വിമാനക്കമ്പനികളുടെ കൊള്ളയടി ഇനിയും തുടരുമെന്നു സൂചന

 


വിമാനക്കമ്പനികളുടെ കൊള്ളയടി ഇനിയും തുടരുമെന്നു സൂചന
കോഴിക്കോട്: പതിവു നിരക്കിന്റെ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് മാസങ്ങളോളം തുടരുമെന്നു സൂചന. ഇനിയൊരിക്കലും ടിക്കറ്റ് നിരക്ക് കൂറയാനിടയില്ലെന്നും സൂചനയുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം കൊണ്ടാണ് വിദേശ വിമാനക്കമ്പനികള്‍ ടിക്കറ്റു നിരക്ക് കുത്തനെ കൂട്ടിയതെന്ന പ്രചരണം അര്‍ധസത്യം മാത്രമാണെന്നും മറ്റു പലകാരണങ്ങളും ഇതിനു പിറകിലുണ്ടെന്നും അന്വേഷണത്തില്‍ നിന്നു മനസ്സിലാക്കാനായി.

ഓഫ് സീസണായിട്ടും ഗള്‍ഫിലേക്കുള്ള ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടിയത് കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നീ ഇന്ത്യന്‍ വിമാന കമ്പനികള്‍ സംയോജിപ്പിച്ചതു മൂലമുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിനു കീഴിലുണ്ടായിരുന്ന ജീവനക്കാര്‍ പണിമുടക്കിയതാണ് വിദേശ കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്നായിരുന്നു പൊതുവേയുള്ള ധാരണ. സമരം അവസാനിപ്പിച്ച് പ്രവാസികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയുമുണ്ടായി. എന്നാല്‍ ഗള്‍ഫ് സെക്ടറിലേക്കു മാത്രമല്ല, യൂറോപ്യന്‍, യു.എസ് സെക്ടറിലേക്കും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വാസ്തവം.

ജൂണ്‍, ജൂലായി മാസങ്ങള്‍ സാധാരണ ഓഫ് സീസണായി പരിഗണിക്കപ്പെടുകയും വിമാന ടിക്കറ്റ് നിരക്ക് നന്നായി കുറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇക്കുറി റംസാന്‍ ആഗസ്റ്റില്‍ ആയതിനാല്‍ ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്നതും നേരത്തേയായി. അതോടൊപ്പം ഗള്‍ഫില്‍ ചൂടുകാലം ആരംഭിക്കുക കൂടി ചെയ്തപ്പോള്‍ നാട്ടിലേക്കുള്ള വരവ് നേരത്തേ ആയി. ഇതോടെ ഓഫ് സീസണായ ജൂണ്‍, ജൂലായ് മാസങ്ങളിലും നാട്ടിലേക്കുള്ള ടിക്കറ്റിന് ഡിമാന്റ് വര്‍ധിച്ചു.

റംസാനോടൊപ്പം ഉംറ വിസക്കുള്ള ടിക്കറ്റും കൂടിയായപ്പോള്‍ വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തായി. ഈ തിരക്കില്‍ എത്ര നിരക്കു വര്‍ധിപ്പിച്ചാലും യാത്രക്കാര്‍ വാങ്ങുമെന്ന സാഹചര്യം വിദേശ വിമാനക്കമ്പനികള്‍ മുതലെടുക്കുകയാണ്.

ഇതോടൊപ്പം മറ്റൊരു തട്ടിപ്പിനും വിമാനക്കമ്പനികള്‍ യാത്രക്കാരെ ഇരകളാക്കുന്ന വിവരം ലഭിച്ചു. മുമ്പ് ഫസ്റ്റ് ക്ലാസ്, ബിസിനസ്സ്, ഇക്കണോമി ക്ലാസുകള്‍ മാത്രമായിരുന്നു തരംതിരിവ് ഉണ്ടായിരുന്നത്. ഡബിള്‍ ഡക്കര്‍ വിമാനങ്ങളില്‍ മുകള്‍ത്തട്ടില്‍ ബാത്ത് റൂം, ലോഞ്ച്, മേല്‍ത്തരം ഭക്ഷണം എന്നിവയടക്കമാണ് ഫസ്റ്റ് ക്ലാസ് സൗകര്യം. അതിസമ്പന്നന്മാര്‍ക്ക് മാത്രം താങ്ങാവുന്ന ചാര്‍ജ്ജാണ് ഇവിടെ ഈടാക്കുക. അത്യാവശ്യം ആഡംബരമുള്ള ബിസിനസ് ക്ലാസിലും നല്ല ചാര്‍ജ്ജ് ഈടാക്കും. സാധാരണക്കാര്‍ക്കാണ് കുറഞ്ഞ നിരക്കുള്ള പരിമിത സൗകര്യങ്ങളടങ്ങുന്ന ഇക്കണോമി ക്ലാസ്. വിമാനക്കമ്പനികളുടെ തട്ടിപ്പ് ഇപ്പോള്‍ ഇക്കണോമി ക്ലാസിലാണ് അരങ്ങേറുന്നത്. ഇക്കണോമി ക്ലാസ് പത്തും പന്ത്രണ്ടും ക്ലാസുകളായി തരംതിരച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് പേരിടും. അവയില്‍ ഏറ്റവും താഴത്തേതെന്നു കരുതപ്പെടുന്ന ക്ലാസുകളിലെ സീറ്റുകള്‍ ബ്ലോക്ക് ചെയ്തിടും. അത്യാവശ്യത്തിന് ടിക്കറ്റ് അന്വേഷിച്ചെത്തുന്നവരോട് ഇക്കണോമി ക്ലാസിലെ താഴ്ന്ന ക്ലാസിലെ സീറ്റുകള്‍ തീര്‍ന്നു പോയെന്നു ബോധ്യപ്പെടുത്തി, മറ്റു ക്ലാസില്‍ സീറ്റുണ്ടെന്നു ചൂണ്ടിക്കാണിക്കും. ഇവ സാധാരണ ഇക്കണോമി ക്ലാസിലേതിനേക്കാള്‍ വളരെ കൂടിയ വിലക്കു വില്‍ക്കുകയും ചെയ്യും. എന്നാല്‍ ഇക്കണോമി ക്ലാസുകളിലെല്ലാം ഒരേ തരം സീറ്റുകളും ഒരേ തരം സര്‍വീസുമാണെന്നിരിക്കേ വിമാനക്കമ്പനികളുടെ സാങ്കല്‍പിക ക്ലാസ് തിരിക്കലിനും അന്യായ ചാര്‍ജിനും ഉപഭോക്താവ് ഇരയാകും. ഇത്തരം തട്ടിപ്പ് നിര്‍ബാധം ഏറിവരുന്നുണ്ട്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സമരം വരും മുമ്പേ ടിക്കറ്റ് നിരക്കിന് വിദേശ കമ്പനികള്‍ ആസൂത്രണം തുടങ്ങിയിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ മോശപ്പെട്ട സര്‍വീസും അനശ്ചിതത്വവും കാരണം യാത്രക്കാര്‍ വിദേശക്കമ്പനികളോട് ആഭിമുഖ്യം പുലര്‍ത്തിയതാണ് ഇതിനു കാരണം. എയര്‍ലൈന്‍സ് വിമാനങ്ങളുടെ പണിമുടക്കം ഇവര്‍ക്ക് ശുഭശകുനമായന്നു മാത്രം. നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്ന സൗദി, കുവൈത്ത് വിമാനങ്ങള്‍ മാത്രമേ മുടങ്ങിയിട്ടുള്ളൂ. എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്ന ദുബൈ, ഷാര്‍ജ വിമാനങ്ങള്‍ ഇപ്പോഴും മുടക്കം കൂടാതെ യാത്ര ചെയ്യുന്നുമുണ്ട്. എന്നാലും വിദേശക്കമ്പനികള്‍ ഈ ഭാഗത്തേക്കും ചാര്‍ജ് കുത്തനെ കൂട്ടിയിട്ടുണ്ട്. യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനനിരക്കും കൂട്ടിയിട്ടുണ്ടെന്ന് വിദേശക്കമ്പനികള്‍ ന്യായം പറയുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇരട്ടിയിലേറെയുള്ള വര്‍ധന ഈ ഭാഗങ്ങളിലേക്കില്ല.

ഗള്‍ഫ് യാത്രക്കാരെയാണ് ഈ ടിക്കറ്റ് വര്‍ധന ഏറെ ദോഷകരമായി ബാധിക്കുന്നതെന്ന് മലബാര്‍ ചേംബര്‍ കോമേഴ്‌സ് സെക്രട്ടറിയും പ്രമുഖ ട്രാവല്‍ ഏജന്‍സിയായ എയര്‍ട്രാവല്‍ എന്റര്‍പ്രൈസ് ഇന്ത്യാ ലിമിറ്റഡ് ജനറല്‍ മാനേജരുമായ എം.പി.എം. മുബഷീര്‍ പറഞ്ഞു. താത്കാലിക വിസക്ക് ഗള്‍ഫിലെത്തിയവരും പ്രസവം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലേക്കു തിരിക്കുന്നവരുമെല്ലാം കുത്തനെയുള്ള ടിക്കറ്റ്‌നിരക്ക് വര്‍ധനയുടെ ആഘാതമേറ്റിരിക്കുകയാണ്. ഗള്‍ഫ് മലയാളികളുടെ കണ്ണീരു കുടിക്കുന്ന വിദേശ വിമാനക്കമ്പനികളുടെ കൊള്ളയടി അവസാനിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍്ക്കാര്‍ അത്രമാത്രം ഇഛാശക്തിയോടെ ഇടപെടണം. വിദേശ വിമാനക്കമ്പനികളുടെ താത്പര്യത്തിനു വഴങ്ങി, കേരളത്തില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ വിമാനം നിരുപാധികം പിന്‍വലിച്ച പ്രഫുല്ലകുമാര്‍ പട്ടേലിനെപ്പോലുള്ളവരുടെ സ്വാര്‍ഥ താത്പര്യം പേറുന്ന കേന്ദ്രത്തിന് അതിനു കഴിയുമോ എ്ന്നാണ് പാവം മലയാളി ആവലാതിയോടെ ചോദിക്കുന്നത്.

- ജെഫ്രി റെജിനോള്‍ഡ്.എം

Summary: The hike in air tariff is mere looting by foreign airlines. tSrike of former Indian Air Lines staff is only one reason for this hike. Foreign airline companies planned to lift up the charges. As the Ramdan happens in August, and the hot season started in Gulf is making this June, July months also season.Earlier it were offseason. By dividing Economic class in to many under the name of English letters, air line companies looting passengers. Though the hike is effected in all routes, Gulf tariff is more than the double. So hike in air charge is vehemently effecting Gulf oriented people. Cetnral Govt. should posses much will power to cotnrole foriegn airline companies.



Keywords: Air ticket, Hike, Looting, Calicut, Foreign Air Line Companies, Kerala, Kozhikode.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia