവാസം; സിപിഎം തുടികൊട്ടി സമരം പിന്‍വലിച്ചു

 



കാസര്‍കോട്: (www.kvartha.com 23/01/2015) ആറളം ഫാമിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 12 ദിവസമായി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സിപിഎം നടത്തുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.  മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍, പി.കെ. ജയലക്ഷ്മി, കണ്ണൂര്‍ കലക്ടര്‍, കണ്ണൂര്‍ ജില്ലയിലെ എം.എല്‍.എമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ കടക്കുന്നത് തടയുന്നതിന് സംരക്ഷണ മതില്‍ ഉയര്‍ത്താന്‍ യോഗത്തില്‍ ധാരണയായി. മൂന്ന് കിലോ മീറ്റര്‍ നീളത്തില്‍ കിടങ്ങും, മൂന്ന് കിലോ മീറ്റര്‍ നീളത്തില്‍ ഇരുമ്പ് വേലിയുമാണ് സ്ഥാപിക്കുന്നത്. 240 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ആദിവാസികളെ ഫാമില്‍ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ആറളം ഫാമില്‍ ഭൂമി അനുവദിക്കപ്പെട്ട മുഴുവന്‍ ആദിവാസികള്‍ക്കും അടച്ചുറപ്പുള്ള വീട് നല്‍കുന്നതിനായി ഒരു കോടി രൂപ അടിയന്തിരമായി അനുവദിക്കും. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കും. വയനാട്ടില്‍ നിന്ന് ആറളത്തേക്ക് വന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടില്ല. അവര്‍ക്ക് പെട്ടെന്ന് തന്നെ റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളെടുക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരത്തില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളുമായി ആലോചിച്ച് സമരം അവസാനിപ്പിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പ്രഖ്യാപിക്കുന്നതിനായി സമര നേതാക്കള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
ആറളം ഫാം പുനരധിവാസം; സിപിഎം തുടികൊട്ടി സമരം പിന്‍വലിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Aralam Farm, Rehabilitation, CPM, Strike, Kerala, Kannur, Kasaragod, Chief Minister, Meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia