Bridge Comes True | ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം; ചേർപ്പുങ്കൽ സമാന്തര പാലം യാഥാർഥ്യമാകുന്നു; പൂർത്തിയാകുന്നത് നവകേരള സദസിൽ തോമസ് ചാഴികാടൻ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന്; എം പിയുടെ ഇടപെടലിൽ കാര്യങ്ങൾ നടന്നത് യുദ്ധകാലാടിസ്ഥാനത്തിൽ
Feb 4, 2024, 11:46 IST
കോട്ടയം: (KVARTHA) ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് പാലായിലെ ചേർപ്പുങ്കൽ സമാന്തര പാലം യാഥാർഥ്യമാകുന്നു. നവകേരള സദസിൽ തോമസ് ചാഴികാടൻ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് കൂടിയാണ് പൂർത്തിയാകുന്നത്. പാലത്തിന്റെ പെയിന്റിങ് ജോലികൾ ഒഴികെയുള്ള നിർമാണ പ്രവൃത്തികൾ നിലവിൽ പൂർത്തിയായിട്ടുണ്ടെന്നും ഇത് കഴിഞ്ഞാലുടൻ പാലം ജനങ്ങൾക്കായി തുറന്നു നൽകുമെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു.
പെയിന്റിംഗ് ജോലികൾ നടക്കുന്നതിനിടയിൽ തന്നെ നിയന്ത്രണ വിധേയമായി നിലവിൽ വാഹനങ്ങൾ ഇതുവഴി കടത്തി വിടുന്നുണ്ട്. കടുത്തുരുത്തി - പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് മീനച്ചിലാറിനു കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിന്മേൽ കെ എം മാണി ധനകാര്യമന്ത്രിയായിരിക്കെയാണ് പാലത്തിന് തുക അനുവദിച്ചത്.
2021ൽ സാങ്കേതിക പ്രശ്നങ്ങളാൽ പാലത്തിന്റെ പണി തടസപ്പെട്ടതിനെ തുടർന്ന് എംപി പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ജോസ് കെ മാണി എംപിയടക്കമുള്ളവരും അന്ന് വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നാലെ മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തസങ്ങൾ പരിഹരിച്ച് നിർമാണ പ്രവൃത്തികൾ പുനരാംരംഭിക്കുകയായിരുന്നു.
ഇതിനിടയിൽ പ്രവൃത്തികൾ വീണ്ടും പണി മന്ദഗതിയിലായതോടെയായിരുന്നു എംപി ഇക്കാര്യം നവകേരള സദസിൽ ഉന്നയിച്ചത്. എന്നാൽ പറയേണ്ട സന്ദർഭം ഇതല്ലെന്ന് പറഞ്ഞുകൊണ്ട് അന്ന് എംപിയെ തിരുത്തിയെങ്കിലും തോമസ് ചാഴികാടൻ ഉന്നയിച്ച ആവശ്യത്തെ മുഖ്യമന്ത്രിയും മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. തുടർന്ന് നിർമാണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പും ഇടപെടലും കേരള കോൺഗ്രസ് എമിന്റെ സമ്മർദവും കൂടിയായപ്പോൾ നിർമാണം വേഗത്തിലായി.
നാട്ടുകാർക്ക് പുറമെ നിരവധി തീർഥാടകർ എത്തുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറോന പള്ളി, മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തുന്ന രോഗികൾ എന്നിവർക്കും പാലം പ്രയോജനം ചെയ്യും. ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ മിനിറ്റുകളോളം പാലത്തിൽ കുരുങ്ങി കിടക്കുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പാലം പണി പൂർത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് നിർമാണം പൂർത്തിയാക്കിയ പാലം സന്ദർശിച്ച ശേഷം തോമസ് ചാഴികാടൻ പറഞ്ഞു.
Keywords: Cherpunkal, Kottayam, Thomas Chazhikadan, MP, Bridge, Nava Kerala Sadas, Pinarayi Vijayan, Congress, Hospital, Cherpunkal parallel bridge becomes reality.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.