കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; അമ്മമാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ട്: ഡി ജി പി

 


കൊച്ചി: (www.kvartha.com 09.12.2016) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും, കണ്ണൂരിലെ നിഷാന എന്ന പെണ്‍കുട്ടിയുടെ വോയിസ് ക്ലിപ്പും ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇക്കാര്യത്തില്‍ ഡി ജി പി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തുവന്നത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; അമ്മമാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ട്: ഡി ജി പി


കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ അടുത്തടുത്ത ദിവസങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. എന്നാല്‍ കാസര്‍കോട്ടെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയ സംഘമാണെന്ന് തുടക്കത്തില്‍ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി കാണിച്ചുള്ള പരാതിയൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം തിരിച്ചറിയാനാകാതെ മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ പോലും ഭയപ്പെട്ടിരുന്നു. ഡി ജി പിയുടെ വിശദീകരണം വന്നതോടെ ഈ ആശങ്കകള്‍ മാറും.

ഡി ജി പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഒട്ടും ആശങ്കപ്പെടേണ്ടതില്ല; ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ട്
പ്രിയ സഹോദരി ശ്രീമതി നിഷാനയ്ക്ക്,

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായ സംഘങ്ങളെപ്പറ്റിയുള്ള നിരവധി വാര്‍ത്തകള്‍ ഈയിടെയായി വരുന്നുണ്ടെന്നും അതില്‍ ഭയചകിതരും ഏറെ ആശങ്കാകുലരുമാണ് അമ്മമാരെന്നും ഇതിന്റെ നിജസ്ഥിതി അറിയിക്കണമെന്നുള്ള കണ്ണൂരില്‍ ശ്രീമതി നിഷാനയുടെ സന്ദേശം സോഷ്യല്‍ മീഡിയയില്‍ കണ്ടു. കുഞ്ഞു സഹോദരി നിഷാനയോടും മറ്റ് അമ്മമാരോടും ആദ്യമേ തന്നെ പറയട്ടെ ഇക്കാര്യത്തില്‍ അമ്മമാര്‍ ഒട്ടും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇതേക്കുറിച്ച് മലപ്പുറത്തും കണ്ണൂരിലും മറ്റു ജില്ലകളിലുമെല്ലാം എന്റെ നിര്‍ദേശ പ്രകാരം പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വരുന്ന പല വാര്‍ത്തകളും വസ്തുതാ വിരുദ്ധമോ അതിശയോക്തി കലര്‍ന്നതോ ആണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരം വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിജസ്ഥിതി മനസിലാക്കാതെ ഈ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും നവംബര്‍ 19 നും തുടര്‍ന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയും അക്കാര്യം മിക്കവാറും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്നും ഇത്തരത്തില്‍ വന്ന ചില വാര്‍ത്തകളില്‍മേല്‍ പോലീസ് അന്വേഷണം നടത്തുകയും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാരും പോലീസും നല്‍കിവരുന്നത്. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ പോലീസ് ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. നഗരങ്ങളില്‍ പിങ്ക് പട്രോള്‍ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരും കൂടി ഉടന്‍തന്നെ നടപ്പില്‍വരും. ബസ് സ്‌റ്റോപ്പുകളിലും പൊതു സ്ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുവാന്‍ സംസ്ഥാനതലത്തില്‍ തൃശൂര്‍ റൂറല്‍ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ പോലീസ് തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയതിനാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ ഒട്ടും ആശങ്കയോ ഭയമോ വേണ്ടെന്ന് അറിയിക്കട്ടെ. നിങ്ങള്‍ക്കൊപ്പം ജാഗ്രതയോടെ പോലീസുണ്ട്. ഏതെങ്കിലും സഹായത്തിനോ സംശയനിവാരണത്തിനോ 1091 (വനിതാ ഹെല്‍പ്പ് ലൈന്‍)/1090 ( െ്രെകം സ്‌റ്റോപ്പര്‍)/1098 (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിക്കുന്നു.

ഇത്തരം വാര്‍ത്തകള്‍ നിജസ്ഥിതി അറിയാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശങ്ക പടര്‍ത്തരുതെന്ന് എല്ലാവരോടും ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഹൈടെക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords : Kochi, Police, Facebook, Kerala, Kidnap, Students, Investigates, Loknath Behra, Child kidnapping; DGP's Facebook post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia