ചെങ്കൊടിയുമായെത്തിയ ബൈകുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് ഓടിച്ചുകയറ്റി; അഭിവാദ്യം അര്‍പിക്കാന്‍ എത്തിയവരാണെന്ന് കരുതി തടയാതിരുന്ന പൊലീസുകാര്‍ അമ്പരന്നു, സുരക്ഷാവീഴ്ചയെന്ന് പരാതിയും
Mar 14, 2022, 07:07 IST
തിരുവനന്തപുരം: (www.kvartha.com 14.03.2022) മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് ശരവേഗത്തില്‍ ഓടിച്ചുകയറ്റി ചെങ്കൊടിയുമായെത്തിയ ബൈകുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചുവന്ന കൊടി കണ്ടു സിപിഎം പ്രവര്‍ത്തകരോ, അഭിവാദ്യം അര്‍പിക്കാന്‍ എത്തിയവരോ ആണെന്ന് കരുതിയ പൊലീസുകാര്‍ തടഞ്ഞുമില്ല. എന്നാല്‍ നഗരത്തിലെ ഒരു ഹോടെലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈകുകളെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ശരിക്കും അമ്പരന്നു.
ഞായറാഴ്ച 11.30ന് ജനറല്‍ ആശുപത്രി എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി അതുവഴി കടന്ന് പോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. ഇതിനിടെയാണ് ഹോണടിച്ചുകൊണ്ട് റാലിയായെത്തിയ 10 ബൈകുകള്‍ ചീറിപ്പാഞ്ഞെത്തിയത്. വേഗവും ചെങ്കൊടിയും കണ്ടതോടെ പൊലീസുകാരും പിന്നെയൊന്നും ആലോചിച്ചില്ല. അവര്‍ ബൈകുകള്‍ കടത്തിവിട്ടു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ കടന്ന് അദ്ദേഹത്തിന്റെ കാറിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അത് ഹോടെലിന്റെ പരസ്യക്കാരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലിന് മുന്‍പില്‍ പൊലീസ് ജീപ് കുറുകെയിട്ടു ബൈകുകാരെ തടഞ്ഞു നിര്‍ത്തി താക്കീതു നല്‍കിയ ശേഷം വിട്ടയക്കുകയായിരുന്നു.
ഹോടെലിന്റെ പ്രചാരണത്തിനായി മുന്‍കൂട്ടി അറിയിച്ചാണ് ബൈക് റാലി നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. സമയവും റൂടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞില്ലെന്ന് പറയുന്നു. സുരക്ഷാവീഴ്ചയെന്ന് പരാതിയും ഉയര്‍ന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.