കെ എം ഷാജിക്കെതിരെ ആക്രമണം ശക്തമാക്കി സി പി എം സൈബര്‍ സഖാക്കള്‍: മണ്ഡലത്തെ തിരിഞ്ഞു നോക്കാറില്ലെന്ന് വിമര്‍ശനം

 


കണ്ണൂര്‍: (www.kvartha.com 17.04.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച അഴീക്കോട് മണ്ഡലം എം എല്‍ എയ്‌ക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തി സൈബര്‍ സഖാക്കള്‍ . സി പി എം പ്രവര്‍ത്തകരുടെയും പോഷക സംഘടനകളുടെയും അനുഭാവികളുടെയും ഗ്രൂപ്പുകളില്‍ കെ എം ഷാജിയെ തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഷാജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങ്ങുകളും ട്രോളുകളും സജീവമാണ്. ഇതിനിടെയില്‍ ചിലര്‍ ഷാജിയുടെ മണ്ഡലമായ അഴീക്കോടെത്തി ഫെയ്‌സ് ബുക്ക് ലൈവ് ഇട്ടു തുടങ്ങിയിട്ടുണ്ട്. അഴീക്കോട്ടെ വികസന മുരടിപ്പു തന്നെയാണ് വിഷയം. ഒരു എം എല്‍ എ യെന്ന നിലയില്‍ കെ എം ഷാജി വന്‍ പരാജയമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്.


മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എം എല്‍ എ കെ എം ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ കാണാന്‍ പോലും കിട്ടാറില്ലെന്നു മണ്ഡലത്തിലെ ജനങ്ങള്‍ പരാതി പറയുന്നതാണ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറത്തു വരുന്നത്.

കമ്മ്യൂണിറ്റി കിച്ചനിലേക്ക് എം എല്‍ എ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സി പി എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണകര്‍ത്താക്കളും ചൂണ്ടിക്കാട്ടുന്നു. സ്വന്തം കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്ന എംഎല്‍എ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നു സി പി എം അനുഭാവമുള്ള വോട്ടര്‍മാര്‍ പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഓരോ നിയമസഭ മണ്ഡലങ്ങളിലും സ്ഥലം എംഎല്‍എമാര്‍ക്കാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന് പറഞ്ഞ കെ എം ഷാജി എം എല്‍ എ സ്വന്തം മണ്ഡലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനാണ് തങ്ങള്‍ അഴീക്കോട് വരെ പോയതെന്ന് സൈബര്‍ സഖാക്കള്‍ പറയുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം കൈ കോര്‍ത്ത് നല്ല നിലയില്‍ മുന്നോട്ട് പോകുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് സ്ഥലം എംഎല്‍എ കെ എം ഷാജി ഒരു തവണ പോലും വന്നില്ലെന്ന് മാത്രമല്ല ഫോണില്‍ പോലും വിളിച്ച് വിവരം ആരാഞ്ഞില്ലെന്ന് ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി.

സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള കെ എം ഷാജി എം എല്‍ എ യുടെ തെറ്റായ പ്രചാരണം അഴീക്കോട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണെന്നും ഇദ്ദേഹം പറഞ്ഞു.
കെ എം ഷാജിക്കെതിരെ ആക്രമണം ശക്തമാക്കി സി പി എം സൈബര്‍ സഖാക്കള്‍: മണ്ഡലത്തെ തിരിഞ്ഞു നോക്കാറില്ലെന്ന് വിമര്‍ശനം

സ്വന്തം മണ്ഡലത്തില്‍ ഉപകാരം ഒന്നും ചെയ്തില്ലെങ്കിലും സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കരുത് എന്നാണ് കെ എം ഷാജിയോട് പിണറായി ആരാധകരായ സൈബര്‍ സഖാക്കളുടെ മുന്നറിയിപ്പ്.

Keywords:  CPM against K M Shaji, Kannur, News, Politics, CPM, Facebook, Press meet, Chief Minister, Pinarayi vijayan, MLA, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia