സുനന്ദ കേസിനൊടുവില്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അഭ്യൂഹം ശക്തം

 


തിരുവനന്തപുരം: (www.kvartha.com 14.02.2015) സുനന്ദ പുഷ്‌കര്‍ കേസില്‍ അറസ്റ്റുണ്ടാകാന്‍ വൈകില്ലെന്ന സൂചനകള്‍ പുറത്തുവന്നിരിക്കെ കേരളത്തില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നു കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത് നിര്‍ണായകമായി മാറുന്നു. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘം ആവര്‍ത്തിച്ചു ചോദ്യം ചെയ്യുന്നതിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ശക്തമായ അഭ്യൂഹം പ്രചരിക്കുന്നത്.

അതാകട്ടെ ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സൂചനയുണ്ട്. സുനന്ദ കേസ് സംബന്ധിച്ച അവസാന വിവരങ്ങള്‍ പുറത്തുവന്നുകഴിയുമ്പോള്‍ തരൂരിന് ഇപ്പോഴത്തേതു പോലെ തുടരാനാകില്ലെന്നും ലോക്‌സഭാംഗത്വം രാജിവയ്ക്കാനുള്‍പ്പെടെ നിര്‍ബന്ധിതമാകുമെന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിനു സുനന്ദയുടെ മരണവുമായി ബന്ധമുണ്ടെന്നോ കസ്റ്റഡിയിലാകുമെന്നോ ആരും പറയുന്നുമില്ല.

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന സുപ്രധാന വിവരം പുറത്തുവന്ന ശേഷം തരൂരിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് കൊടുത്തിരിക്കുകയുമാണ്. സുനന്ദ കൊല്ലപ്പെട്ട ശേഷമാണ് ഏഴു മാസം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നതും തരൂര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതും. എന്നാല്‍ ഭൂരിപക്ഷം 2009ലേക്കാള്‍ കുത്തനെ കുറഞ്ഞു. കഷ്ടിച്ചു കടന്നുകൂടുകയാണു ചെയ്തത്. സുനന്ദ പുഷ്‌കര്‍ പ്രശ്‌നം പ്രതിയോഗികള്‍, പ്രത്യേകിച്ച് ബിജെപിക്കാര്‍ തെരഞ്ഞെടുപ്പുരംഗത്ത് നന്നായി ഉപയോഗിച്ചിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തറ പറ്റുകയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തശേഷം തരൂര്‍ മോഡിയെ പ്രകീര്‍ത്തിച്ചു പലവട്ടം രംഗത്തുവന്നിരുന്നു. അത് സുനന്ദ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന സംശയം നിലനില്‍ക്കെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ്തന്നെ പുറത്തുവിട്ടതും കേസ് വഴിത്തിരിവിലായതും.

സുനന്ദയുടെ ദുരൂഹ മരണത്തില്‍ ദു:ഖിക്കുന്നവനായി മാത്രം കാണപ്പെട്ടിട്ടുള്ള തരൂര്‍, തന്റെ ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മേലുള്ള സംശയ നിഴല്‍ പൂര്‍ണമായി നീങ്ങാന്‍ ഇതൊന്നും സഹായിച്ചില്ല. അതിനിടെയാണ് രാഷ്ട്രീയമായി വലിയ പ്രത്യാഘാതമുണ്ടാക്കാവുന്ന സംഭവ വികാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാമെന്ന സൂചനകള്‍ ശക്തമായിരിക്കുന്നത്.
സുനന്ദ കേസിനൊടുവില്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അഭ്യൂഹം ശക്തം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
15 കാരി ഗര്‍ഭിണിയായി; മധ്യപ്രദേശുകാരനെതിരെ കേസ്

Keywords:  Thiruvananthapuram, Kerala, Dies, Congress, Lok Sabha, Shashi Taroor, New Delhi, Custody, After conclusion of Sunanda case, possibility for a by election in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia