Actor Siddique | ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട് നടന്‍ സിദ്ദീഖ്; ഇനി താരസംഘടനയായ 'അമ്മ'യുടെ ജെനറല്‍ സെക്രടറി; ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാര്‍
ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍
ഇത്തവണ നടന്നത് കടുത്ത മത്സരം
കൊച്ചി: (KVARTHA) താരസംഘടനയായ 'അമ്മ'യുടെ ജെനറല്‍ സെക്രടറിയായി നടന്‍ സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിന്റെ പിന്‍ഗാമിയായാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.
വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.
ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു ഇത്തവണ നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദീഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദീഖിനായിരുന്നു. നാലു തവണ എക്‌സിക്യുടീവ് കമിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യുടീവ് കമിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.
കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറുകയായിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി. ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ കമിറ്റി അംഗമായിരുന്നു താരം. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു.
1994-ല്‍ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രടറിയുമായ കമിറ്റിയില്‍ ജോയിന്റ് സെക്രടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജെനറല്‍ സെക്രടറി സ്ഥാനത്തിരുന്നപ്പോള്‍ അവരുടെ ചിത്രീകരണ തിരക്കുകള്‍ മൂലം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന അധികാരത്തോടെ ബാബു സെക്രടറിയായി. 2018-ലാണ് ജെനറല്‍ സെക്രട്ടറിയായത്.
2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുടീവ് കമിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്‌സിക്യുടീവ് കമിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍ പോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.
ഇടവേള ബാബു വിടവാങ്ങിയത് തന്റെ വിഷമം പറഞ്ഞ്. ജെനറല്‍ സെക്രടറി കസേരയില്‍ ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. സ്വന്തം സന്തോഷത്തിനല്ല. സമൂഹ മാധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുത്. ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ 'പെയ്ഡ് സെക്രടറി' ആണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു