തടവറയിലും മായാത്ത പുഞ്ചിരിയോടെ അലനെത്തി, പരീക്ഷയെഴുതാനായി

 


കണ്ണൂര്‍: (www.kvartha.com 18.02.2020) താന്‍ പഠിച്ച പാലയാട് ക്യാമ്പസില്‍ അലന്‍ ഷുഐബ് കനത്ത പൊലീസ് സുരക്ഷയോടെ പരീക്ഷയെഴുതാനായി വാഹനത്തില്‍ നിന്നിറങ്ങിയത് ചെറിയൊരു പുഞ്ചരിയോടെയാണ്. കൊടും തീവ്രവാദിയെ കൊണ്ടുവരുന്നതിനു സമാനമായി തോക്കേന്തിയ ദ്രുതകര്‍മ്മസേനയടക്കം കടുത്ത സുരക്ഷയോടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അലനെ തലശേരി പാലയാടുള്ള ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലെത്തിച്ചത്. മാവോയിസ്റ്റ് തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് യു എ പി എ ചുമത്തി അറസ്റ്റു ചെയത അലന്‍ ഷുഐബ് തലശേരി പാലയാടുള്ള ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ രണ്ടുമണിയോടെയാണ് എല്‍ എല്‍ ബി പരീക്ഷയെഴുതിയത്. കനത്ത സുരക്ഷയോടെയാണ് അലനെ ഹൈക്കോടതിയില്‍ അനുമതി വാങ്ങി പരീക്ഷയെഴുതാന്‍ പൊലീസ് കൊണ്ടുവന്നത്.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ നിന്നും കനത്ത സുരക്ഷയോടെ അലന്‍ ഷുഐബിനെ ക്യാമ്പസില്‍ എത്തിച്ചത്. തീവ്രവാദ ബന്ധമാരോപിച്ച് യു എ പി എ  ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാലയാട് ക്യാമ്പസില്‍ നിന്നും കണ്ണൂര്‍ സര്‍വ്വകലാശാല അലനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് അലന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സെമസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല അനുമതി നല്‍കിയത്.

ജനറല്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അഞ്ച് സെമസ്റ്റര്‍ പരീക്ഷയാണ് അലന്‍ ഷുഹൈബ് എഴുതേണ്ടത്. ചൊവ്വാഴ്ച്ച ജയിലിലേക്ക് മടക്കി കൊണ്ടു പോകുന്ന അലനെ വ്യാഴാഴ്ച വീണ്ടും ക്യാമ്പസില്‍ എത്തിക്കും. 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹയെയും പന്തിരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.മാവോയിസ്റ്റ് അനുകൂല ലഘുലേഖ സൂക്ഷിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇതിനെ തുടര്‍ന്ന് തീവ്രവാദബന്ധമാരോപിച്ച് അലനെയും താഹയെയും ദേശീയ അന്വേഷണ ഏജന്‍സി യു. എ. പി. എ ചുമത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. സി പി എം അംഗങ്ങളായ ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.

മാവോയിസ്റ്റ് ബന്ധമുള്ള ഇവര്‍ ആട്ടിന്‍കുട്ടികളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സി പി എം ഇരുവര്‍ക്കുമെതിരെയുള്ള നിലപാട് ശക്തമാക്കിയത്. അലന്‍ ശുഐബിന് പരീക്ഷയെഴുതുന്നതിന് സാങ്കേതിക തടസമുണ്ടോയെന്ന് ആരാഞ്ഞുള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ കത്ത് കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രനു ലഭിക്കുകയും ഈക്കാര്യം പരിഗണനയ്ക്കായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അയക്കുകയുമായിരുന്നു. കോടതിക്ക് എതിര്‍പ്പില്ലെങ്കില്‍ തങ്ങള്‍ക്കും ഈക്കാര്യത്തില്‍ തടസമില്ലെന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയുടെ നിലപാട്.

തടവറയിലും മായാത്ത പുഞ്ചിരിയോടെ അലനെത്തി, പരീക്ഷയെഴുതാനായി


Keywords:  Kerala, News, Kannur, Trending, Alan Shuhaib came to exam hall with smile
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia