Criticized | മുഖ്യമന്ത്രിയുടെ വിദേശ യാത്ര ഗുരുതരമായ ഭരണ പ്രതിസന്ധിയുണ്ടാക്കിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

 


കണ്ണൂര്‍: (KVARTHA) വിദേശ യാത്ര നടത്തിവരുന്ന മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. സഹപ്രവര്‍ത്തകരേയും ജനങ്ങളേയും അറിയിക്കാതെ വിദേശത്തേക്ക് പോയ മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫിസായ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Criticized | മുഖ്യമന്ത്രിയുടെ വിദേശ യാത്ര ഗുരുതരമായ ഭരണ പ്രതിസന്ധിയുണ്ടാക്കിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് വിദേശ യാത്രയെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനം അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോഴാണ് ആരേയും അറിയിക്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. പ്രതിസന്ധിയില്‍ നിന്നുളള ഒളിച്ചോട്ടമായി മാത്രമേ ഇതിനെ കാണാനാവൂ. ഉഷ്ണ തരംഗത്തിന്റെ ഫലമായി മനുഷ്യര്‍ മരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. തോട്ടം മേഖല നശിക്കുന്നു. കാര്‍ഷിക വിളകള്‍ നശിച്ച് കര്‍ഷകര്‍ ദുരിതം പേറുകയാണ്.

കളളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ജനം പൊറുതി മുട്ടുകയാണ്. ഇതെല്ലാം ഉളള സമയത്താണ് 19 ദിവസത്തേക്ക് മുഖ്യമന്ത്രി വിദേശത്തേക്ക് പോയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനും വിദേശത്ത് പോകാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. പക്ഷേ ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളോട് പറഞ്ഞിട്ടാവണം യാത്ര.
എന്തൊക്കെയോ മറച്ച് വെയ്ക്കാന്‍ ശ്രമം നടക്കുകയാണ്.

യാത്രയുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ല. മന്ത്രിസഭാ യോഗം പോലും മാറ്റിവെച്ചിരിക്കുകയാണ്. ദിവസങ്ങളോളം സംസ്ഥാനത്ത് നിന്നും വിട്ടു നില്‍ക്കുമ്പോഴും ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭയിലെ ആരേയും സ്വന്തം മരുമകനെ ഒഴികെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. മരുകനാകട്ടെ അദ്ദേഹത്തിന്റെ കൂടെ വിദേശ യാത്രയിലാണ്. ജനങ്ങളോട് യാതൊരുവിധ പ്രതിബദ്ധതയുമില്ലാത്ത മുഖ്യമന്ത്രി ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും കൃഷ്ണദാസ് ആരോപിച്ചു.

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ അനന്തരവനായി പിണറായി മാറിയിരിക്കുകയാണ്. സ്വാകാര്യ യാത്രയില്‍ ചിലവ് വഹിക്കുന്നത് സര്‍കാരാണോ സ്പോണ്‍സേര്‍ഡാണോ സ്വന്തം കയ്യിലെ കാശുപയോഗിച്ചാണോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മുന്നണിക്കായി പ്രചാരണത്തിന് പോകാതെ വിദേശത്തേക്ക് കടന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇടതില്ലെങ്കില്‍ ഇന്‍ഡ്യയില്ലെന്ന് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇടതില്ലാവുന്നതിനാല്‍ ഇടതില്ലെങ്കില്‍ രാജ്യം വിടുമെന്നാണോ തിരോധാനത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരുമില്ല. രാജ്യ ചരിത്രത്തില്‍ ആദ്യമാണ് സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി ഇങ്ങനെ മുങ്ങുന്നത്. സിപിഎം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജനങ്ങള്‍ മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്ക് അകത്ത് ഭിന്നതയുണ്ടെന്ന തരത്തിലുളള പ്രചാരണം പച്ചക്കളളമാണെന്നും പാര്‍ടി സംസ്ഥാനത്ത് ലോക് സഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്, ജില്ലാ വൈസ് പ്രസിഡന്റ് ടിസി മനോജ്, ട്രഷറര്‍ യുടി ജയന്തന്‍ എന്നിവരും പങ്കെടുത്തു.

Keywords: BJP leader PK Krishnadas Criticized Chief Minister's Foreign Trip, Kannur, News, BJP Leader, PK Krishnadas, Criticized, Chief Minister, Pinarayi Vijayan, Press Meet, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia