മലയാളികളുടെ മനസ്സില്‍ മായാത്ത സ്ഥാനം നേടി; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് കേരള മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം
Dec 6, 2016, 12:48 IST
തിരുവനന്തപുരം: (www.kvartha.com 06.12.2016) അസാമാന്യമായ ഭരണനൈപുണ്യവും നിസ്വജനവിഭാഗങ്ങളോടുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മന്ത്രിസഭായോഗം അവരുടെ വിയോഗത്തില്‍ തീവ്രമായ ദുഃഖം രേഖപ്പെടുത്തുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങള്‍ക്ക് ആശ്വാസമരുളാനുള്ള നിരവധിയായ നടപടികളിലൂടെയാണ് ജയലളിത തമിഴ്‌നാട്ടില്‍ 'അമ്മ' എന്ന നിലയിലേക്കുയര്‍ന്നത്. അസാധാരണമായ ഭരണതന്ത്രജ്ഞത, ഭാവനാപൂര്‍ണമായ പദ്ധതികളാവിഷ്‌കരിക്കാനും നടപ്പാക്കാനും അവര്‍ക്ക് തുണയായി.
വ്യക്തിഗതമായും രാഷ്ട്രീയമായും ഭരണപരമായും പല ഘട്ടങ്ങളില്‍ പല വെല്ലുവിളികളും നേരിടേണ്ടിവന്ന അവര്‍ അത്തരം പ്രതികൂല ഘടകങ്ങളെയെല്ലാം സമര്‍ത്ഥമായ ഭരണരാഷ്ട്രീയ പാടവങ്ങളോടെയും അസാമാന്യമായ ഇച്ഛാശക്തിയോടെയും തനിക്കനുകൂലമാക്കി. ആ വ്യക്തിപ്രഭാവം അസാധാരണത്വമുള്ളതാണ്.
സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ട നിലപാടുകളിലൂടെ അവര്‍ ഭരണഘടനയുടെ ഫെഡറല്‍ സത്ത സംരക്ഷിക്കുന്നതിനു നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. കേരളവുമായി എന്നും നല്ല ബന്ധം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധവെച്ച അവര്‍ മലയാളികളുടെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയിരുന്നു. ഈ വിയോഗം തമിഴ്‌നാട് ജനതയ്ക്കു മാത്രമല്ല ഇന്ത്യയ്ക്കാകെ കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തിനും കേരള ജനതയ്ക്കും അപരിഹാര്യമാണ് ഈ നഷ്ടം.
കലാരംഗത്തും രാഷ്ട്രീയരംഗത്തും ഒരുപോലെ പ്രഗത്ഭമായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും രണ്ടുതലത്തിലും ജനഹൃദയങ്ങളില്‍ മായാത്ത സ്ഥാനം നേടുകയും ചെയ്ത നേതാക്കള്‍ നമുക്കധികമുണ്ടായിട്ടില്ല. പല നൂതന സംരംഭങ്ങളും ആവിഷ്‌കരിച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കൈക്കൊണ്ട നടപടികളും ഉയര്‍ന്ന തലത്തിലുള്ള ഭരണകാര്യക്ഷമതയോടെയുള്ള പദ്ധതി നടപ്പാക്കലുകളും അവരെ ശ്രദ്ധേയമായ വ്യക്തിത്വമായി ഉയര്‍ത്തിനിര്‍ത്തി. സ്വന്തം നാടിന്റെയും ജനതയുടെയും മനസ്സും ശബ്ദവുമായി അവര്‍ മാറി.
പൊതുവില്‍ അത്ര സ്ത്രീസൗഹൃദമല്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജയലളിത ഉയര്‍ന്നുവന്ന രീതി തീര്‍ച്ചയായും പ്രചോദനകരമാണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും നിലനില്‍ക്കുന്നതിനുവേണ്ടി അവര്‍ കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണ്.
ജയലളിതയുടെ വിയോഗംമൂലം രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുക വിഷമമാണ്. ഈ വിയോഗമുണ്ടാക്കിയിട്ടുള്ള ദുഃഖം ഈ മന്ത്രിസഭായോഗം ഇവിടെ രേഖപ്പെടുത്തുന്നു. ഹൃദയപൂര്‍വമായ അനുശോചനം തമിഴ്‌നാടിനെയും അവിടത്തെ ജനതയേയും ജയലളിതയുടെ ബന്ധുമിത്രാദികളെയും അറിയിക്കുന്നു.
Also Read:
പൊയിനാച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
Keywords: Cabinet resolution on Jayalalitha's demise, Thiruvananthapuram, Thamil Nadu, Chief Minister, Politics, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.