Couple Missing | ഫോടോ എടുക്കുന്നതിനിടെ അപകടം; വിവാഹ വിരുന്നിന് ബന്ധുവീട്ടിലെത്തിയ നവദമ്പതികളെ പുഴയില്‍ വീണ് കാണാതായി
Jul 30, 2023, 08:28 IST
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലം പള്ളിക്കലില്‍ വിവാഹ വിരുന്നിന് ബന്ധുവീട്ടിലെത്തിയ നവദമ്പതികളെ പുഴയില്‍ കാണാതായി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ (20) എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.
ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, കൂടെയുണ്ടായിരുന്ന ബന്ധു മുങ്ങി മരിച്ചു. പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നുലാബ്ദീന്‍- ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ ഖാന്‍ (22) ആണ് മരിച്ചത്. പള്ളിക്കല്‍ പഞ്ചായത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയിലാണ് ദാരുണ സംഭവം.
സിദ്ദിഖും നൗഫിയയും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കഴിഞ്ഞ 16 നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം നടന്നത്. കൊല്ലം ഇളമാട് പഞ്ചായതില്‍നിന്ന് വിവാഹം രെജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ടിഫികറ്റ് വാങ്ങിയ ശേഷമാണ് ദമ്പതികള്‍ ശനിയാഴ്ച (29.07.2023) ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.
ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ രണ്ട് ബൈകുകളിലായി പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെയുള്ള പാറയില്‍നിന്ന് സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കല്‍ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് അന്‍സല്‍ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും കാണാതായ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Newlyweds, Couple, Drowned, Missing, River, Thiruvananthapuram: Newlyweds are missing in the river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.