ശുചീകരണ ജോലിക്കാരിയെ പിരിച്ചുവിട്ടു; ബാങ്ക് ജീവനക്കാര്‍ സമരത്തില്‍

 


തൊടുപുഴ: (www.kvartha.com 04.10.2015) 13 വര്‍ഷമായി ജോലിയിലുളള ശുചീകരണ ജീവനക്കാരിയെ പിരിച്ചുവിട്ട സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ നടന്നുവരുന്ന സമരം ശക്തമാക്കുമെന്ന് കരാര്‍ ജീവനക്കാരുടെ സംഘടനയായ ബി.സി.സി.ഇ.എഫന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്യായ സ്ഥലം മാറ്റത്തിനെതിരെ പ്രതികരിച്ചതിനാണ് ജിവനക്കാരിയെ പിരിച്ചുവിട്ടത്. ശുചീകരണ ജോലികള്‍ക്ക് പുറം കരാര്‍ നല്‍കിയതിനെ തുടര്‍ന്ന് കൊടിയ ചൂഷണവും വന്‍ അഴിമതിയുമാണ് അരങ്ങേറുന്നതെന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആസ്ഥാനമായുളള ഏജന്‍സിക്ക് ബാങ്ക് നല്‍കുന്നത് പ്രതിമാസം ഒരാള്‍ക്ക് 9200 രൂപാ
വീതമാണ്. എന്നാല്‍ ഏജന്‍സി ജീവനക്കാര്‍ക്ക് നല്‍കുന്നത് 4600 രൂപ മാത്രം. 400 രൂപ ബോണസ് ഇനത്തില്‍ ഏജന്‍സി കൈപ്പറ്റുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. അവധിയെടുത്താല്‍ വേതനം വെട്ടിക്കുറക്കുകയും ചെയ്യും. ഇത്തരം ഏജന്‍സികളുടെയെല്ലാം മേധാവികള്‍ ബാങ്കിന്റെ ഉന്നത സ്ഥാനത്തുനിന്നും വിരമിച്ചവരോ നിലവിലുളളവരുടെ ബിനാമികളോ ആണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 500ല്‍പരം ശാഖകളിലും ഇന്ത്യയിലെ 15000 ല്‍ അധികം ശാഖകളിലും ഇത്തരം തട്ടിപ്പിലൂടെ ചിലര്‍ കോടികളാണ് സമ്പാദിക്കുന്നത്.

തൊടുപുഴ ശാഖയില്‍ ജോലി ചെയ്തിരുന്ന ലളിത വിജയനെ നാലു മാസം മുമ്പ് അകാരണമായി വാഴക്കുളം ശാഖയിലേക്ക് മാറ്റി. തുച്ഛവേതനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ സ്ഥലം മാറ്റിയതിനെതിരെ സംഘടന കേന്ദ്ര അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ ഓഫീസ് നല്‍കിയ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ബാങ്ക് അധികാരികളോ ഏജന്‍സിയോ വകവെച്ചിട്ടില്ല. ഇതിനിടെ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ലളിതയെ സര്‍വീസില്‍ നിന്നും നീക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒരാഴ്ചക്കാലമായി ബാങ്ക് ശാഖക്ക് മുന്നില്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ പ്രതിഷേധ സമരം നടത്തിവരികയാണ്.

ശുചീകരണ ജോലിക്കാരിയെ പിരിച്ചുവിട്ടു; ബാങ്ക് ജീവനക്കാര്‍ സമരത്തില്‍
തിങ്കളാഴ്ച ബാങ്ക് ജീവനക്കാരും മറ്റു സംഘടന പ്രവര്‍ത്തകരും ശാഖക്ക് മുന്നില്‍ പട്ടിണി സമരം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. അടുത്ത ഘട്ടമായി എറണാകുളം റീജ്യണല്‍ ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും മറ്റു ജില്ലകളില്‍ എസ്.ബി.ഐ ശാഖകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. ബെഫി ജില്ലാ സെക്രട്ടറി എന്‍.സനില്‍ബാബു, ബി.സി.സി.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന്‍ വി.ആര്‍, ജില്ലാ കണ്‍വീനര്‍ ജോര്‍ജ് .ടി. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Thodupuzha, Idukki, Kerala, Bank employees in strike.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia