Died | 'അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ഫാമിലെ 5 പശുക്കള്‍ ചത്തു'; 9 എണ്ണം അവശനിലയില്‍


വെളിനല്ലൂര്‍ വട്ടപ്പാറ ഹസ് ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്
പൊറോട്ടയും ചക്കയും അമിതമായി തീറ്റയില്‍ ചേര്‍ത്തത് മൂലം വയര്‍ കമ്പനം നേരിട്ടാണ് പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥിരീകരണം
കൊല്ലം: (KVARTHA) അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ഫാമിലെ അഞ്ചു പശുക്കള്‍ ചത്തതായി ഉടമ. ഒമ്പതെണ്ണം അവശനിലയില്‍ ചികിത്സയിലാണ്. വെളിനല്ലൂര്‍ വട്ടപ്പാറ ഹസ് ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞദിവസം പശുക്കള്‍ക്ക് പൊറോട്ട നല്‍കിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് അത്യാഹിതമുണ്ടായതെന്നും ഉടമ പറഞ്ഞു.ക്ഷീരകര്‍ഷകന് നഷ്ടപരിഹാരം നല്‍കുമെന്നും തീറ്റ നല്‍കുന്നതില്‍ കര്‍ഷകര്‍ക്ക് അവബോധം നല്‍കുമെന്നും ഫാം സന്ദര്‍ശിച്ചശേഷം മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പൊറോട്ടയും ചക്കയും അമിതമായി തീറ്റയില്‍ ചേര്‍ത്തത് മൂലം വയര്‍ കമ്പനം നേരിട്ടാണ് പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ഡി ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ പശുക്കളുടെ പോസ്റ്റ് മോര്‍ടം നടത്തി.
പൊറോട്ട ദഹനസംബന്ധമായ പ്രശ് നങ്ങള്‍ ഉണ്ടാക്കുമെന്നും ചക്ക, പൊറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളില്‍ ചെന്നാല്‍ അമ്ലവിഷബാധയും നിര്‍ജലീകരണവും അതുമൂലമുള്ള മരണവും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വ്യക്തമാക്കി.