പെരുമാറ്റച്ചട്ടം വരുംമുമ്പേ തിരക്കിട്ട് ഉദ്ഘാടനങ്ങള്‍; കണ്ണിലെണ്ണയൊഴിച്ച് പ്രതിപക്ഷം

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടാകും. ഇതു സംബന്ധിച്ച് അനൗദ്യോഗിക വിവരം സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ലഭിച്ചു. ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മുഴുവന്‍ ഈ മാസം 28നു മുമ്പ് തുടങ്ങിവയ്ക്കാനും ഉദ്ഘാടനങ്ങള്‍ നടത്താനുമുള്ള നെട്ടോട്ടമാണ്.

കുറേ പദ്ധതികളുടെ ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. പലതും കടലാസില്‍ മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ ശൈശവാവസ്ഥയില്‍ തന്നെ പരിപാടികളെല്ലാം ഉദ്ഘാടനം നടത്തിവയ്ക്കുകയാണ്. പിന്നീട് ആവശ്യമായ തുടര്‍ നടപടികളിലേക്കു കടക്കാം എന്നാണ് ഭരണ നേതൃത്വം ഉദ്യോഗസ്ഥര്‍ക്കു കൊടുക്കുന്ന നിര്‍ദേശം.

തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചാല്‍ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകും. അതിനു ശേഷം സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ മുമ്പു പ്രഖ്യാപിച്ചവയുടെ ഉദ്ഘാടനമോ മറ്റോ നടത്തുകയോ ചെയ്താലും അത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമായി പരിഗണിക്കപ്പെടും. അതൊഴിവാക്കാനാണ് തിരക്കിട്ട ശ്രമം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം, അതിനു മുമ്പ് സീറ്റു വിഭജനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭരണമുന്നണി നേതൃത്വത്തിന് ഏറെ സമയം വേണ്ടിവരും എന്നതിനാല്‍ എത്രയും വേഗം ഭരണപരമായ കാര്യങ്ങള്‍ തീര്‍പ്പാക്കി രാഷ്ട്രീയ തിരക്കിലേക്ക് മുഴുവനായി മാറാനും കൂടിയാണ് ഈ ധൃതി. അതേസമയം, ദൈനംദിന ഭരണത്തെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധിക്കില്ലെങ്കിലും തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് പെരുമാറ്റച്ചട്ട കാലാവധി കഴിയുന്നതു വരെ ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും തയ്യാറാകില്ല.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പും ഇതുതന്നെയാണു സ്ഥിതിയെങ്കിലും നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫിന് ലോക്‌സഭയിലേക്ക് വന്‍ വിജയം ഉറപ്പാക്കേണ്ടത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള വേഗത കൂടുതലാണ്. സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി ഇതിലൊന്നാണു താനും.
പെരുമാറ്റച്ചട്ടം വരുംമുമ്പേ തിരക്കിട്ട് ഉദ്ഘാടനങ്ങള്‍; കണ്ണിലെണ്ണയൊഴിച്ച് പ്രതിപക്ഷം

അതിനിടെ ഉന്നത ഉദ്യോഗസ്ഥ തലപ്പത്തും ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തും തങ്ങള്‍ക്ക് അനുയോജ്യരായവരെ തെരഞ്ഞെടുപ്പിനു മുമ്പേ പ്രതിഷ്ഠിക്കുന്നു എന്ന പതിവ് ആരോപണം ഭരണ നേതൃത്വം നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താനോ അതുപോലുള്ള നിയമിരുദ്ധ നടപടികള്‍ക്കോ മുതിരുന്ന പതിവില്ലാത്തതുകൊണ്ട് യുഡിഎഫിനും യുഡിഎഫ് നയിക്കുന്ന സര്‍ക്കാരിനും ഈ വിമര്‍ശനം ബാധകമല്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം, ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനു നിരക്കാത്ത നടപടികള്‍ ഉണ്ടാകുന്നുണ്ടോ എന്നു സൂക്ഷ്മമായി നിരീക്ഷിക്കാനും അത് കണ്ടുപിടിച്ചു പ്രശ്‌നമാക്കാനും പ്രതിപക്ഷം പ്രത്യേക ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്. സിപിഎം പിബി അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ് ഇതിന്റെ ചുമതല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Project, Government, Thiruvananthapuram, Election, Kerala, Busy schedule for inauguration programs of the state Govt., Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia