Disaster Response | ഉരുൾപൊട്ടൽ ദുരന്തം: മുഖ്യമന്ത്രി വയനാട്ടിൽ; രക്ഷാപ്രവർത്തനം വിലയിരുത്തുന്നു; സർവകക്ഷി യോഗവും ചേരുന്നു


മന്ത്രി തല യോഗത്തിൽ തിരച്ചിൽ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ തുടരാൻ തീരുമാനിച്ചു
കൽപറ്റ: (KVARTHA) വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ എത്തി. മുഖ്യമന്ത്രിയ്ക്കൊപ്പം ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ട്. വയനാട് കലക്ടറേറ്റിൽ വ്യാഴാച രാവിലെ 11.30ന് ആരംഭിക്കുന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സംബന്ധിക്കും. ഈ യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.
രാവിലെ 9.30 മണിയോടെ കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാർഗമായാണ് മുഖ്യമന്ത്രി ബത്തേരിയിൽ എത്തിയത്. തുടർന്ന് 10.30ന് കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ തലവന്മാരും സംബന്ധിച്ചു. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി തല യോഗത്തിൽ തിരച്ചിൽ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ തുടരാൻ തീരുമാനിച്ചു. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ എന്നീ മന്ത്രിമാരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.