Abdullakkutty | പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അബ്ദുല്ലക്കുട്ടി, റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി. കണ്ണൂരിലെ പാര്‍ടി പരിപാടിക്കിടെയാണ് അബ്ദുല്ലക്കുട്ടി മുഖ്യമന്ത്രിയേയും സര്‍കാരിന്റെ പോക്കിനെയും വിമര്‍ശിച്ചത്.

മരുമകന്‍ മുഹമ്മദ് റിയാസിനെ ഭാവി മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് മാര്‍ക്‌സിസ്റ്റിനെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് മുസ്ലീമാക്കാനുളള നീക്കമാണ് പിണറായി നടത്തുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ എപി അബ്ദുല്ലക്കുട്ടി ആരോപിച്ചു. കേരളത്തില്‍ ജിഹാദികളുമായി അതിശക്തമായ കൂട്ടുകെട്ടുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നത്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ കമിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഏഴ് വര്‍ഷത്തെ പിണറായിയുടെ ഭരണത്തില്‍ കള്ളവും പൊളിവചനവും മാത്രമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടെ കാലത്ത് നടക്കുന്നത്. കേട്ട് കേള്‍വിയില്ലാത്ത റിവേഴ്‌സ് ഹവാല കണ്ടെത്തിയത് പിണറായിയുടെ കാലത്താണ്. അഴിമതിയുടെ മഹാ സമുദ്രമായി ക്ലിഫ് ഹൗസ് മാറിയിരിക്കുന്നു. നേരത്തെ പാര്‍ടിക്കാണ് അഴിമതിത്തുക ലഭിച്ചതെങ്കില്‍ പിണറായിയുടെ കാലത്ത് എല്ലാ അഴിമതിയും കുടുംബത്തിന്റേതായി. മുഹമ്മദ് റിയാസിനെ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന എല്ലാ അഴിമതിക്കും പിണറായി വിജയന്‍ കൂട്ട് നില്‍ക്കുകയാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

അഞ്ച് വര്‍ഷം വിലവര്‍ധനവുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ എല്ലാറ്റിനും വിലവര്‍ധിപ്പിച്ചു. ഇപ്പോള്‍ 4500 കോടി രൂപയുടെ നികുതി വര്‍ധനവാണ് വരുത്തിയത്. എല്ലാ മേഖലയിലും വില വര്‍ധനവാണ്. വെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചു. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ചാര്‍ജ് പത്തിരട്ടിയാണ് വര്‍ധിപ്പിച്ചത്. ഇന്ധന സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെ അടുത്ത സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 രൂപ മുതല്‍ 15 രൂപവരെ പെട്രോളിനും ഡിസലിനും കൂടുതലായി.

സാധാരണക്കാര്‍ക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഏഴ് വര്‍ഷം മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കുമെന്ന് പറഞ്ഞ പിണറായി ഈ വര്‍ഷവും അതേ വാഗ്ദാനം നല്‍കി. പൊതു ജനങ്ങള്‍ക്ക് അരോചകമാകുന്ന തരത്തിലാണ് പിണറായിയുടെ ഇത്തരം വാഗ്ദാനങ്ങള്‍.

അറുപത് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ അവര്‍ണ ഭരണത്തില്‍ നിന്ന് മോദിയുടെ ഒന്‍പത് വര്‍ഷത്തെ ഭരണത്തില്‍ ഭാരതം സുവര്‍ണകാലഘട്ടത്തിലെത്തി. മോദിയുടെ നേതൃത്വത്തില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ഇന്‍ഡ്യയെ ലോകത്തെ ശക്തമായ സമ്പദ് ശക്തിയാക്കി മാറ്റി. മോദി ഭരണം നേട്ടങ്ങളുടേതാണ്. കേരളത്തിലെ ഒരു കോടി ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയത് മോദി സര്‍കാരാണ്. ആയുഷ് മാന്‍ ഭാരത് എന്ന ലോകത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത് മോദി സര്‍കാരാണ്.

Abdullakkutty | പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അബ്ദുല്ലക്കുട്ടി, റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

മോദി അധികാരത്തില്‍ വന്നതിന് ശേഷം 24 എയിംസ് സ്ഥാപിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നവീകരിക്കാന്‍ 234 കോടി രൂപയാണ് അനുവദിച്ചത്. സമസ്ത മേഖലയിലും വികസനമെത്തിച്ച മോദി സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവിടെയുള്ള പൊതു സമൂഹത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സികെ പദ്മനാഭന്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ ദാമോദരന്‍, പികെ വേലായുധന്‍, മേഖലാ അധ്യക്ഷന്‍ ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന സംഘടനാ സെക്രടറി എം ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി സ്വാഗതവും എംആര്‍ സുരേഷ് നന്ദിയും പറഞ്ഞു.

Keywords:  AP Abdullakkutty Against Pinarayi Vijayan, Kannur, News, Politics, Criticized, Pinarayi Vijayan, Muhammed Riyaz, BJP, CPM, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia