ഋഷിരാജ് സിംഗിനു ഖേദം; മന്ത്രി മാന്യനായതുകൊണ്ട് പ്രശ്‌നമാക്കിയില്ലെന്ന് സെന്‍കുമാര്‍

 


തിരുവനന്തപുരം: (www.kvartha.com 13/07/2015) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ എണീക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്നും അത് അദ്ദേഹത്തിനു മന:പ്രയാസം ഉണ്ടാക്കിയെങ്കില്‍ തനിക്കു ഖേദമുണ്ടെന്ന് അറിയിച്ചുവെന്നും എഡിജിപി ഋഷിരാജ് സിംഗ്.

ഡിജിപി ടി പി സെന്‍കുമാറിന് നല്‍കിയ വിശദീകരണത്തിലാണ് ഇതുള്ളത്. എന്നാല്‍ നേരിട്ടോ ഫോണിലോ അതോ വാക്കാല്‍ പറയുകയാണോ ചെയ്തതെന്നു വ്യക്തമല്ല. രേഖാമൂലം വിശദീകരണം ചോദിക്കുമെന്ന് ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിജിപിയും ഋഷിരാജ് സിംഗുമായി ഈ വിധത്തിലുള്ള ആശയ വിനിമയം നടന്നുവെന്നാണ് വ്യക്തമായ സൂചന.

ആഭ്യന്തര മന്ത്രി അത് കാര്യമായി എടുക്കാതിരുന്നതും വ്യക്തിപരമായി വിഷമമില്ലെന്നു പരസ്യമായി പറഞ്ഞതും അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്നു മനസ്സിലാക്കണമെന്ന് സെന്‍കുമാര്‍ ഋഷിരാജ് സിംഗിനെ ഓര്‍മിപ്പിച്ചുവെന്നും അറിയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യമായി സംഭവം വിവാദമാക്കിയെന്ന പരാതിയാണത്രേ എഡിജിപി പ്രകടിപ്പിച്ചത്. അതു സ്വാഭാവികമാണെന്ന് ചൂണ്ടിക്കാണിച്ച സെന്‍കുമാര്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്നും നിര്‍ദേശിച്ചു.

പ്രശ്‌നത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ഒഴിഞ്ഞുമാറാതെ അക്ഷോഭ്യനായി നിലപാട് വ്യക്തമാക്കിയ സെന്‍കുമാര്‍ അതിനു ശേഷമുള്ള ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയാന്‍ തയ്യാറാകുമോ എന്നു വ്യക്തമല്ല. പോലീസിന്റെ അച്ചടക്കം കര്‍ക്കശമായി പാലിക്കുകയും അതേസമയം പോലീസിനുള്ളിലെ മോശം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെത്. പ്രോട്ടോക്കോളല്ല പലപ്പോഴും ആദരവു നല്‍കുന്നതിന്റെ ഘടകമെന്നും റാങ്ക് നോക്കിയല്ല പലരെയും സര്‍ എന്നു വിളിക്കുന്നതെന്നും ഡിജിപി മാധ്യമങ്ങളോടു ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗ് താഴേക്കു വന്നതത്രേ.

അതേസമയം, ഋഷിരാജ് സിംഗിനു മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ മുമ്പേ നീരസമുള്ള ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ ഈ പ്രശ്‌നം കെടാതെ കത്തിച്ചു നിര്‍ത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്. എന്നാല്‍ ആരോടും പ്രത്യേക മമതയും വിരോധവും പ്രകടിപ്പിക്കുന്ന രീതി ഇല്ലാത്ത സെന്‍കുമാര്‍ അതു പ്രോല്‍സാഹിപ്പിച്ചില്ല.

എങ്കിലും കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ വിവാദം ഇതിനേക്കാള്‍
കുഴപ്പത്തിലേക്കു നീങ്ങുമായിരുന്നു എന്നാണ് പൊതുവായ വിലയിരുത്തല്‍. രാഷ്്ട്രീയ നേതാവായ മന്ത്രിയുടെ അനുയായികള്‍ തെരുവിലിറങ്ങുകയും എഡിജിപിയുടെ കോലം കത്തിക്കുകയുമൊക്കെ ചെയ്യാന്‍ ഇവിടെയും ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വവും അതു പ്രോത്സാഹിപ്പിച്ചില്ല.
ഋഷിരാജ് സിംഗിനു ഖേദം; മന്ത്രി മാന്യനായതുകൊണ്ട് പ്രശ്‌നമാക്കിയില്ലെന്ന് സെന്‍കുമാര്‍


Keywords:  Thiruvananthapuram, Ramesh Chennithala, Minister, Phone call, Controversy, Police, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia