Chief Minister | ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിര്‍ഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
CM Pinarayi Vijayan About Kerala Police,   Thiruvananthapuram, News, CM Pinarayi Vijayan, Kerala Police, Niyamasabha, Politics, Kerala News
CM Pinarayi Vijayan About Kerala Police,   Thiruvananthapuram, News, CM Pinarayi Vijayan, Kerala Police, Niyamasabha, Politics, Kerala News


ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് കാര്യക്ഷമമായ ഇടപെടല്‍

പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും പൊലീസ് നടത്തിയ ഇടപെടല്‍ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വളരെയധികം മാറ്റം കൊണ്ടുവരാനിടയാക്കി

തിരുവനന്തപുരം: (KVARTHA) ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനിടെ എല്‍ഡിഎഫ് സര്‍കാരിന്റെ നേട്ടങ്ങളും പൊലീസിനുണ്ടായ പുരോഗതിയും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് ഏറ്റവും അവശ്യ ഘടകമായ സമാധാനാപൂര്‍ണ്ണമായ അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതിനോടൊപ്പം സുരക്ഷയോടും സമാധാനത്തോടും ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വര്‍ഷക്കാലയളവില്‍ ആഭ്യന്തര വകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭാവനാപൂര്‍ണ്ണമായ നടപടികളുടെ ഫലമായിട്ടാണ് ഇത് സംഭവിച്ചത്. എട്ടു  വര്‍ഷം മുമ്പ് പൊലീസിനെക്കുറിച്ചുണ്ടായിരുന്ന ധാരണയല്ല, ഇന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും പൊലീസ് നടത്തിയ ഇടപെടല്‍ പൊലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വളരെയധികം മാറ്റം കൊണ്ടുവരാനിടയാക്കി. 

ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിര്‍ഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി എന്ന് മാത്രമല്ല, സംസ്ഥാനത്തെ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദ വയോജന സൗഹൃദവും ശിശുസൗഹൃദവുമായി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനായിട്ടുണ്ട്. അതോടൊപ്പം മതനിരപേക്ഷതയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ പൊലീസിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം സാധിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയത്തക്കതാണ്. 

ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലാണ് ഉണ്ടായത്. അതുകൊണ്ടാണ് രാജ്യത്തെ മറ്റു പല ഇടങ്ങളിലും വര്‍ഗ്ഗീയത ഫണം വിടര്‍ത്തി ആടിയപ്പോഴും മതനിരപേക്ഷതയുടെ ഉരുക്കുകോട്ടയായി കേരളം നിലകൊണ്ടത്. ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ സമാധാനപരമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായി എന്നതുമാത്രമല്ല, വളരെ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ പോലും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് പോറലേല്‍പ്പിക്കുന്ന വിധമുള്ള ഒരു സംഭവം പോലും സംസ്ഥാനത്ത് ഉണ്ടായില്ലായെന്നത് അഭിമാനത്തോടെ തന്നെ പറയാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പൊലീസ് നല്ല രീതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തും, പഴുതടച്ച കേസന്വേഷണ പ്രക്രിയയും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുക വഴിയും, ഒരിക്കലും തെളിയില്ലെന്നു കരുതിയ ചില കേസുകള്‍ തെളിയിക്കാനായി. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ എത്രയോ പ്രതികള്‍ കല്‍ത്തുറുങ്കിലായി. 

സ്ത്രീസുരക്ഷ

വീട്ടിനുള്ളിലും പൊതുഇടങ്ങളിലും സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുക എന്നത് കണക്കിലെടുത്തുള്ള പദ്ധതികളാണ് പൊലീസ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്. വനിതാ പൊലീസ് സ്റ്റേഷനുകള്‍ക്ക് സാധാരണ പൊലീസ് സ്റ്റേഷനുകളുടെ എല്ലാ അധികാരങ്ങളും നല്‍കിയിട്ടുമുണ്ട്. പരാതിക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതികള്‍ അറിയിക്കുവാന്‍ സഹായിക്കുന്ന വനിതാ സെല്ലുകള്‍, അപരാജിത, നിഴല്‍, വനിതകള്‍ക്കായുള്ള സ്വയംപ്രതിരോധ പരിശീലനങ്ങള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലതാണ്. 

ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും പരാതികളില്‍ ഇരയുടെ ഭാഗത്തുനിന്നുകൊണ്ട് നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിനുള്ളത്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് നിലവിലുണ്ട്. പൊലീസിന്റെ പിങ്ക് പട്രോള്‍, ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ എന്നിവയ്ക്ക് പുറമേ മാനസികമായ പിന്തുണ ഉറപ്പാക്കുന്ന പ്രത്യേക കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സൈബര്‍ ലോകത്തും സ്ത്രീകള്‍ വ്യാപകമായി ചൂഷണത്തിന് വിധേയമാക്കപ്പെടുന്നുണ്ട്. അത്തരം ചതിക്കുഴികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനോടൊപ്പം അപകടങ്ങള്‍ തിരിച്ചറിയുന്നതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും, മൊബൈല്‍ ആപ്പുകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിവരുന്നുണ്ട്. 


സൈബര്‍ കുറ്റകൃത്യങ്ങള്‍ 

സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വ്യാപനം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഇത് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അന്വേഷണ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കത്തക്ക നിലയിലാണ് ലോകത്തെമ്പാടും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്. 

കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ പല നിലകളില്‍പ്പെട്ടവര്‍ ഇതിന്റെ ഇരകളായി തീരുന്നുണ്ട്. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ അതിവേഗം കണ്ടെത്തുന്നതിനുമായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു സൈബര്‍ പൊലീസ് ഡിവിഷന്‍ ആരംഭിച്ചത്. 

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളത്തും കോഴിക്കോടും ഓരോ സൈബര്‍ഡോം വീതവും ആരംഭിച്ചിട്ടുണ്ട്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം നല്‍കുക എന്നത് ഇത്തരം കുറ്റകൃത്യങ്ങളില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും അനിവാര്യമായ കാര്യമാണ്. 

ഇത് മുന്‍നിര്‍ത്തി പരമാവധി താഴെത്തലം മുതല്‍ മുകള്‍തട്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നല്‍കുക എന്നത് പ്രധാനമാണ്. അത്തരം പരിശീലനം നേടിയ നിരവധി പേര്‍ ഇന്ന് സേനയുടെ ഭാഗമായി ഉണ്ട്. ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. 1930 - സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കേരളത്തിലും വ്യാപകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിനെ ചെറുക്കാന്‍ 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ പൊലീസ് ആരംഭിച്ചത്. 

നിരവധി പേര്‍ക്ക് ഇത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. 2024 ഏപ്രില്‍ വരെ ഈ നമ്പറിലേക്ക് 13,239 പരാതികളാണ് ലഭിച്ചത്. ആകെ 197.62 കോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികള്‍ വഴി നഷ്ടപ്പെട്ടതായി കണക്കാക്കിയിട്ടുള്ളത്. അതില്‍ 29.49 കോടി രൂപ വീണ്ടെടുക്കാനായി. തട്ടിപ്പുമായി ബന്ധപ്പെട്ട 10,094 ബാങ്ക് അകൗണ്ടുകളും 7290 സിം കാര്‍ഡുകളും 10,418 ഉപകരണങ്ങളും 7,126 വെബ് സൈറ്റുകളും 3,900 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും 476 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കാനും സൈബര്‍ പൊലീസിന് കഴിഞ്ഞു. 

സൈബര്‍ ഡിവിഷന്റെ കീഴില്‍ നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സൈബര്‍വാള്‍ പ്രോജക്ട് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഈ പ്രോജക്ട് പൂര്‍ണ്ണമായും നടപ്പാക്കിവരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ നമ്പറുകള്‍, സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍, യു ആര്‍ എലുകള്‍ എന്നിവ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യം ഉണ്ടാകും. ഇതു പൊലീസിന്റെ PolAPP മൈബൈല്‍ ആപ്ലിക്കേഷനുമായി സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഡ്രോണ്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബ് 

ഡ്രോണുകള്‍ സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ഭീഷണി മറികടക്കുന്നതിനും അവയെ കണ്ടെത്തി തകര്‍ക്കുന്നതിനും ഡ്രോണ്‍ ഫോറന്‍സിക് ലാബ് വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ സേനയാണ് കേരളാ പൊലീസ്. സൈബര്‍ ഡോമിന് കീഴില്‍ 2021ലാണ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് & റിസര്‍ച്ച് സെന്റര്‍ (Drone Forensic Lab & Research Centre) സ്ഥാപിച്ചത്. 

ആന്റിഡ്രോണുകള്‍, നിരീക്ഷണ ഡ്രോണുകള്‍, വിവിഐപി സുരക്ഷയ്ക്ക് ആവശ്യമുളള Mobile AntiDrone System തുടങ്ങിയവയുടെ നിര്‍മ്മാണം ഇവിടെ പുരോഗമിച്ചുവരുന്നു. ഇതിനുപുറമെ ഡ്രോണ്‍ എക്‌സ് (DroneX) എന്ന പേരിലൊരു ഫോറന്‍സിക് സോഫ് റ്റ് വെയറും, ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി-സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ സൈബര്‍ഡോം ഗ്രാന്‍പെല്‍ (GRANPEL) എന്ന സോഫ് റ്റ് വെയറും കേരള പൊലീസ് സൗജന്യമായി വികസിപ്പിച്ചെടുത്തു. 

സൈബര്‍ കേസുകള്‍ - നേട്ടങ്ങള്‍, ഡീപ്പ് ഫേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 


ഡീപ്പ് ഫേക്ക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഫെയ്ക്ക് വീഡിയോ നിര്‍മ്മിച്ച് പണം തട്ടിയെടുത്ത രാജ്യത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. തികച്ചും മാതൃകാപരമായ അന്വേഷണമാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിപ്പ് സംഘത്തെ പിടികൂടിയെന്നത് മാത്രമല്ല, നഷ്ടപ്പെട്ട തുക മുഴുവന്‍ വീണ്ടെടുക്കാനുമായി എന്നത് അഭിമാനകരമായ സംഗതിയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില വിദേശ സംഘങ്ങളെയും ഇക്കാലയളവില്‍ പിടികൂടാന്‍ കേരള പൊലീസിനായി. 

തൃശ്ശൂരില്‍ വിദേശ സംഘങ്ങള്‍ക്കായി സിം ആക്ടിവേറ്റ് ചെയ്ത് നല്‍കുന്ന പ്രതിയെയും, ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിവന്ന കമ്പോഡിയന്‍ സംഘത്തിലെ പ്രധാനിയേയും കേരള പൊലീസിന് അറസ്റ്റ് ചെയ്യാനായി. സിം കാര്‍ഡ് തട്ടിപ്പ് മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ അംഗീകൃത ഏജന്റുമാരെ സ്വാധീനിച്ച്, സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന സംഘത്തെ പൊലീസ് പിടികൂടി. 

ഇത്തരത്തില്‍ സിംകാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കുന്ന കര്‍ണ്ണാടക സ്വദേശിയെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 40,000ത്തിലധികം സിം കാര്‍ഡുകളും നൂറോളം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെ ഹരിയാനയില്‍ നിന്നും പിടികൂടി. 

ആര്‍സിസിയിലെ 'റാന്‍സംവെയര്‍' അറ്റാക്ക് 

തിരുവനന്തപുരം ആര്‍സിസിയില്‍ ഉണ്ടായ 'റാന്‍സംവെയര്‍' അറ്റാക്കില്‍ കൃത്യമായി ഇടപെടാനും ചുരുങ്ങിയ സമയം കൊണ്ട് അറ്റാക്ക് ബാധിക്കപ്പെട്ട സെര്‍വറുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനും നമ്മുടെ സൈബര്‍ പൊലീസിനായി. രോഗബാധിതര്‍ക്ക് റേഡിയേഷന്‍ നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന സെര്‍വറുകള്‍ ആക്രമിക്കപ്പെടുകയും അതിലെ ഫയലുകള്‍ ഇന്‍ക്രിപ്റ്റ് ചെയ്യുകയും വീണ്ടും തുറന്ന് നല്‍കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തതാണ് സൈബര്‍ അറ്റാക്ക്. 

ഇത് സംബന്ധിച്ച സൈബര്‍ കേസ് പൊലീസ് അന്വേഷിച്ചുവരുന്നു. വിദ്യാര്‍ത്ഥികളെ മൊബൈല്‍ ആസക്തിയില്‍ നിന്നും മുക്തരാക്കുന്നതിന് ആറ് നഗരങ്ങളില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 

ചൈല്‍ഡ് പോണോഗ്രാഫി 

സൈബര്‍ ഡിവിഷന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ 2023-2024 ല്‍ ചൈല്‍ഡ് പോണോഗ്രാഫി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് 'ജഹണ്ടുകള്‍' നടത്തി. 1,892 സെര്‍ച്ചുകളിലൂടെ 704 ഡിവൈസുകള്‍ പിടികൂടുകയും 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 31 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ലഹരിവിരുദ്ധ കാംപെയ്ന്‍ 

ലഹരി എന്ന മഹാവിപത്തിനെ നമ്മുടെ സമൂഹത്തില്‍ നിന്നും തൂത്തെറിയുന്നതിനായി കാര്യക്ഷമമായ ഇടപെടലാണ് പൊലീസ് നടത്തിവരുന്നത്. ലഹരി മരുന്നുപയോഗം, വ്യാപനം എന്നിവ തടയുന്നതിനായി ഓപ്പറേഷന്‍ ഡി-ഹണ്ട് സംഘടിപ്പിച്ചു. 

ലഹരി മാഫിയക്കെതിരെയും ശക്തമായ നടപടികളാണ് സംസ്ഥാനത്ത് പൊലീസ് സ്വീകരിച്ചുവരുന്നത്. ലഹരി കടത്ത്, വിപണനം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്‍ഡിപിഎസ് (NDPS) നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്ഥിരം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ PIT NDPS നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യുന്നതിനുള്ള ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ച് വരുന്നുണ്ട്.

ഇത്തരത്തില്‍ പിഐടി എന്‍ഡിപിഎസ് (PIT NDPS) പ്രകാരം 586 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ പരിശോധിക്കുന്നതിനായി പ്രത്യേക വിഭാഗവും ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം ഒഴിവാക്കുന്നതിനും ലഹരിവിരുദ്ധ അവബോധം സംഘടിപ്പിക്കുന്നതിനുമായി യോദ്ധാവ് എന്നൊരു പ്രത്യേക കര്‍മ്മപദ്ധതി നടപ്പിലാക്കിവരുന്നു. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സ്‌കൂളുകള്‍ മറ്റു ട്യൂഷന്‍ സെന്ററുകള്‍ കുട്ടികള്‍ ഒത്തുചേരുന്ന പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടൂണ്ട്. 

ഇതിനുപുറമെ സ്‌കൂളുകള്‍ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഷാഡോ പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പല കാരണങ്ങളാല്‍ വിദ്യാഭ്യാസം നിലച്ചുപോയ വിദ്യാര്‍ത്ഥികളെ ലഹരി മാഫിയയുടെ കൈകളിലകപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനായി ഹോപ് എന്ന പദ്ധതി പൊലീസ് നടത്തിവരുന്നു. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങളിലേര്‍പ്പെടാനുള്ള അവരുടെ പ്രവണത നിയന്ത്രിക്കുന്നതിനും സൈബര്‍ ആക്രമണങ്ങളുടെ ഇരകളായി മാറുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ കീഴില്‍ എല്ലാ യുപി സ്‌കൂളിലും പ്രത്യേക ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 


പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍

പൊലീസ് സ്റ്റേഷനുകളിലെത്താതെ പൊതുജനങ്ങള്‍ക്ക് ഫലപ്രദമായ സേവനം നല്‍കുന്നതിനായി ആരംഭിച്ച തുണ, പോല്‍-ആപ്പ് എന്നിവ മികച്ച നിലയില്‍ മുന്നോട്ടുപോകുകയാണ്. തുണ എന്ന വെബ് പോര്‍ട്ടല്‍ വഴി അപകടത്തിന്റെ ജിഡി കോപ്പിയും അപേക്ഷകളുടെ തല്‍സ്ഥിതിയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റുകളും രേഖകള്‍ നഷ്ടപ്പെട്ടതിനുള്ള പൊലീസ് സര്‍ട്ടിഫിക്കറ്റുകളും പൊലീസ് സ്റ്റേഷനുകളിലെത്താതെ ജനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. 

സ്മാര്‍ട്ട് ഫോണിന്റെ വ്യാപനം കണക്കിലെടുത്ത് ഇതേ സേവനങ്ങള്‍ പോല്‍-ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാണ്. ഇക്കഴിഞ്ഞ വര്‍ഷം ഉച്ചഭാഷിണിക്കുള്ള അനുമതി, അപകടത്തിന്റെ ജിഡി കോപ്പി, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലഭിച്ച അപേക്ഷകളില്‍ 95 ശതമാനത്തിലേറെയും ഓണ്‍ലൈനായാണ് ലഭിച്ചത് എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

പൊലീസിന്റെ ആധുനികവത്ക്കരണം സി സി ടി എന്‍ എസ് 

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുക, ഓണ്‍ലൈന്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക, പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സ്ഥിതി തിരിച്ചറിയുക, തുടങ്ങിയവ അതിവേഗം ലഭ്യമാക്കുന്നതിനായി സി സി ടി എന്‍ എസ് എന്ന മിഷന്‍ മോഡ് പ്രോജക്റ്റ് കാര്യക്ഷമമാക്കി. 

ഐ സി ഒ പി എസ്


നിലവിലുള്ള സോഫ് റ്റ് വെയറുകളെ പൊതുവായൊരു സോഫ് റ്റ് വെയറിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി ഐ സി ഒ പി എസ്( iCoPS)  എന്നൊരു സോഫ് റ്റ് വെയര്‍ കേരള പൊലീസ് വികസിപ്പിച്ചു. നമ്മുടെ പൊലീസ് വകുപ്പിലെ തന്നെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തി ഇത്തരത്തില്‍ ഒരു സോഫ് റ്റ് വെയര്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ പൊലീസ് സേനയാണ് നമ്മുടേത്. 

എ എന്‍ പി ആര്‍ 

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഗതാഗത ലംഘനങ്ങള്‍ തിരിച്ചറിയുന്നതിനുമായി 14.90 കോടി രൂപ ചിലവില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റം ഫോര്‍ ബോര്‍ഡര്‍ സീലിംഗ് (Automatic Number plate Recognition System System for Border Ceiling, ANPR) സ്ഥാപിച്ചു. മാത്രമല്ല, നിലവിലുള്ള സിസിടിവി സര്‍വേയലന്‍സ് സിസ്റ്റത്തിന് പുറമേ 8.55 കോടി രൂപ ചിലവില്‍ സിസിടിവി സര്‍വേയലന്‍സ് സിസ്റ്റവും സ്ഥാപിച്ചു. 

നൂതന സാങ്കേതികവിദ്യാ പരിശീലനം 

സിസിടിവി സര്‍വേയലന്‍സ് സിസ്റ്റത്തിന് പൊലീസ് സേനയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഡെഡിക്കേറ്റഡ് എഐടീം രൂപീകരിച്ചു. ഇവര്‍ക്ക് ഐ ഐ ഐ ടി എം കെ നടത്തുന്ന എഐ ആന്‍ഡ് ഡാറ്റ അനലിറ്റിക്സ് കോഴ്സില്‍ പങ്കെടുക്കുന്നതിനുളള അനുമതിയും നല്‍കി.

നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ 

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായതും നിലവില്‍ ലഭ്യമായതുമായ നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗവും പുതിയ സങ്കേതങ്ങളുടെ വികാസവുമാണ് ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. ഡാറ്റ, ഫോട്ടോഗ്രാഫുകള്‍, സി സി ടിവി ഫുട്ടേജുകള്‍, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍, തെളിവ് ഫയലുകള്‍ തുടങ്ങിയവ അതിവേഗം വിശകലനം ചെയ്യാനും അതുവഴി പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കുവാനും നിര്‍മ്മിതബുദ്ധി ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 

സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍

പൊലീസ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഓരോ പൊലീസ് ജില്ലയിലും ഒന്ന് എന്ന നിരക്കില്‍ 20 പൊലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആക്കുന്നതിനായി 1.98 കോടി രൂപ ചെലവിലുളള പ്രോജക്റ്റ് പുരോഗമിക്കുന്നു. ഇആര്‍എസ്എസ് (അടിയന്തര പ്രതികരണ സംവിധാനം) പൊതുജനങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ പൊലീസിന്റെ പിന്തുണ തേടുന്നതിനായി എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (അടിയന്തര പ്രതികരണ സംവിധാനം) എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നു. 

കുറ്റാന്വേഷണത്തിലെ മികവുകള്‍ -20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലക്കേസ് പ്രതിയെ കണ്ടെത്തിയത് 

2003 ഡിസംബറില്‍ ചാമക്കാല സ്വദേശി ശ്രീനാഥിനെ ആക്രമിച്ച് വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ് നാട്ടില്‍ പലയിടങ്ങളിലായി പല പേരുകളില്‍ കഴിയുകയായിരുന്നു. 20 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടില്‍ നിന്നും പ്രതിയെ കണ്ടെത്താന്‍ കേരള പൊലീസിനായി. 

മോഷണക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞ ഇരട്ടക്കൊലപാതകം 

മോഷണശ്രമത്തിന് പിടിയിലായ കൂട്ടുകാരായ രണ്ടു പ്രതികളിലൊരാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇടുക്കി, കട്ടപ്പനയിലെ ഇരട്ട കൊലപാതകം തെളിഞ്ഞത്. ഒന്നാം പ്രതിയായ വിഷ്ണുവിന്റെ സഹോദരി വിദ്യയുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയും വിഷ്ണുവിന്റെ അച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ നിധീഷ് എന്നയാളാണെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. മാത്രമല്ല, വിദ്യയെയും സഹോദരി സുമയെയും കൊല ചെയ്യുന്നതിന് പ്രതി പദ്ധതിയിട്ടിരുന്നതായും തെളിഞ്ഞു. 

സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം 

പ്രമുഖ സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്നും ഒരുകോടി രൂപയോളം വരുന്ന വജ്ര-സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ പ്രതിയെ 15 മണിക്കൂറിനകം പിടികൂടി കേരള പൊലീസ് കുറ്റാന്വേഷണ മികവ് തെളിയിച്ചു. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം മോഷണ കേസുകളില്‍ പ്രതിയായ വ്യക്തിയാണ് പിടിയിലായത്. 

വീട്ടമ്മയെ ഇടിച്ചിട്ട് കടന്ന വാഹനവും ഡ്രൈവറെയും പിടികൂടിയത് 

മുണ്ടക്കയം സ്വദേശിയായ 92കാരി തങ്കമ്മയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തെയും ഡ്രൈവറേയും സമയബന്ധിതമായി പിടികൂടാന്‍ കേരള പൊലീസിനായി. 2023 ഡിസംബറിലാണ് ശബരിമല തീര്‍ത്ഥാടനത്തിനു ശേഷം മടങ്ങിവന്ന കാര്‍ ഇടിച്ച് തങ്കമ്മ മരിച്ചത്. നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവര്‍ ദിനേശ് കെ റെഡ്ഡിയെയും ഹൈദരാബാദില്‍ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തു. 


കൊല്ലം - ഓയൂരിലെ പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോകല്‍ 

കൊല്ലം ഓയൂരില്‍ 6 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ശക്തമായ അന്വേഷണം നടത്തി 5 ദിവസത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തി. ശക്തമായ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഗത്യന്തരമില്ലാതെ കുട്ടിയെ ഒടുവില്‍ പ്രതികള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തെത്തുടര്‍ന്ന് പ്രതികളെ തിരിച്ചറിയാനും അവരെ തമിഴ് നാട്ടിലെ തെങ്കാശ്ശിയില്‍ വെച്ച് പൊലീസിന് പിടികൂടാനുമായി.

അതിഥി തൊഴിലാളികള്‍ 

ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും ജീവിതവൃത്തിക്കായി ജോലിനോക്കുകയും സാധാരണ ജീവിതം നയിച്ചുവരുന്നവരുമാണ്. എന്നാല്‍ അവരില്‍ ചുരുക്കം ചിലരിലെങ്കിലും കുറ്റകൃത്യപ്രവണതകള്‍ നിലനില്‍ക്കുന്നുവെന്നതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതിനാലാണ് അവര്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടാവണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. 

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച്, കേരള പൊലീസിന്റെ വെബ് സൈറ്റില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ എന്ന മെനുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡാറ്റാ ബേസ് ഇവരുടെ വിവരശേഖരണത്തിനുള്ള പൊതു ഇടമാക്കി മാറ്റിവരികയാണ്. 

സോഷ്യല്‍ പൊലീസിംഗ് 

പൊലീസിനെ കൂടുതല്‍ ജനകീയവത്ക്കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ക്രമസമാധാന പരിപാലനം ജനങ്ങളുടെ കൂടി ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ കൂടി സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയെന്ന കാഴ്ചപ്പാടാണ് സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് സോഷ്യല്‍ പൊലീസിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

പോരായ്മകള്‍ സംഭവിക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെട്ട് ജനപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകള്‍ വലിയമാറ്റങ്ങളാണ് ഈ സംവിധാനത്തിനകത്ത് രൂപപ്പെടുത്തുന്നത് എന്നതാണ് വസ്തുത. 

പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊലീസുകാര്‍ക്ക് മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പൊലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്രയാണ്. മെച്ചപ്പെട്ട പൊതുജനസമ്പര്‍ക്കം, മെച്ചപ്പെട്ട കീഴ്-മേല്‍ബന്ധം, സേനയ്ക്കുള്ളില്‍ സ്ത്രീസൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കല്‍, ധാര്‍മ്മികതയില്‍ ഊന്നിയുള്ള കൃത്യനിര്‍വ്വഹണം തുടങ്ങി വിവിധ മേഖലകളില്‍ സ്ഥിരം പരിശീലനത്തിനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്. 

ജനമൈത്രി പൊലീസ് 

ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വ്യാപിപ്പിച്ചു. ഈ സംവിധാനത്തിന്റെ സാധ്യതകള്‍ കൂടിയാണ് പ്രളയത്തെ നേരിടുന്നതിന് പൊലീസിന് ഏറെ സഹായകമായത്. ജനമൈത്രി പൊലീസിന്റെ ഭാഗമായുള്ള ബീറ്റ് ഓഫീസര്‍മാരുടെ ഗൃഹസന്ദര്‍ശനമെന്ന ആശയം വിപുലമായി നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം. 

പ്രശാന്തി സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്‌ക് 

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് കേരളം പോലെ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അണുകുടുംബങ്ങളുടെ വ്യാപനത്തോടെ ഒറ്റപ്പെട്ട ജീവിതസാഹചര്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജീവിതസായാഹ്നത്തില്‍ അവര്‍ക്ക് താങ്ങാകുന്നതിനും വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. 

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി കേരള പൊലീസ് ആരംഭിച്ചിട്ടുള്ള 'പ്രശാന്തി ഹെല്‍പ്ലൈന്‍' വയോജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ തുണയാകുന്നുണ്ട്. 


റെയില്‍വേ ജനമൈത്രി 

റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതിനൊപ്പം ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതും പ്രധാനമാണ്. ഈ ലക്ഷ്യത്തോടെ കേരളത്തിലെ 13 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ പൊലീസിന്റെ കൂടി സഹകരണത്തോടെ പ്രത്യേക ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കിവരുന്നു. 


സ്റ്റുഡന്റ് പൊലീസ് കേഡറ്റ് 

കുട്ടികളില്‍ പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തി എടുക്കുന്നതിനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി തികച്ചും കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. നിലവില്‍ 997 സ്‌കൂളുകളിലായി 88,000 വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിവരുന്നു. ഇതുവരെ രണ്ടര ലക്ഷത്തോളം യോദ്ധാക്കളെ എസ് പി സി മുഖേന വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 


സേനയിലെ സ്ത്രീ പ്രാതിനിധ്യം 

പൊലീസ് സംവിധാനത്തെ സ്ത്രീ സൗഹൃദമാക്കുകയെന്ന നയമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ പുലര്‍ത്തിവരുന്നത്. 2016 ല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊലീസ് സേനയിലെ വനിതകളുടെ അംഗബലം 6 ശതമാനമായിരുന്നു. എന്നാല്‍ ഇന്നത് 11.37 ശതമാനമായി ഉയര്‍ന്നു. അത് പടിപടിയായി 15 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. 

കരുത്തുറ്റ സേന കഴിഞ്ഞ കുറേക്കാലമായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരാണ് നമ്മുടെ സേനയിലേയ്ക്ക് കടന്നുവരുന്നത്. സാങ്കേതികവിദ്യകളില്‍ കഴിവും യോഗ്യതയുമുള്ള ധാരാളം വനിതകളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സാങ്കേതിക യോഗ്യത നേടിയ സേനാംഗങ്ങളെ അവരുടെ കഴിവ് തെളിയിക്കാന്‍ കഴിയുന്ന മേഖലയില്‍ തന്നെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി പല മേഖലയിലും ഇവരുടെ സേവനം വിനിയോഗിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പോലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പോലീസില്‍ ദൃശ്യമാണ്. പോലീസ് നൂറു ശതമാനം മാറിയെന്നതല്ല ഇതുവഴി ഉദ്ദേശിച്ചത്. ജനകീയ സേന എന്ന നിലയ്ക്ക് ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും ജനോന്മുഖമായ ഒരു മാറ്റമുണ്ടായിട്ടുണ്ട്. 


എന്നാല്‍, ഒരു മാറ്റത്തിനും വിധേയരാകാത്ത, മാറാന്‍ തയ്യാറല്ലെന്ന് ശഠിക്കുന്ന, ഒരു ചെറിയ വിഭാഗം ഇപ്പോഴും സേനയിലുണ്ട്. അവരെ കണ്ടെത്തി പടിപടിയായി സേനയില്‍ നിന്നും ഒഴിവാക്കി വരികയാണ്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സേവനത്തില്‍ നിന്നും പുറത്താക്കി. നീതി നടപ്പാക്കേണ്ടവര്‍ കുറ്റവാളികളാവുമ്പോള്‍ സേനയുടെ വിശ്വാസ്യത തന്നെയാണ് കളങ്കപ്പെടുന്നത്. ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതു തന്നെയാണ് ഈ സര്‍ക്കാരിന്റെ നയം. 

അച്ചടക്കമുള്ള സേനയെന്ന നിലയില്‍ പോലീസിന്റെ പ്രവര്‍ത്തനം പല തലങ്ങളില്‍ വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ആരുമായാണ് ചങ്ങാത്തം കൂടേണ്ടത് എന്നതുപോലും പ്രധാനമാണ്. ആരു വിളിച്ചാലും പോകുക, അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുക, വിരുന്നുകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നത്. 

സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരെ എല്ലാ തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രൊഫഷണല്‍ രീതിയില്‍ പെരുമാറുന്ന തരത്തില്‍ പൊലീസ് സംവിധാനത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുറന്ന മനസ്സോടെ സേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി എല്ലാ തട്ടുകളിലുമുള്ളവരുമായി സഹകരിക്കുന്ന മികച്ച തൊഴില്‍ അന്തരീക്ഷമാണ് സേനയ്ക്ക് ആവശ്യമായിട്ടുള്ളത്. അതിനുള്ള ശ്രമങ്ങള്‍ നിതാന്തജാഗ്രതയോടെ തുടരും. 

വിജിലന്‍സ് ജനാധിപത്യ സമൂഹത്തിലെ മഹാവിപത്തായ അഴിമതി നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുനീക്കുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ 'അഴിമതി മുക്ത കേരളം' എന്ന ക്യാമ്പയിന്‍ നടത്തിവരികയാണ്. നാടിന്റെ വികസന പ്രക്രിയകള്‍ക്ക് ആശങ്കയേകുന്ന സാമൂഹ്യവിപത്താണ് അഴിമതിയെന്ന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ജനസമൂഹത്തെ ഒന്നാകെയും ബോധവത്ക്കരിക്കുന്നതിനായി അതിവിപുലമായ പ്രചാരണ പരിപാടികളാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്.


 
അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'Zero Tolerance to Corruption' എന്ന നയം സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തു വരികയാണ്. ഇ-ഗവേണന്‍സിലൂടെ പൗരന്‍മാര്‍ക്ക് അഴിമതിരഹിതമായി സര്‍ക്കാര്‍ സേവനങ്ങളും വിവരകൈമാറ്റവും സാമ്പത്തിക ഇടപാടുകളും സുതാര്യമായി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചുവരുന്നു. 


സമ്പൂര്‍ണ്ണ സാക്ഷരതയിലൂടെ സംസ്ഥാനം കൈവരിച്ച അഭിമാനകരമായ നേട്ടം 'ഡിജിറ്റല്‍ സാക്ഷരത യിലും' നേടാന്‍ ഈ നയത്തിലൂടെ കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം വിജിലന്‍സ് നല്‍കിവരുന്നുണ്ട്. നീതിനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി വിജിലന്‍സിന്റെ ആറ് കോടതിയിലും ഇ-കോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തിയതും കേരള ഹൈക്കോടതിയുടെ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂളുമായി കണക്ട് ചെയ്തതതും സുപ്രധാനമായ നടപടികളിലൊന്നാണ്. 

പി എസ് സി വഴി നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഎംജി വഴി സദ്ഭരണ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനിയും അവശേഷിക്കുന്ന അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സ് നിരീക്ഷണം ശക്തമാക്കി മിന്നല്‍ പരിശോധനകള്‍ നടത്തിവരികയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് 4702 മിന്നല്‍ പരിശോധനകള്‍, 1192 പ്രാഥമികാന്വേഷണം, 257 വിജിലന്‍സ് അന്വേഷണം എന്നിവ നടത്തിയിട്ടുണ്ട്. 

140 ട്രാപ്പ് കേസുകളുള്‍പ്പെടെ 425 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 148 പേര്‍ അറസ്റ്റിലായി. ഈ വര്‍ഷം 2024 മേയ് വരെ 16 ട്രാപ്പ് കേസുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 4 സംസ്ഥാനതല മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ 593 മിന്നല്‍ പരിശോധനകളും 56 വിജിലന്‍സ് കേസുകളും 30 വിജിലന്‍സ് എന്‍ക്വയറികളും 130 പ്രാഥമികാന്വേഷണങ്ങളും 56 രഹസ്യാന്വേഷണങ്ങളും രജിസ്റ്റര്‍ ചെയ്തു. 

പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതും അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവര്‍ത്തിക്കുന്നതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു തുടങ്ങിയ വകുപ്പുകളില്‍ വിജിലന്‍സ് ജാഗ്രതയോടെയാണ് ഇടപെട്ടു വരുന്നത്. അഴിമതി ഇല്ലായ്മ ചെയ്യാന്‍ നമ്മുടെ രാജ്യത്ത് പല നിയമവ്യവസ്ഥകളും സംവിധാനങ്ങളും നിലവിലുണ്ട്. 

എന്നാല്‍ അത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പൊതുജന പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെ ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും ഒക്കെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു വരികയാണ്. 

അഴിമതി കേസുകളില്‍ വിചാരണ ത്വരിതപ്പെടുത്തുന്നതിലേയ്ക്കായി കൊല്ലം ആസ്ഥാനമാക്കി ഒരു വിജിലന്‍സ് കോടതി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ട്രാന്‍ സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അഴിമതി സൂചികയില്‍ രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി നിലകൊള്ളുന്നത്. 

ജയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കമ്മിറ്റി സംസ്ഥാനത്തെ ജയിലുകളിലെ ഭരണനിര്‍വ്വഹണത്തിന് സുപ്രധാനമായ ചില നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ സാമ്പത്തികബാധ്യത ഇല്ലാത്തവയില്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. അന്തേവാസികളുടെ സംശുദ്ധീകരണവും പുനരധിവാസവും ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ ജയില്‍ വകുപ്പ് നടപ്പിലാക്കി വരുന്നു. 

നമ്മുടെ സംസ്ഥാനത്ത് നിയമനടപടികളുടെ ഭാഗമായി പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അന്തേവാസികളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഇതര ജയിലുകള്‍ക്ക് മാതൃകയാണ്. അതോടൊപ്പം അന്തേവാസികളുടെ സുരക്ഷിത കസ്റ്റഡിയും ക്ഷേമവും പുനരധിവാസവും മുന്‍നിര്‍ത്തി പുതിയ പദ്ധതികളും നടപ്പിലാക്കി വരുന്നു. 


ജയില്‍ മാന്വല്‍ പരിഷ്‌കരണം 

നിലവിലുള്ള ജയില്‍ മാന്വല്‍ 1979ല്‍ നിലവില്‍ വന്നതാണ്. തികച്ചും വിഭിന്നമായ ആധുനിക കാലത്തെ ജയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ഉപദേശക സമിതികള്‍, വിസിറ്റേഴ്‌സ് ബോര്‍ഡ്, പുതിയ സംശുദ്ധീകരണ നിയമങ്ങള്‍, നടപടികള്‍ തുടങ്ങിയവയ്‌ക്കൊപ്പം ഭരണനിര്‍വ്വഹണത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായ മാന്വല്‍ പരിഷ്‌കരണം നടത്തും. 

ജയില്‍ ചട്ടങ്ങള്‍ 

2014ല്‍ ആണ് കേരള പ്രിസണുകളും സംശുദ്ധീകരണ സാര്‍ഗ്ഗിക സേവനങ്ങളും (നിര്‍വ്വഹണം) ചട്ടങ്ങള്‍ നിലവില്‍ വന്നത്. സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ജയില്‍ അന്തരീക്ഷത്തില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യമാണ്. 

അതോടൊപ്പം, പ്രധാന ഓഫീസര്‍മാരുടെ കര്‍ത്തവ്യം, സുരക്ഷാ നടപടികളിലെ പരിഷ്‌കരണം, കോടതികളുമായുള്ള ഓണ്‍ലൈന്‍ വിചാരണ, സ്ത്രീതടവുകാരുടെ പ്രശ്‌നങ്ങള്‍, രോഗികളായ തടവുകാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍, തുടങ്ങിയവ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നല്‍കുന്നതാണ്. 


പുതിയ നിയമനങ്ങള്‍


2023ല്‍ വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരടക്കം ജയില്‍ വകുപ്പില്‍ 262 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പൂര്‍ത്തിയാക്കി വകുപ്പിന്റെ ഭാഗമായി. 2024ല്‍ 355 പേര്‍ക്ക് പുതുതായി നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. 


ജയില്‍ നവീകരണം

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കൂടി 8000 തടവുകാര്‍ക്കുള്ള സൗകര്യങ്ങളാണുള്ളത്. എന്നാല്‍ ശരാശരി തടവുകാരുടെ എണ്ണം 9500 ലധികമാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം ആദ്യത്തെ സെന്‍ട്രല്‍ ജയിലായ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 2022ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

അതേ ഘട്ടത്തില്‍ തന്നെ കൂത്തുപറമ്പ് സ്‌പെഷ്യല്‍ ജയിലും പുതുതായി പണികഴിപ്പിച്ചു. പാര്‍പ്പിട സൗകര്യത്തിന്റെ കുറവ് പരിഹരിക്കുന്നതിനായി രണ്ടു ഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുക എന്നാണ് സര്‍ക്കാര്‍ പൊതുവായി തീരുമാനിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ ജയിലില്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 

തളിപ്പറമ്പ് ജയില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തി 90 ശതമാനത്തോളം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടനിര്‍മ്മാണത്തിന് 3.27 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വടകര, മണ്ണാര്‍ക്കാട്, വയനാടിലെ കൃഷ്ണഗിരി എന്നിവിടങ്ങളില്‍ ജയില്‍ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ഇതിനകം നല്‍കിയിട്ടുണ്ട്. 

ജയില്‍ശിക്ഷ
 


അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ജയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 

സിസിടിവി സിസ്റ്റം, പവര്‍ ഫെന്‍സിംഗ്, മെറ്റല്‍ ഡിറ്റക്ടര്‍, ബാഗേജ് സ്‌കാനര്‍ എന്നിവ ജയിലുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി സംസ്ഥാനത്തെ കോടതികളെയും ജയിലുകളെയും ബന്ധിപ്പിച്ചിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള വിചാരണാ സംവിധാനം നിലവില്‍ വന്നു എന്നതാണ്. 


അന്തേവാസികളുടെ സംശുദ്ധീകരണം 


തടവുകാരെ മാനസാന്തരം വരുത്തി ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിന് ഉതകുന്ന സംവിധാനമായാണ് പുതിയ കാലഘട്ടത്തിലെ ജയിലുകളെ കാണുന്നത്. 2014ല്‍ രൂപീകരിച്ച ജയില്‍ ചട്ടങ്ങള്‍ പ്രകാരം അടുത്ത ബന്ധുക്കളുടെ മരണം, മരണാസന്നമായ രോഗാവസ്ഥ, വിവാഹം മുതലായവയ്ക്ക് അടിയന്തിര പരോള്‍ അനുവദിക്കുന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മഹാമാരിയുടെ അവസരത്തില്‍  സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ അനുവദിച്ചത്. 

അപ്രകാരം അനുവദിച്ച പരോള്‍ പോലും രാഷ്ട്രീയമായി കണ്ട് വിലയിരുത്തുന്ന രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിച്ചത്. വിവിധ ഘട്ടങ്ങളില്‍ സുപ്രീംകോടതി ഇത്തരമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ജീവപര്യന്തം ശിക്ഷാപ്രതികള്‍ ദീര്‍ഘവും അനിശ്ചിതവുമായ കാലഘട്ടം കഴിച്ചുകൂട്ടുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും വീര്‍പ്പുമുട്ടലുകളും ലഘീകരിക്കുകയും ഒപ്പം തൊഴിലുകളില്‍ ഏര്‍പ്പെടുകയും മെച്ചപ്പെട്ട കൂലിയും സൗകര്യങ്ങളും ഉറപ്പാക്കുകയും ആണ് ചെയ്യുന്നത്. 

ജീവിതത്തിലേക്ക് തിരിച്ച്, എന്ന പ്രതീക്ഷ നല്‍കിയും അപ്രകാരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തെകൂടി ചേര്‍ത്തു പിടിക്കുക എന്ന രീതിയാണ് ജയില്‍ വകുപ്പ് സ്വീകരിക്കുന്നത്. അന്തേവാസികളുടെ ആരോഗ്യവും ഇത്തരുണത്തില്‍ പ്രധാനമാണ്. പ്രത്യേകിച്ച് അവരുടെ മാനസികാരോഗ്യം. ഇതിനായി കൂടുതല്‍ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍, ആരോഗ് പരിരക്ഷ സംവിധാനങ്ങള്‍ ജയില്‍ ആശുപത്രികളുടെ നവീകരണം, സാമ്പത്തിക നേട്ടമില്ലാതെ അന്തേവാസികള്‍ക്ക് സഹായമാകുന്ന വിധത്തില്‍ ജയില്‍ ഡെവലപ്പ്‌മെന്റ് ഫണ്ട് തുടങ്ങിയവ ഈ വര്‍ഷത്തെ വികസന ലക്ഷ്യങ്ങളാണ്. 


ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് 

സര്‍ക്കാര്‍ നടത്തിവരുന്ന വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പിന് വലിയൊരളവുവരെ സാധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വെബ് സൈറ്റുകള്‍, ഫേസ് ബുക്ക് പേജുകള്‍, ടിറ്റ്വര്‍ ഹാന്റിലുകള്‍ യൂട്യൂബ് ചാനലുകള്‍ എന്നിവയുടെ റീച്ച് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നടത്തുന്നത്. സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസ്സിലും കേരളീയത്തിലും മികവുറ്റ ഇടപെടലാണ് ഇതിന്റെ ഭാഗമായുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചാവേദികളിലും വകുപ്പിന്റെ ഇടപെടല്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 


ജനങ്ങളെ സര്‍ക്കാരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കണ്ണിയായി പബ്ലിക്ക് റിലേഷന്‍ വകുപ്പിനെ ഉയര്‍ത്തും. ഇന്നത്തെ കാലഘട്ടത്തിന്റെ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ കാലോചിതമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പരിഷ്‌ക്കരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന രീതിയില്‍ നിലവിലുള്ള പെന്‍ഷന്‍ പദ്ധതി ശക്തിപ്പെടുത്തും. 

അച്ചടിയും സ്റ്റേഷനറിയും അച്ചടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആധുനിക യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ ഇതിനായി ലഭ്യമാക്കിവരികയാണ്. ജനങ്ങള്‍ക്ക് വളരെ ആവശ്യം വരുന്ന ഗസറ്റ് ഓണ്‍ലൈനായി നിലവില്‍ ലഭ്യമാണ്. പി എസ് സിയുടെ ഒഎംആര്‍ ഷീറ്റുകള്‍ പ്രിന്റ് ചെയ്യുന്ന പ്രവൃത്തികള്‍ നല്ല നിലയില്‍ നടന്നുവരുന്നു. എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി പരീക്ഷകളുടെ ഉത്തര കടലാസുകളും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള ഫോമുകളും മറ്റും വകുപ്പ് വിജയകരമായി അച്ചടിച്ച് നല്‍കിവരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia