ബിന്ദു കൃഷ്ണയ്ക്ക് രണ്ടു പദവികള്‍ പോരാ; തലസ്ഥാനത്തു പാര്‍ട്ടിയെ നയിക്കാന്‍ മോഹം

 


തിരുവനന്തപുരം: (www.kvartha.com 04/02/2015) മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയും സംസ്ഥാന പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്ക് ഈ രണ്ടു പദവികള്‍ കൊണ്ടും മതിയാകാതെ തലസ്ഥാന ജില്ലയിലെ ഡിസിസി പ്രസിഡന്റാകാന്‍ ശ്രമിക്കുന്നു.

ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ നടത്തുന്ന ഈ ശ്രമം വെട്ടാന്‍ എ ഗ്രൂപ്പ് രംഗത്തിറങ്ങി. ഇതോടെ നിലവിലെ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്കുള്ള വഴി അടയുകയും ചെയ്തു.

അദ്ദേഹത്തിനു പകരം ഐഎന്‍ടിയുസി നേതാവ് സുരേഷ് ബാബുവിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കുമെന്നാണു സൂചന. മോഹന്‍കുമാറിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയാല്‍ പകരം ബിന്ദുകൃഷ്ണയ്ക്കു വേണ്ടിയുള്ള ശ്രമം ഐ ഗ്രൂപ്പ് ശക്തിപ്പെടുത്തുമെന്ന് ഉറപ്പായതോടെയാണിത്. മോഹന്‍കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കി തലസ്ഥാന ഡിസിസിയില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെക്കുറിച്ച് കെവാര്‍ത്ത നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിലെ ആദ്യ വനിതാ ഡിസിസി പ്രസിഡന്റാകാനും അത് ഉറപ്പായ ശേഷം മാത്രം മഹിളാ കോണ്‍ഗ്രസിലെ പദവികള്‍ രാജിവയ്ക്കാനുമാണ് ബിന്ദു കൃഷ്ണ കരുനീക്കിയത്. നേരത്തേ, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് മഹിളാ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷയായ ബിന്ദു സ്വാഭാവികമായും സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്നാമതും യുപിഎ സര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പായതോടെ സംസ്ഥാനത്തെ പദവി നിലനിര്‍ത്തി.

ബിന്ദു കൃഷ്ണയ്ക്ക് രണ്ടു പദവികള്‍ പോരാ; തലസ്ഥാനത്തു പാര്‍ട്ടിയെ നയിക്കാന്‍ മോഹംകേന്ദ്രത്തില്‍ അധികാരമില്ലാതെ ദേശീയ ഉപാധ്യക്ഷ മാത്രമായിരുന്നിട്ടു കാര്യമില്ലെന്നു വന്നതോടെയായിരുന്നു ഇത്. അതേസമയം, ദേശീയ ഉപാധ്യക്ഷ പദവി കൈവിട്ടുമില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് എന്നിവര്‍ കരുനീക്കിയെങ്കിലും ഐ ഗ്രൂപ്പിന്റെയും രമേശ് ചെന്നിത്തലയുടെയും ഉറച്ച പിന്തുണയോടെ രണ്ടു പദവികളും ബിന്ദു കൃഷ്ണ നിലനിര്‍ത്തി.

അതിനിടെയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റാകാനും ശ്രമിച്ചത്. അത് മോഹന്‍കുമാറിന്റെ മനുഷ്യാവകാശ കമ്മീഷന്‍ മോഹത്തിനു തിരിച്ചടിയാവുകയും ചെയ്തു. ബിന്ദു കൃഷ്ണ പല പദവികള്‍ക്കായി ഒരേസമയം നടത്തുന്ന നീക്കങ്ങളിലുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐയിലെ  മുതിര്‍ന്ന ചില സഹപ്രവര്‍ത്തകരോടു പങ്കുവച്ചതായും അറിയുന്നു. മറ്റാരെയെങ്കിലും ഡിസിസി പ്രസിഡന്റാക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറായാല്‍ മോഹന്‍കുമാറിനു കമ്മീഷന്‍ അംഗത്വം നല്‍കി ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Bindhu Krishna is Trying For Third Post In Congress At a Time, Thiruvananthapuram, DCC, President, Report, Resignation, Chief Minister, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia