Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകണം; സംഘടനാ തെരഞ്ഞെടുപ്പ് പാര്‍ടിക്ക് ഗുണം ചെയ്യും; വോടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും ശശി തരൂര്‍
Sep 11, 2022, 11:07 IST
തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരമുണ്ടാകണമെന്ന് ഡോ.ശശി തരൂര്‍ എംപി. സംഘടനാ തെരഞ്ഞെടുപ്പ് പാര്‍ടിക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 22നാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രികാ സമര്‍പണം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടാണ്. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17നു തെരഞ്ഞെടുപ്പു നടക്കും.
ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വോടവകാശമുള്ളവര്‍ക്കും മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും വോടര്‍പട്ടിക നല്‍കണമെന്നു ശശി തരൂര്‍ അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരുടെ ആവശ്യം തെരഞ്ഞെടുപ്പു സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അംഗീകരിച്ചിരുന്നില്ല.
പട്ടിക പ്രസിദ്ധീകരിക്കില്ലെന്നും വോടര്‍മാരുടെ വിവരങ്ങള്‍ ഈ മാസം 20 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതുവരെ തന്റെ ഓഫിസില്‍ വന്നു പരിശോധിക്കാമെന്ന് അഞ്ച് എംപിമാരെയും മിസ്ത്രി അറിയിച്ചിരുന്നു. ശശി തരൂര്‍, കാര്‍ത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബൊര്‍ദൊലോയ്, അബ്ദുല്‍ ഖലീഖ് എന്നിവരാണ് കത്തയച്ചത്. ഇതില്‍ തരൂരും മനീഷ് തിവാരിയും ജി 23 ഗ്രൂപിലുണ്ടായിരുന്നവരാണ്.
പത്രികകള്‍ മുഖ്യ വരണാധികാരിക്കു കൈമാറുമ്പോള്‍ സമ്പൂര്‍ണ വോടര്‍പട്ടികയും നല്‍കുമെന്നാണ് എഐസിസി അറിയിച്ചത്. വിശദീകരണം തൃപ്തികരമാണെന്നു തരൂരും കത്തയച്ച മറ്റൊരാളായ കാര്‍ത്തി ചിദംബരവും പ്രതികരിച്ചിരുന്നു. ഈ മാസം ആറിനാണു മിസ്ത്രിക്കു ഇതുസംബന്ധിച്ച് നേതാക്കള്‍ കത്തയച്ചത്. തരൂരും ബൊര്‍ദൊലോയിലും സെപ്റ്റംബര്‍ രണ്ടിനും ഈ ആവശ്യമുന്നയിച്ചു കത്തു നല്‍കിയിരുന്നു. നേരത്തേ തങ്ങള്‍ ഉന്നയിച്ച ആവശ്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നു രണ്ടാമത്തെ കത്തില്‍ പറയുന്നു.
വിവരം പുറത്തുവന്നതോടെ മിസ്ത്രിയുമായി തരൂര്‍ ഫോണില്‍ സംസാരിച്ചു. കത്ത് സ്വകാര്യമായിരുന്നു. വിശ്വസ്തരായ പാര്‍ടി പ്രവര്‍ത്തകര്‍ എന്ന നിലയ്ക്കു വിഷയത്തില്‍ വ്യക്തത തേടുകയാണു ചെയ്തതെന്നും ഏറ്റുമുട്ടലല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വോടര്‍പട്ടിക പാര്‍ടിയുടെ ആഭ്യന്തര രേഖയാണെന്നും അതതു പിസിസി ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് എഐസിസി നിലപാട്. ഇതു വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.
Keywords: Congress presidential polls: Mistry responds to letter by MPs’ transparency appeal, Shashi Tharoor says ‘satisfied’, Thiruvananthapuram, News, Politics, Congress, Trending, Shashi Taroor, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.