അദാനിയോടു രോഷം; വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രക്ഷോഭത്തിന് ഗ്രീന്‍പീസ് വരുന്നു

 


തിരുവനന്തപുരം: (www.kvartha.com 13/08/2015) ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് കേരളത്തില്‍ ഐക്യവേദി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

സംഘടനയ്ക്ക് സമീപകാലത്ത് ആഗോളതലത്തില്‍ നേരിട്ട ചില പ്രതിസന്ധികള്‍ അദാനി ഗ്രൂപ്പിന്റെ ഇടപെടലിനേത്തുടര്‍ന്നുകൂടിയാണെന്നു വന്നതോടെയാണിത്. ആസ്‌ട്രേലിയയില്‍ അദാനി ഗ്രൂപ്പിന്റെ ഖനി പദ്ധതി നിരോധിച്ചത് ഗ്രീന്‍പീസിന്റെ ഇടപെടലിനേത്തുടര്‍ന്നാണ്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദാനിയുടെ ഖനിക്ക് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയുമായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പ് ഗ്രീന്‍ പീസിനെതിരേ തിരിഞ്ഞു. സംഘടനയ്്‌ക്കെതിരെ വന്‍ പ്രചാരണവും ആരംഭിച്ചു. ഇതോടെ അദാനി ഗ്രൂപ്പ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണു വിവരം.

ഇതിന്റെ ഭാഗമായി സംസഥാനത്തെ വിവിധ പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളുമായി ഗ്രീന്‍പീസ് ബന്ധപ്പെട്ടു വരികയാണ്. വിഴിഞ്ഞത്തേക്കു വന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും പദ്ധതി പ്രദേശത്ത് തുടര്‍ സമരം നടത്താനുമാണ് ആലോചന. എന്നാല്‍ കേരളത്തില്‍ വലിയ ജനപിന്തുണയുള്ള പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകള്‍ ഇല്ലെന്നത് അവരെ കുഴയ്ക്കുന്നുണ്ട്. മാത്രമല്ല പ്രശ്‌നാധിഷ്ഠിതമായി നാട്ടുകാരും മറ്റും വന്‍തോതില്‍ സഹകരിക്കുന്ന പരിസ്ഥിതി സമരങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

തലസ്ഥാനത്തെത്തന്നെ വിളപ്പില്‍ശാലയില്‍ മാലിന്യ പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. മുക്കുന്നിമലയിലെ ക്വാറിവിരുദ്ധ സമരത്തിലുമുണ്ട് ഈ പങ്കാളിത്തം. പക്ഷേ, വിഴിഞ്ഞ പദ്ധതി പ്രദേശത്ത് വന്‍ വികസനം വരുമെന്നുവന്നതോടെ നാട്ടുകാര്‍ അനുകൂലമായി മാറി. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മാത്രമാണുള്ളത്. പുറത്തുനിന്ന് ആരെങ്കിലും സമരം സംഘടിപ്പിക്കാന്‍ വന്നാല്‍ ക്രമസമാധാന പ്രശ്‌നമായി മാറുന്ന വിധം എതിര്‍പ്പുണ്ടാകുമെന്നതാണു സ്ഥിതി.

പക്ഷേ, വലിയ ആസൂത്രണം നടത്തി വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍പീസ് പിന്മാറിയിട്ടില്ല. സമീപ ദിവസങ്ങളില്‍ത്തന്നെ സമര പ്രഖ്യാപനമുണ്ടായേക്കും. വിഴിഞ്ഞം തുറമുഖത്തേക്കുറിച്ച് വിപുലമായ പഠനം നടത്തി വരികയാണ് ഗ്രീന്‍പീസ് എന്നും സൂചനയുണ്ട്. ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17 ) ആണ് വിഴിഞ്ഞം പദ്ധതിക്കരാര്‍ ഒപ്പിടുന്നത്.

അദാനിയോടു രോഷം; വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രക്ഷോഭത്തിന് ഗ്രീന്‍പീസ് വരുന്നു

Also Read:
ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട ഹമീദിന് സഹായവുമായി ദുബൈ സൗഹൃദ വേദി

Keywords:  Angry against Adani; green peace against Vizhinjam port project, Thiruvananthapuram, Environmental problems, March, Strike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia