New Posts | നഴ്‌സിംഗ് കോളജുകളില്‍ 79 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് സര്‍കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച ആറ് നഴ്‌സിംഗ് കോളജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക.

New Posts | നഴ്‌സിംഗ് കോളജുകളില്‍ 79 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

അഞ്ച് പ്രിന്‍സിപല്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, ആറ് സീനിയര്‍ സൂപ്രണ്ട്, ആറ് ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, ആറ് ക്ലര്‍ക്, ആറ് ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂടര്‍, ആറ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ആറ് ഹൗസ് കീപര്‍, ആറ് ഫുള്‍ടൈം സ്വീപര്‍, ആറ് വാച്മാന്‍ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കോളജുകള്‍.

കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

2023ലെ കേരള മുന്‍സിപാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓര്‍ഡിനന്‍സ്.

തസ്തിക

തൃശ്ശൂര്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറടറിയില്‍ ഒമ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

എറണാകുളം വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഹിന്ദി, ബോടണി, സുവോളജി വിഷയങ്ങളില്‍ എച് എസ് എസ് ടി (ജൂനിയര്‍)-ന്റെ മൂന്ന് തസ്തികകളും, മാത് സ് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കായി എച് എസ് എസ് ടിയുടെ മൂന്ന് തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്റ് തസ്തികകളും സൃഷ്ടിക്കും. ഒരു എച് എസ് എസ് ടി (ജൂനിയര്‍), ഇംഗ്ലീഷ് തസ്തിക അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

താനൂര്‍ പാലം പുനര്‍നിര്‍മാണത്തിന് ഭരണാനുമതി

താനൂര്‍ പാലം പുനര്‍നിര്‍മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി നല്‍കി. താനൂര്‍ ടൗണിലെ ഫിഷിങ്ങ് ഹാര്‍ബര്‍ പാലം നിര്‍മാണം എന്ന പദ്ധതിക്ക് പകരം താനൂര്‍ പാലം പുനര്‍നിര്‍മാണ പദ്ധതി എന്ന പ്രവൃത്തി പരിഗണിക്കാന്‍ തീരുമാനിച്ചു.

കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ 2023 മാര്‍ച് 31 ന് ശേഷവും പൂര്‍ത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട. സുപ്രണ്ടിങ്ങ് എജിനിയര്‍മാരുടെ കാലാവധിയും 2024 മാര്‍ച് 31 വരെ നീട്ടി.

നിര്‍ദേശം അംഗീകരിച്ചു

ജില്ലാ പഞ്ചായതുകളുടെ 2022 - 23 വര്‍ഷത്തെ സ്പില്‍ ഓവര്‍ ബാധ്യത തീര്‍ക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം 200 ശതമാനത്തില്‍ അധികം തുക മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയില്‍ അധീകരിച്ചുവരുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കും. അനുവദിക്കപ്പെട്ട തുകയില്‍ നിന്നും 10 മുതല്‍ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചു.

പി ഗോവിന്ദപ്പിള്ള സംസ്‌കൃതി പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി അനുവദിച്ചു

പി ഗോവിന്ദപ്പിള്ള സംസ്‌കൃതി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുവനന്തപും തൈക്കാട് ഭൂമി അനുവദിച്ചു. 8.01 ആര്‍ ഭൂമി സൗജന്യ നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.

എന്‍ എച് എ ഐയുടെ മേഖലാ കാര്യാലയം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവക്കല്‍ വിലേജില്‍ 25 സെന്റ് ഭൂമി 1,38,92,736 രൂപ ന്യായ വില ഈടാക്കി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണിത്.

Keywords:  79 new posts have been created in nursing colleges, Thiruvananthapuram, News, Nursing Colleges, New Posts, Cabinet Decision, Land, Panchayath, Chief Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia