500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍

 


(www.kvartha.com 09.11.2016) 2016 നവംബര്‍ എട്ടിലെ 2652 ാം നമ്പര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം 500, 1000 രൂപ മൂല്യമുള്ള കറന്‍സികള്‍ 08/11/2016 അര്‍ദ്ധരാത്രി മുതല്‍ അസാധുവായി. ഈ നടപടി സ്വീകരിച്ചത് കള്ളപ്പണവും കള്ളനോട്ടും പുറത്തു കൊണ്ടുവരാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ കള്ളനോട്ടു നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഈ നടപടി സഹായിക്കും. എന്നാല്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ.

കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമി, സ്വര്‍ണം, തുടങ്ങിയവയില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയില്‍പ്പെടില്ല. ഈ ലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍ പ്രതികൂലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും നടപ്പിലാക്കാന്‍ കഴിയുമായിരുന്നുവെന്നുള്ളതാണ് കേരള സര്‍ക്കാരിന്റെ വിമര്‍ശനം.

ഇതിനുമുമ്പ് 1977 ല്‍ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതല്‍ കൂടുതല്‍ സാധാരണക്കാര്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977 ലെ ഏതാണ്ട് 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപയ്ക്കുള്ളത്. ഇതുമൂലം ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കും.

ജനങ്ങളോട് സംസ്ഥാനസര്‍ക്കാരിനുള്ള അഭ്യര്‍ത്ഥന ഇതാണ്: പരിഭ്രാന്തരാകുന്നതില്‍ കാര്യമില്ല. ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ല. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കുന്നതിനുള്ള കുറച്ചു സമയമെടുക്കും എന്നേയുള്ളൂ.

ആര്‍.ബി.ഐ നല്‍കുന്ന ഉപദേശം ഇതാണ്:

1. അസാധുവായ 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും കൊടുത്തു മാറാവുന്നതാണ്. ഫോട്ടോ ഐ.ഡി പ്രൂഫ് ഹാജരാക്കണം. നവംബര്‍ 11 അര്‍ദ്ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സി.എന്‍.ജി ഗ്യാസ് സ്‌റ്റേഷനുകള്‍ എിവിടങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതാണ്.

2. നവംബര്‍ 10 നും ഡിസംബര്‍ 30 നും ഇടയിലുള്ള 50 ദിവസങ്ങളില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ പോസ്‌റ്റോഫീസുകളിലോ ബാങ്കുകളിലോ കൈമാറാവുന്നതാണ്. കൂടാതെ അസാധുവായ കറന്‍സി നോട്ടുകള്‍ നിശ്ചിത പോസ്‌റ്റോഫീസുകളിലും ബാങ്കുകളിലും സമര്‍പ്പിച്ച് പകരം താഴ്ന്ന ഡിനോമിനേഷനുള്ള കറന്‍സി നോട്ടുകള്‍ വാങ്ങാവുന്നതുമാണ്. ഇതിനായി പാന്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതാണ്. നവംബര്‍ 10 മുതല്‍ 24 വരെ പ്രതിദിനം 4000 രൂപ വരെയായിരിക്കും ഇങ്ങനെ മാറിക്കിട്ടുക.

3. കാര്‍ഡ്, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. എന്നാല്‍ എ.ടി.എമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ടാകും. നവംബര്‍ 19ാം തീയതി വരെ പ്രതിദിനം എ.ടി.എമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയായിരിക്കും. അതിനുശേഷം ഡിസംബര്‍ 30 വരെ 4000 രൂപ പിന്‍വലിക്കാം. ബാങ്കില്‍ നിന്നു ക്യാഷായി പിന്‍വലിക്കാവുന്ന തുകയുടെ പ്രതിദിന പരിധി 10,000 രൂപയും ആഴ്ചയിലെ പരിധി 20,000 രൂപയും ആയിരിക്കും. നവംബര്‍ 24 നു ശേഷം ഈ നിയന്ത്രണം തുടരണമോ എന്നുള്ളത് റിവ്യൂ ചെയ്യും.

ചുരുക്കത്തില്‍ ഡിസംബര്‍ 30 വരെ ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടിയുടെ പ്രയാസങ്ങള്‍ തുടരും. ഇതു പരമാവധി ലഘൂകരിക്കാനുള്ള സാധ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണ്.

സംസ്ഥാനസര്‍ക്കാര്‍ ചുവടെ പറയുന്ന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്:

1) അസാധുവാക്കിയ കറന്‍സി നോട്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് ബാങ്കിങ് നിയന്ത്രണ നിയമത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2) 2016 നവംബര്‍ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബര്‍ 10 നുമുമ്പ് ട്രഷറിയില്‍ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.

3) വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വാങ്ങുന്നതിനുള്ള പ്രയാസങ്ങള്‍ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.

4) കെ.എസ്.എഫ്.ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങള്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.

5) സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല.

ബാങ്കിങ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏതു രൂപത്തിലാണു കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു ധാരണയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ ഇത് ഉണ്ടാക്കുന്ന അരാജകത്വം വളരെ വലുതായിരിക്കും. സാധാരണക്കാരെ ഇതു വല്ലാതെ ബാധിക്കുകയും ചെയ്യും. ദൗര്‍ഭാഗ്യവശാല്‍ ട്രഷറിയുടെ നടത്തിപ്പു സംബന്ധിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ ഇതിനായി ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാന്‍ കഴിയേണ്ടതായിരുന്നു. ഈ പ്രഖ്യാപനങ്ങളില്‍ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമായിരുന്നു. ജനം അല്‍പ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണ് ഇത് എന്നൊക്കെയുള്ള നാട്യങ്ങള്‍ക്കൊന്നും വലിയ നിലനില്‍പ്പില്ല.

പഴയ നോട്ടുകള്‍ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ ഏതാണ്ട് കൈവരിക്കാന്‍ കഴിയുമായിരുന്നു. കള്ളനോട്ടുകള്‍ മുഴുവന്‍ പുറത്താകും. കള്ളപ്പണം നിയമാനുസൃതമാക്കാന്‍ നിര്‍ബന്ധിതമാകും. ഇതുവരെ വോളന്ററി ഡിസ്‌ക്ലോഷര്‍ സ്‌കീമാണല്ലോ നടപ്പാക്കിക്കൊണ്ടിരുന്നത്. 500, 1000 രൂപ നോട്ടിന്റെ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുകയും ചെയ്യാം. ഇതിനു തുനിയാതെ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, സാമ്പത്തികതിരിച്ചടിയും ഉണ്ടാക്കും.

പണത്തിന്റെ ലഭ്യത കുറയുന്നതും ഡിസംബര്‍ 30 വരെ സാധാരണഗതിയിലുള്ള ക്രയവിക്രയം
കുറയുന്നതും സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കും. സംസ്ഥാനസര്‍ക്കാരിന് കേന്ദ്രനികുതിവിഹിതമായി ഈ ആഴ്ച നല്‍കേണ്ടിയിരുന്ന 453 കോടി രൂപ അസാധാരണമാംവിധം വെട്ടിക്കുറച്ചത് യാദൃച്ഛികമാകാന്‍ തരമില്ല. സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന 296 കോടി രൂപയുടെ റവന്യുകമ്മി ഗ്രാന്‍ഡും കേന്ദ്രം നല്‍കിയിട്ടില്ല. 

ഇത്തരത്തില്‍ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാനട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹാരം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുന്നതാണ്.

500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍

Also Read: 
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

Keywords:  Assembly Statement by FM on Demonitisation, Fake Money, Post Office, Treasury department, Thomas Isaac, Foreign, hospital, Bank, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia