CPM ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത രൂക്ഷം; ഏരിയാസെക്രട്ടറിയടക്കം അഞ്ചുപേര്‍ തോറ്റു

 


CPM ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത രൂക്ഷം; ഏരിയാസെക്രട്ടറിയടക്കം അഞ്ചുപേര്‍ തോറ്റു
C.Balan (CPM Bedakam Area  Secretary)
കാസര്‍കോട്: വിഭാഗീയതയെ തുടര്‍ന്ന് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ ബേഡകം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലില്‍ മത്സരിച്ച ഏരിയാ സെക്രട്ടറിയടക്കം അഞ്ചുപേര്‍ തോറ്റു. പുതിയ ഏരിയാ സെക്രട്ടറിയായി മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സി ബാലനെ തിരഞ്ഞെടുത്തു. ബേഡകം ഏരിയാ സെക്രട്ടറിയായിരുന്ന മുന്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് സി ദിവാകരന്‍, പാലക്കി ചന്ദ്രന്‍, ബി രാഘവന്‍, കെ അമ്പു, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്ററുടെ മകന്‍ ജി രാജേഷ്ബാബു എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്നും തോറ്റത്.
എതിരായി മത്സരിച്ച മുന്‍ എം.എല്‍.എ പി രാഘവനെ അനുകൂലിക്കുന്ന വിഭാഗത്തില്‍പ്പെട്ട എ കെ ജോസ്, എന്‍ ടി ലക്ഷ്മി, രാധാകൃഷ്ണന്‍ ചാളക്കാട്, ഇ കുഞ്ഞിരാമന്‍, കെ എന്‍ രാജന്‍ എന്നിവരാണ് ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാസര്‍കോട് ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി അപ്പയെ ഒഴിവാക്കി ഓമനാ രാമചന്ദ്രനെ ഉള്‍പ്പെടുത്തി 17 അംഗപാനലാണ് ഔദ്യോഗിക വിഭാഗം ഏരിയാ നേതൃത്വം അവതരിപ്പിച്ചത്. ഈ പാനലിനെതിരെയാണ് മുന്‍ എം.എല്‍.എ യെ അനുകൂലിക്കുന്ന അഞ്ചുപേര്‍ മത്സരരംഗത്തുവന്നത്. സമ്മേളനത്തിന്റെ തുടക്കം മുതല്‍തന്നെ വിഭാഗീയത പ്രകടമായിരുന്നു. പരസ്യവോട്ടുപിടുത്തവും മറ്റും നടന്നതായി ആക്ഷേപമുണ്ട്. പി രാഘവനെ അനുകൂലിക്കുന്ന ഒരുവിഭാഗവും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്ററെ അനുകൂലിക്കുന്ന മറുവിഭാഗവും കാലങ്ങളായി വിഭാഗീയ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കഴിഞ്ഞ ഏരിയാ കമ്മിറ്റിയിലുണ്ടായിരുന്ന ആറ് അംഗങ്ങളെ പാര്‍ട്ടി ജില്ലാ കമ്മിറ്റി പരസ്യമായി താക്കീത് ചെയ്തിരുന്നു. അതേസമയം സമ്മേളനത്തില്‍ വിഭാഗീയത ചൂണ്ടിക്കാണിച്ച് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്റര്‍ സമ്മേളനം നിര്‍ത്തിവെക്കാനും തിരഞ്ഞെടുപ്പ് റദ്ദാക്കാനും ആവശ്യപ്പെട്ടുവെങ്കിലും സമ്മേളനത്തിന് ചുക്കാന്‍പിടിച്ച ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, പി രാഘവന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു. വിഭാഗീയത ചൂണ്ടിക്കാണിച്ച് ഗോപാലന്‍ മാസ്റ്റര്‍ അനുകൂലികള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ പരില്‍ മനംമടുത്ത പി ഗോപാലന്‍ മാസ്റ്റര്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മത്സരത്തില്‍ തോറ്റ ഏരിയാ സെക്രട്ടറി പി ദിവാകരന്‍ ജില്ലാ കമ്മിറ്റി അംഗത്വം രാജിവെച്ചതായും അഭ്യൂഹമുയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, CPM, CPI, Bedakam, Kuttikol, സി.പി.എം, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia