'ആളുമാറി മൃതദേഹം സംസ്‌ക്കരിച്ചു'; സംഭവം തിരുവനന്തപുരം മെഡികല്‍ കോളജില്‍

 


തിരുവനന്തപുരം: (www.kvartha.com 17.03.2022) ആളുമാറി മൃതദേഹം സംസ്‌ക്കരിച്ചു. സംഭവം തിരുവനന്തപുരം മെഡികല്‍ കോളജില്‍.
മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചതാകട്ടെ മറ്റൊരാളുടെ മൃതദേഹവും. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞദിവസവും.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:


ഇക്കഴിഞ്ഞ മാര്‍ച് പതിനൊന്നിന് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വിനേയും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനനേയും (34) ഗുരുതരാവസ്ഥയില്‍ മെഡികല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഇതില്‍ ബാബു 12 ന് മരിച്ചു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും.

അടുത്തടുത്ത സമയങ്ങളില്‍ ആശുപത്രിയിലെത്തിച്ചു എന്നതും രണ്ടുപേരുടെയും കേസ് നമ്പരുകള്‍ അടുത്തടുത്തായിരുന്നു എന്നതും സംശയത്തിനിട നല്‍കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ സി യുവിലേയ്ക്കും ലാല്‍മോഹനെ ഐ സി യുവിലേയ്ക്കും മാറ്റി.

ലാല്‍മോഹന്റെ അപകടം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ന്യൂറോ ഐ സി യു വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. പരിചരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. 12 ന് ബാബു മരിച്ചു. മരിച്ചത് ലാല്‍മോഹന്‍ തന്നെ എന്ന ധാരണയില്‍ ബന്ധുക്കള്‍ മലയിന്‍കീഴ് പൊലീസിനെ അറിയിച്ച് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചു.

ഈ സമയം ലാല്‍മോഹന്‍ അജ്ഞാതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്‍പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഇദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ തുടര്‍ന്ന് മെഡികല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടതായി അറിയുന്നത്.

തുടര്‍ന്ന് ബാബു മരിച്ചതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബുധനാഴ്ച ആശുപത്രിയിലെത്തിയ ബാബുവിന്റെ ബന്ധുക്കളെ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്‌കരിച്ച വിവരം പുറത്തറിയുന്നത്. ലാല്‍മോഹനാണെന്ന് കരുതി ബാബുവിനെ പരിചരിക്കുകയും മരണാനന്തര ക്രിയകള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്തിട്ടും ആളെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ പോയതാണ് പൊലീസിനെ കുഴക്കിയത്. ഇനി ലാല്‍മോഹന്റെ യഥാര്‍ഥ മൃതദേഹം മലയിന്‍കീഴ് പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

'ആളുമാറി മൃതദേഹം സംസ്‌ക്കരിച്ചു'; സംഭവം തിരുവനന്തപുരം മെഡികല്‍ കോളജില്‍

Keywords: Body was cremated in disguise, Thiruvananthapuram, News, Medical College, Dead Body, Family, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia