ബഷീറിലൂടെ തെളിയുന്നത് ലീഗിന്റെ മാറിയ മുഖം: സിപിഎം

 


ബഷീറിലൂടെ തെളിയുന്നത് ലീഗിന്റെ മാറിയ മുഖം: സിപിഎം
മലപ്പുറം: മുസ്ലീം ലീഗ് എം.എല്‍.എ ബഷീറിലൂടെ തെളിയുന്നത് ലീഗിന്റെ മാറിയ മുഖമാണെന്ന്‌ സിപിഐഎം. ലീഗ് നേതാക്കള്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കാര്യം പൊതുജന മദ്ധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടു. മുമ്പു നടന്ന കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ അക്രമികളെ പ്രേരിപ്പിച്ചത് എംഎല്‍എയുടെ പ്രസംഗമാണ്. അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എംഎല്‍എയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ പൊലീസ് കര്‍ശന നടപടി കൈക്കൊള്ളണം. എംഎല്‍എക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ അമാന്തം കാണിക്കരുതെന്നും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. എം.എല്‍.എയുടെ പ്രസംഗം അരീക്കോട്ടെ ഇരട്ടക്കൊലപാതകത്തിന്‌ കാരണമായെന്നും സിപിഐഎം ആരോപിച്ചു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ബഷീറിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ തെരഞ്ഞെടുപ്പ് കേസില്‍ ബഷീറിനെതിരെ സാക്ഷിയായത് വിരോധത്തിനുകാരണമായി. പോലീസിന്റെ പ്രഥമ വിവര റിപോര്‍ട്ടില്‍ എംഎല്‍എക്കെതിരെ വിശദമായ പരാമര്‍ശങ്ങളുണ്ട്. പോലീസ് തയ്യാറാക്കിയ പ്രതിപട്ടികയിലും എംഎല്‍എയുണ്ട്. ഈ സാഹചര്യത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ലീഗിന്റെ കപടമുഖമാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നത്. അക്രമത്തിനെതിരെന്ന് പൊതുജനമധ്യത്തില്‍ പ്രസംഗിക്കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലീഗിന്റെ പൊയ്മുഖം അഴിഞ്ഞുവീണു.

മുമ്പും സമാന രീതിയില്‍ ബഷീര്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അധ്യാപക പരിശീലനത്തിനെത്തിയ അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാര്‍ക്കെതിരെ സാക്ഷിപറയാന്‍ പോകുന്നവര്‍ ജീവനോടെ തിരിച്ചു വരില്ലെന്നായിരുന്നു അന്ന് മുസ്ലീംലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റായിരുന്ന ബഷീര്‍ പ്രസംഗിച്ചത്. സാക്ഷിപറയാന്‍ പോകുന്നവരെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തകരോട് പറയാനും മറന്നില്ല. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുംവിധം അത്യന്തം പ്രകോപനപരമായി പൊതുവേദിയില്‍ പ്രസംഗിച്ച ബഷീറിനെതിരെ അന്ന് കേസെടുത്തിരുന്നെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

ഞായറാഴ്ച രാത്രി കുനിയില്‍ കൊല്ലപ്പെട്ട അബൂബക്കറും ആസാദും ലീഗ് ഗുണ്ടകള്‍ കൊല്ലുന്ന ആദ്യ വ്യക്തികളല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ കൊല്ലപ്പെട്ട സുബ്രഹ്മണ്യനാണ് സമീപകാലത്ത് ലീഗിന്റെ കൊലക്കത്തിക്കിരയായവരില്‍ ഒരാള്‍. അധികാരത്തിന്റെ പിന്‍ബലവും രാഷ്ട്രീയസ്വാധീനവുമുപയോഗിച്ച് രക്ഷപ്പെടാമെന്ന ധാരണയാണ് ലീഗുകാരെ നയിക്കുന്നത്. അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നേതൃത്വത്തിന്റെ നയമാണ് പ്രശ്‌നം.

ആളെക്കൊന്നും കലോത്സവവേദി അക്രമം നടത്തി അലങ്കോലമാക്കിയും ജനാധിപത്യരീതിയില്‍ നിന്നും വ്യതിചലിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. നാടിന്റെ സമാധാനം കെടുത്തുന്ന ഇത്തരം നെറികേടുകള്‍ക്കെതിരെ ജനാധിപത്യവിശ്വാസികളായ എല്ലാവിഭാഗം ജനങ്ങളും രംഗത്തുവരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

ഇന്നലെ രാത്രി മലപ്പുറം അരീക്കോട് അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളായ സഹോദരങ്ങളെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ വിവാദം ഉടലെടുത്തത്. ജൂണ്‍ ഒന്നിന്‌ പിഎ ബഷീര്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തില്‍ അത്തീഖ് റഹ്മാന്‍ കൊലക്കേസിലെ പ്രതികളെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതാണ്‌ പുതിയ വിവാദത്തിന്‌ വഴിവച്ചിരിക്കുന്നത്. എം.എം മണി നടത്തിയ കൊലവിളി കേരളക്കരയെ ഇളക്കിമറിക്കുന്ന സാഹചര്യത്തിലാണ്‌ ലീഗ് എം.എല്‍.എയുടെ പ്രസംഗവും വിവാദമാകുന്നത്.

English Summery
Basheer expressed the changing face of League, alleges CPIM. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia