Elections | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫിന് പിടിച്ചെടുക്കാൻ പറ്റുന്ന 10 സീറ്റുകൾ


● ശരിക്കും യു.ഡി.എഫിന് അനായാസമായി വിജയിക്കാൻ പറ്റുന്ന മണ്ഡലം ആണ് കോതമംഗലം.
● ഇവിടെ സി.പി.എം പ്രതിനിധിയായ ആൻ്റണി ജോൺ ആണ് നിയമസഭാ പ്രതിധി.
● ഇടുക്കി നിയോകമണ്ഡലം എന്ന് പറയുന്നത് ഉറച്ച ഒരു യുഡിഎഫ് കോട്ട തന്നെയാണ്.
● ഇപ്പോഴത്തെ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഇവിടുത്തെ നിയമസഭാ പ്രതിനിധി.
സോണി കല്ലറയ്ക്കൽ
(KVARTHA) വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 63 നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യു.ഡി.എഫിൻ്റെ പ്രവർത്തനം തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും ഒക്കെ ഒരുപാട് പേർ കോൺഗ്രസിൽ നിന്നും തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. നിലവിൽ യു.ഡി.എഫ് വിജയിച്ച 42 സീറ്റുകൾ ഉൾപ്പെടെയുള്ള സീറ്റുകൾ ചേർത്ത കണക്ക് വെച്ചാണ് വി ഡി.സതീശൻ 63 സീറ്റുകൾ എന്ന് പറഞ്ഞതെന്ന് വ്യക്തം. ഇവിടെ പറയുന്നത് ഇപ്പോൾ യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളെപ്പറ്റിയല്ല, മറിച്ച് നിലവിൽ എൽഡിഎഫിൻ്റെ കയ്യിൽ ഇരിക്കുന്ന എന്നാൽ യുഡിഎഫിന് വിജയിക്കാൻ പറ്റുന്ന 10 നിയോകമണ്ഡലങ്ങളെക്കുറിച്ചാണ്.
1. ഇടുക്കി
ഇടുക്കി നിയോകമണ്ഡലം എന്ന് പറയുന്നത് ഉറച്ച ഒരു യുഡിഎഫ് കോട്ട തന്നെയാണ്. ചുരുക്കം ചില സമയങ്ങളിൽ മാത്രമേ ഈ നിയോജകമണ്ഡലം എൽഡിഎഫിലേയ്ക്ക് ചെരിഞ്ഞിട്ടുള്ളു. ഇപ്പോഴത്തെ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഇവിടുത്തെ നിയമസഭാ പ്രതിനിധി. അദ്ദേഹം കഴിഞ്ഞ തവണ എൽഡിഎഫിൻ്റെ ബാനറിൽ മത്സരിച്ചാണ് നിയമസഭയിൽ എത്തിയത്. ഫ്രാൻസിസ് ജോർജ് എം.പി ആയിരുന്നു ഇവിടെ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ചത്. യു.ഡി.എഫിലും എൽ.ഡി.എഫിലും ഇത് ഇരു കേരളാ കോൺഗ്രസുകളുടെ സീറ്റാണ്. യു.ഡി.എഫിൽ ഇത് ജോസഫ് ഗ്രൂപ്പിനും എൽ.ഡി.എഫിൽ ഇത് മാണി ഗ്രൂപ്പിനും അവകാശപ്പെട്ടതാണ്.
കർഷകർ ആണ് ഇവിടെ അധികവും വോട്ടർമാർ. ക്രൈസ്തവ സമൂഹത്തിന് മുൻ തുക്കമുള്ള മണ്ഡലം കൂടിയാണ് ഇടുക്കി. ശരിക്കും ഒരു യു.ഡി.എഫ് ചായ് വുള്ള മണ്ഡലം. മുൻപത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പ്രതിനിധി ആയിട്ടാണ് റോഷി അഗസ്റ്റിൽ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം വിഭാഗം എൽ.ഡി.എഫിനൊപ്പം എത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു. റോഷിയുടെ വ്യക്തിപ്രഭാവത്തിൽ ആണ് ഈ സീറ്റ് എൽ.ഡി.എഫിന് നിലനിർത്താനായത്.
ഈ സീറ്റിൽ വരുന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വർക്കിങ് ചെയർമാനും മുൻ എം.പിയുമായ പി.സി തോമസോ അല്ലെങ്കിൽ തൊടുപുഴയിൽ നിന്ന് മാറി പി.ജെ.ജോസഫോ യു,ഡി.എഫിനു വേണ്ടി മത്സരിച്ചാൽ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫിന് പിടിച്ചെടുക്കാനാവും. അല്ലെങ്കിൽ കോൺഗ്രസ് ഈ സീറ്റ് കേരളാ കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണം. കോൺഗ്രസിൽ സീനിയർ നേതാവ് ജോസഫ് വാഴക്കനെപ്പോലുള്ളവർ എത്തിയാൽ മത്സരം തീപാറും.
2. കോതമംഗലം
ശരിക്കും യു.ഡി.എഫിന് അനായാസമായി വിജയിക്കാൻ പറ്റുന്ന മണ്ഡലം ആണ് കോതമംഗലം. ഇവിടെ സി.പി.എം പ്രതിനിധിയായ ആൻ്റണി ജോൺ ആണ് നിയമസഭാ പ്രതിധി. സി.പി.എമ്മിന് ഒറ്റയ്ക്ക് നിന്ന് വിജയം വരിക്കാനുള്ള ശക്തിയൊന്നും ഈ മണ്ഡലത്തിൽ ഇല്ല. ടി.എം ജേക്കബിനെ പോലുള്ളവർ മുൻപ് യു.ഡി.എഫ് ബാനറിൽ വിജയിച്ചിട്ടുള്ള മണ്ഡലം ആണ് കോതമംഗലം. നല്ലൊരു സ്ഥാനാർത്ഥിയെ ഇവിടെ അവതരിപ്പിക്കാൻ പറ്റിയാൽ യു.ഡി.എഫിന് വളരെ എളുപ്പത്തിൽ വിജയിക്കാൻ പറ്റുന്ന മണ്ഡലം ആണ്
കോതമംഗലത്ത് ഈസിയായി വിജയിക്കാൻ പറ്റുമെന്ന് പറഞ്ഞ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസും ആരെയെങ്കിലും നിർത്തിയിട്ട് കാര്യമില്ല, കേരളാ കോൺഗ്രസിനാണ് ഈ സീറ്റെങ്കിൽ ജനങ്ങളെ ആകർഷിക്കാൻ പറ്റുന്ന സീനിയർ നേതാക്കളിൽ ആരെങ്കിലും മത്സരിക്കണം. കോൺഗ്രസ് അത് ഏറ്റെടുത്താൽ ജോസഫ് വാഴയ്ക്കനോ എറണാകുളം ഡി.ഡി.സി.പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് മത്സരിച്ചാൽ മികച്ചതാവും. ഈ സീറ്റ് ആഞ്ഞുപിടിച്ചാൽ യു.ഡി.എഫിന് വിജയിക്കാൻ പറ്റുന്ന ഒന്നാണ്.
3. ആറന്മുള
ആറന്മുളയിലെ ജനപ്രതിനിധി മന്ത്രി വീണാ ജോർജ് ആണ്. ഭാഗ്യം കൊണ്ട് മാത്രം നിയമസഭയിൽ എത്താൻ പറ്റിയ ആളാണ് നമ്മുടെ ആരോഗ്യമന്ത്രിയും മുൻ മാധ്യമ പ്രവർത്തകയുമൊക്കെയായ വീണാ ജോർജ്. ശരിക്കും ആറന്മുള നിയോജകമണ്ഡലം എന്നത് കോൺഗ്രസിൻ്റെ ഉറച്ച കോട്ട തന്നെയാണ്. വീണയ്ക്ക് പറ്റിയ എതിരാളി യു.ഡി.എഫിന് അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന ഒറ്റ കാരണം കൊണ്ട് യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം കൂടിയാന് ആറന്മുള.
ക്രൈസ്തവ സമൂഹത്തിൽ ഓർത്തഡോക്സ് വിഭാഗവും ഹൈന്ദവ വിഭാഗത്തിൽ നായർ വിഭാഗവുമാണ് ഇവിടെ കൂടുതലായി ഉള്ളത് . ഇവിടെ വീണാ ജോർജ് തന്നെ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. എൽ.ഡി.എഫ് ഇവിടെ ആരെ പരിഗണിച്ചാലും യൂത്ത് നേതാക്കളായ അബിൻ വർക്കിയെയോ അല്ലെങ്കിൽ ഇപ്പോഴത്തെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തെയോ കോൺഗ്രസ് പരിഗണിച്ചാൽ ഈ സിറ്റ് അനായസമായി യു.ഡി.എഫിന് തിരിച്ചു പിടിക്കാവുന്നതാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
4. വട്ടിയൂർക്കാവ്
തിരുവനന്തപുരത്ത് പുതിയതായി രൂപം കൊണ്ട നിയോജകമണ്ഡലം ആണ് വട്ടിയൂർക്കാവ്. ശരിക്കും പ്രവർത്തിച്ചാൽ യു.ഡി.എഫിന് സ്വന്തമാക്കി എടുക്കാൻ പറ്റുന്ന മണ്ഡലം. കെ മുരളീധരൻ ഡി.ഐ.സി വിട്ട് കോൺഗ്രസിൽ എത്തിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മുരളീധരനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മണ്ഡലം. ഇവിടെ ചോരുന്ന കോൺഗ്രസ് വോട്ടുകൾ മുഴുവൻ ബി.ജെ.പി യിലേയ്ക്കാണ് എത്തുന്നത്. അങ്ങനെ വരുമ്പോൾ വിജയം എൽ.ഡി.എഫിന് അനുകൂലവുമാകും.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ചോരാതെ മുഴുവൻ വോട്ടുകളും പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിച്ചാൽ ഈ സീറ്റിൽ ഉറപ്പായും കോൺഗ്രസിന് വിജയിക്കാനാവും. കെ. മുരളീധരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവരിൽ ആരെങ്കിലും മത്സരിച്ചാൽ ഒരുപക്ഷെ വട്ടിയൂർക്കാവ് കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്നതാണ്.
5. പീരുമേട്
വളരെക്കാലം കോൺഗ്രസിൻ്റെ ഉരുക്കുകോട്ടയായിരുന്നു പീരുമേട്. ഒരിക്കലും കോൺഗ്രസിനെയോ യു.ഡി.എഫിനെയോ കൈവിടാത്ത മണ്ഡലം. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് കെ കെ തോമസ് ആയിരുന്നു വളരെക്കാലം ഇവിടുത്തെ ജനപ്രതിനിധി. ശേഷം കോൺഗ്രസ് നേതാവ് ഇ എം അഗസ്തിയും എം.എൽ.എ ആയിരുന്നു. അഗസ്തിയെ തോൽപ്പിച്ചാണ് സി.പി.ഐ യുടെ ബിജി മോൾ ഈ സീറ്റ് എൽ.ഡി.എഫിന് വേണ്ടി പിടിച്ചെടുത്തത്.
പിന്നീട് ഈ സീറ്റ് യു.ഡി.എഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് കിട്ടാക്കനി ആവുകയായിരുന്നു. ഈ സീറ്റിൽ കോൺഗ്രസിലെ സീനിയർ നേതാക്കൾ ആരെങ്കിലും മത്സരിച്ചാൽ യു.ഡി.എഫിന് പിടിച്ചെടുക്കാവുന്നതാണ്. ഡീൻ കുര്യാക്കോസ് എം.പി, കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകുകയാണെങ്കിൽ വർക്കിം ങ് ചെയർമാൻ പി സി തോമസ് എന്നിവരിൽ ആരെങ്കിലും മത്സരിച്ചാൽ ഈ സീറ്റ് യു.ഡി.എഫിന് ഉറപ്പിക്കാനാവുന്നതാണ്.
6. കളമശേരി
എറണാകുളം ജില്ലയിലെ കളമശേയും പുതുതായി രൂപീകരിക്കപ്പെട്ട നിയോജകമണ്ഡലം ആണ്. കളമശേരി യു.ഡി.എഫ് അനുകൂല വികാരമുള്ള മണ്ഡലം തന്നെയാണ്. മുസ്ലീം ലീഗിനാണ് യു.ഡി.എഫിൽ ഈ സീറ്റ് നൽകിയിരുന്നത്. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ആയിരുന്നു കഴിഞ്ഞതിന് മുൻപ് വരെ ഇവിടുത്തെ ജനപ്രതിനിധി. കഴിഞ്ഞ തവണ ഈ സീറ്റിൽ ഇബ്രാഹിം കുഞ്ഞ് മത്സരിച്ചില്ല. അഴിമതി ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു.
പകരം പുത്രനാണ് ലീഗ് ചിഹ്നത്തിൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. അങ്ങനെ സി.പി.എം പ്രതിനിധിനായ ഇപ്പോഴത്തെ മന്ത്രി പി രാജീവ് ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. നല്ലൊരു സ്ഥാനാർത്ഥി വന്നാൽ വീണ്ടും യു.ഡി.എഫിന് സ്വന്തമാക്കാൻ പറ്റുന്ന മണ്ഡലമാണ് കളമശേരി. ഒന്നുകിൽ ലീഗിൽ വി കെ ഇബ്രാഹിം കുഞ്ഞ് തന്നെ മത്സരിക്കുക. അല്ലെങ്കിൽ കോൺഗ്രസിന് വെച്ചു മാറി കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് മത്സരിക്കുക. എങ്കിൽ ഈ സീറ്റും യുഡിഎഫിൻ്റെ കയ്യിൽ ഇരിക്കും.
7. നിലമ്പൂർ
ശരിക്കും ഒത്തുപിടിച്ചാൽ യു.ഡി.എഫിൻ്റെ കൈയ്യിൽ പോരുന്ന മണ്ഡലമാണ് നിലമ്പൂർ. നല്ലൊരു ശക്തനായ സ്ഥാനാർത്ഥി വന്നാൽ കോൺഗ്രസിന് ഇവിടെ വിജയം അനായാസമാകും. പ്രത്യേകിച്ച് പി.വി അൻവർ എൽഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം കൈകോർക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ. വളരെക്കാലം കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് കൈവശം വെച്ചുകൊണ്ടിരുന്ന മണ്ഡലമാണ് നിലമ്പൂർ. പടലപ്പിണക്കങ്ങൾ ഉണ്ടാകാത്ത വിധത്തിൽ നല്ലൊരു സീനിയർ കോൺഗ്രസ് നേതാവ് മത്സരിച്ചാൽ നിലമ്പൂർ കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്നതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പി.വി. അൻവർ തന്നെ നിലമ്പൂരിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ചാൽ അത് യു.ഡി.എഫിന് ദോഷമാകില്ല.
8. പട്ടാമ്പി
യു.ഡി.എഫിന് ഒന്നിച്ച് നിന്നാൽ അനായാസം പിടിച്ചെടുക്കാവുന്ന ഒരു സീറ്റാണ് പട്ടാമ്പി. കോൺഗ്രസ് നേതാവായിരുന്ന സി.പി മുഹമ്മദ് വളരെക്കാലം എം.എൽ.എ ആയിരുന്ന മണ്ഡലമാണ്. എൽ.ഡി.എഫിൽ ഇത് സി.പി.ഐക്കാണ്. സി.പി.ഐ യുടെ മുഹമ്മദ് മുഹസിനാണ് നിലവിലെ എം.എൽ.എ. ഈ മണ്ഡലത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് എപ്പോഴൊക്കെ ഉണ്ടാവുന്നുണ്ടോ അന്നൊക്കെ ഈ സീറ്റ് എൽ.ഡി.എഫ് കൊണ്ടുപോയിട്ടുമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി ആര്യാടൻ ഷൗക്കത്തോ പി വി അൻവറോ പോലുള്ളവരെത്തിയാൽ ഇവിടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങും.
9. തിരുവല്ല
തിരുവല്ല നിയോജകമണ്ഡലം എന്ന് പറയുന്നത് ക്രൈസ്തവ വോട്ടുകൾ കൂടുതൽ ഉള്ള മണ്ഡലം ആണ്. പ്രത്യേകിച്ച് പെന്തക്കോസ്ത് വിശ്വാസികൾ കൂടുതൽ ഉള്ള മണ്ഡലം. ഇത് ശരിക്കും പറഞ്ഞാൽ യു.ഡി.എഫിൻ്റെ ഉറച്ച കോട്ട തന്നെയാണ്. ഇടതുമുന്നണിയിൽ ജനതാദളിനാണ് ഈ സീറ്റ്. എൽ.ഡി.എഫിലെ മാത്യു ടി തോമസ് ആണ് ഇവിടുത്തെ ജനപ്രതിനിധി. കാലാകാലങ്ങളായി യു.ഡി.എഫ് ഈ സീറ്റ് കേരളാ കോൺഗ്രസിനാണ് നൽകി വരുന്നത്.
ആ പാർട്ടിയിലെ സീറ്റു മോഹികളുടെ ഗ്രൂപ്പിസം കൊണ്ട് തന്നെ യു.ഡി.എഫിന് നഷ്ടമാകുന്ന സീറ്റ് ആണ് തിരുവല്ല. ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ഇടതുമുന്നണിയിൽ നിന്ന് യു.ഡി.എഫിന് തിരിച്ചു പിടിക്കാവുന്നതാണ്. പെന്തക്കോസ്ത് വിശ്വാസികൾ കൂടുതലുള്ള ഇവിടെ ആ വിഭാഗത്തിൽ നിന്നുള്ള മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് വി എസ് ജോയ് മത്സരിച്ചാൽ വിജയ സാധ്യത കാണുന്നുണ്ട്.
10. അടൂർ
കോൺഗ്രസിൻ്റെ ഉറച്ച കോട്ടതന്നെയാണ് അടൂർ നിയമസഭാ മണ്ഡലം. വർഷങ്ങളോളം കോൺഗ്രസിൻ്റെ സീനിയർ നേതാവായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഇവിടുന്നുള്ള നിയമസഭാ പ്രതിനിധി. പിന്നീട് ഇത് പട്ടിക ജാതി സംവരണം ആയതിനെത്തുടർന്ന് അദ്ദേഹം കോട്ടയത്ത് എത്തുകയായിരുന്നു. സംവരണമണ്ഡലം ആയശേഷം അടൂർ എൽ.ഡി.എഫിന് അനുകൂലമാകുന്നതാണ് കണ്ടത്. സി.പി.ഐ യുടെ ചിറ്റയം ഗോപകുമാർ ആണ് ഇവിടെ നിന്നുള്ള ഇപ്പോഴത്തെ ജനപ്രതിനിധി. കൊടിക്കുന്നിൽ സുരേഷ് എം.പിയെപ്പോലുള്ള മുതിർന്ന നേതാക്കളെ ഇവിടെ ഇറക്കിയാൽ ഒരുപക്ഷേ, ഈ മണ്ഡലം യുഡിഎഫിന് തിരിച്ചു കിട്ടിയെന്ന് ഇരിക്കും.
മുകളിൽ പറഞ്ഞ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ നിലവിലുള്ള എംഎൽഎമാരുടെ സ്വാധീനവും പാർട്ടിയുടെ ശക്തിയും കുറച്ച് കാണാനാവില്ല. എന്ത് വിലകൊടുത്തും സീറ്റ് നിലനിർത്താൻ തന്നെയാവും ഇടതിന്റെ ശ്രമം. ഇതുപോലെ ഒരുപാട് നിയോജകമണ്ഡലങ്ങൾ യുഡിഎഫിന് ഒന്നിച്ച് പണിയെടുത്താൽ വിജയിപ്പിച്ചെടുക്കാവുന്നതാണ്. ഗ്രൂപ്പിസം മാറ്റി വെച്ച് ജയിക്കാനായി ഇറങ്ങിയാൽ ഇതുമാത്രമല്ല, ഇതുപോലെയുള്ള പല മണ്ഡലങ്ങളും യുഡിഎഫിൻ്റെ കയ്യിൽ എത്തും. പക്ഷേ, അന്തിമ വിധികർത്താക്കൾ ജനങ്ങളാണ്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
10 constituencies from LDF are being considered winnable for UDF in the upcoming Kerala elections based on their voting patterns and UDF's strategies.
#KeralaElections, #UDF, #LDF, #ElectionStrategy, #KeralaNews, #Politics