വി എസ് തന്ന 'പ്രശസ്തിയും' ഒരുപിടി നൊമ്പരങ്ങളും

 


 വി എസ് തന്ന 'പ്രശസ്തിയും' ഒരുപിടി നൊമ്പരങ്ങളും
കോട്ടയം: മാധ്യമ പ്രവര്‍ത്തകയും രാഷ്ട്രീയ നേതാവുമായ ലതികാ സുഭാഷിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഞായറാഴ്ച കോട്ടയത്ത്. ആദ്യമായാണ് അവരുടെ രചനകള്‍ പുസ്തകമാകുന്നത്. കഥപോലെ ജീവിതം എന്ന അനുഭവക്കുറിപ്പുകളും അണ്ണാറക്കണ്ണനും കൂട്ടുകാരും എന്ന ബാലസാഹിത്യ കൃതിയുമാണ് പ്രസിദ്ധീകരിക്കുന്നത്.

കെപിസിസി സെക്രട്ടറിയും ജനശ്രീ മിഷന്‍ സംസ്ഥാന ട്രഷററും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമൊക്കെയായ ലതിക, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദനെതിരേ മല്‍സരിച്ചപ്പോഴാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ അവര്‍ക്കെതിരേ വി എസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വന്‍ വിവാദമാവുകയും ചെയ്തു. വി എസിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത ലതിക പിന്നീടത് പിന്‍വലിച്ചും മാതൃകയായി. വന്ദ്യ വയോധികനായ വി എസിനെതിരേ കേസ് തുടരാന്‍ താല്പര്യമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചില ബ്ലോഗെഴുത്തുകളും ഉള്‍പ്പെട്ടതാണ് കഥപോലെ ജീവിതം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണത് പ്രകാശനം ചെയ്യുന്നത്. കുട്ടിക്കഥകളുടെ പ്രകാശനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.
 വി എസ് തന്ന 'പ്രശസ്തിയും' ഒരുപിടി നൊമ്പരങ്ങളും
മലമ്പുഴയിലെ സ്ഥാനാര്‍ഥിയായതു മുതലുള്ള സ്വകാര്യ-സാമൂഹിക അനുഭവങ്ങളും വി എസിന്റെ പരാമര്‍ശമുണ്ടാക്കിയ നൊമ്പരവുമൊക്കെ പുസ്‌കത്തിലുണ്ട്. വി എസ് തന്ന 'പ്രശസ്തി'യും ഒരുപിടി നൊമ്പരങ്ങളും എന്ന അധ്യായം ഈ പുസ്തകത്തില ശ്രദ്ധേയമായ ഭാഗമാണ്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

- നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കുമൊക്കെ മത്സരിക്കാനായി എന്റെ പേരു പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ദല്‍ഹിയിലെത്തിയത്. വനിതകള്‍ക്ക് ഇക്കുറിയെങ്കിലും മോശമാവാത്ത സ്ഥാനങ്ങള്‍ ചോദിക്കാന്‍ നമുക്കു കഴിയണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് പല വനിതാ നേതാക്കളും  തലസ്ഥാനത്ത് ചെന്നത്.

വനിതകളില്‍ മൂന്നോ നാലോ പേര്‍ക്ക് മാത്രം സാധ്യത ഉണ്ടെന്നും ഞാനതില്‍ പെടില്ലെന്നും അറിഞ്ഞ ശേഷം  ഞാനും നാട്ടിലേയ്ക്കു തിരിച്ചു. നെടുമ്പാശേരിയില്‍ എന്നെ കാത്ത് സുഭാഷ് ചേട്ടനും ഡ്രൈവര്‍ ജോസഫും. ചെറായിലേയ്ക്കു പുറപ്പെട്ട ഉടന്‍   എന്റെ ഫോണിലേയ്ക്ക് കെ.പി.സി.സി. പ്രസിഡന്റിന്റെ കോള്‍. 'ലതികേ എന്റെയടുത്ത് ഉമ്മന്‍ ചാണ്ടിയും ഉണ്ട്. ഞങ്ങള്‍ മലമ്പുഴയില്‍ വി എസിനെതിരെ മത്സരിക്കാന്‍ ലതികയുടെ പേരു കൊടുക്കട്ടെ. ലതിക മത്സരിക്കണം. 'എനിയ്ക്കാകെ ആശയക്കുഴപ്പമായി. എന്താ ചെയ്ക? ഞാന്‍ ഫോണ്‍ സുഭാഷ് ചേട്ടനു കൈമാറി. പ്രസിഡന്റും ഉമ്മന്‍ ചാണ്ടി സാറും മാറി മാറി സംസാരിക്കുമ്പോള്‍ അദ്ദേഹം ഒരു വൈമനസ്യവും പ്രകടിപ്പിക്കാതെ സമ്മതം പറയുന്നതു കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു. എന്റെ പേര് വൈകാതെ ഫ്‌ളാഷ് ന്യൂസില്‍  കണ്ടതോടെ , നാടിന്റെ നാനാ ഭാഗത്തു നിന്നും സമ്മിശ്രാഭിപ്രായങ്ങളുമായി വിളികള്‍. അന്നു ചെറായി വീട്ടില്‍  താമസിച്ച്, അതി രാവിലെ തന്നെ ഞാന്‍  കോട്ടയത്തു ചെന്ന് ആവശ്യമുള്ള പേപ്പറുകളെല്ലാം എടുത്ത് വൈകുന്നേരമായപ്പോഴേക്കും മലമ്പുഴയിലേക്ക് പോയി.
 വി എസ് തന്ന 'പ്രശസ്തിയും' ഒരുപിടി നൊമ്പരങ്ങളും
പരീക്ഷയടുത്തപ്പോള്‍ സിലബസ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ അവസ്ഥയിലായിരുന്നു, ഞാന്‍. മലമ്പുഴയിലെ ഏതാനും പാര്‍ട്ടി നേതാക്കള്‍, പഴയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കണ്ണദാസ് എന്നിവരോടുള്ള അടുപ്പം പ്രയോജനപ്പെടുത്തി ഞാന്‍ പ്രവര്‍ത്തനം തുടങ്ങി.

പുറത്തു നടക്കുന്നതൊന്നും അറിയാത്ത അവസ്ഥയായിരുന്നു, എന്റേത്. വാര്‍ത്ത കേള്‍ക്കാനോ പത്രം വായിക്കാനോ പോലും സമയമില്ല. മണ്ഡലം പഠിക്കണം, പരമാവധി നേതാക്കളേയും പ്രവര്‍ത്തകരേയും നേരില്‍ കണ്ട്, അവരോടൊപ്പം വേണം പ്രചരണത്തിനിറങ്ങാന്‍. ഇതിനിടെ എനിയ്ക്ക്  നേര്‍ച്ചക്കോഴി, ചാവേര്‍ തുടങ്ങിയ ഓമനപ്പേരുകളുമായി ചാനല്‍ ചര്‍ച്ചകളും വാര്‍ത്തകളും കൊഴുക്കുന്നത് മനസിലായി, എങ്കിലും, ഞാന്‍ പതറിയില്ല.

ജനശ്രീ പ്രവര്‍ത്തകരടക്കം എന്നെ അറിയാവുന്ന ഒരുപാടു പേരുണ്ട്, മലമ്പുഴയില്‍. കുടിയേറ്റക്കാരെക്കൊണ്ടു സമ്പന്നമായ മലമ്പുഴയില്‍ ധാരാളം കോട്ടയംകാരുണ്ട്.'നാട്ടില്‍ നിന്നും വിളി വന്നു', എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാടു മുഖങ്ങള്‍ എനിക്കാശ്വാസം പകര്‍ന്നു.

ചോദിച്ചവരോടൊക്കെ ആത്മവിശ്വാസം കൈവിടാത്ത മറുപടിയുമായി ഞാന്‍ ഓടി നടന്നു. അകത്തേത്തറയിലെ കോര്‍ണര്‍ മീറ്റിങ്ങിനിടെ ഒരു ചാനല്‍ റിപോര്‍ട്ടര്‍ എന്റെ അടുത്ത് പാഞ്ഞെത്തി.' വി.എസ്, ഇന്ന് പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനു പറഞ്ഞ മറുപടി അല്പം വിവാദമായി. ചേച്ചിയുടെ പ്രതികരണത്തിനു വന്നതാ ഞങ്ങള്‍. 'ഞാന്‍ എന്തു പറയണമെന്നറിയാതെ,ഒരു നിമിഷം  പകച്ചു നിന്നു .ആ ഭാഗം റെക്കോഡ് ചെയ്തത് അവര്‍ എന്നെ കേള്‍പ്പിച്ചു. 'ലതികാ സുഭാഷിനെപ്പോലെ പ്രശസ്തയായ ഒരാള്‍ മത്സരിക്കുന്നതു കൊണ്ടാണോ വി എസ് മണ്ഡലത്തില്‍ തന്നെ നില്‍ക്കുന്നത് , എന്ന ചോദ്യത്തിന്. അവര്‍ എന്തുകൊണ്ടാ പ്രശസ്ത എന്നു നിങ്ങള്‍ തന്നെ അന്വേഷിക്കണം. 'എന്നായിരുന്നു മറുപടി. എനിക്കാകെ ഒരു വിഷമം തോന്നി.

 എന്റെ അച്ഛനെക്കാള്‍ പത്തു വയസ്സു കൂടുതലുള്ള കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായ ശ്രീ. വി എസിനോട് ഞാന്‍ എന്താ മറുപടി പറയുക? അദ്ദേഹം എന്താ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്, മനസ്സിലുണ്ടായ നൊമ്പരം പോലും മറച്ചു വച്ച്, വളരെ ചെറിയ ഒരു പ്രതികരണം ഞാന്‍ കൊടുത്തു. ആ വാര്‍ത്ത അന്നത്തെ ചാനലുകളും പിറ്റേന്നത്തെ പത്രങ്ങളും എല്ലാം ആഘോഷമാക്കിയത് ഞാനും ശ്രദ്ധിച്ചു. ഒരുപാടു പേര്‍ വിളിച്ചു. ലതികയെക്കുറിച്ച് അങ്ങനെയൊന്നും ആരും വിചാരിക്കില്ലെന്ന് എന്റെ മനസ്സറിയാവുന്ന ആത്മ മിത്രങ്ങള്‍ ആശ്വസിപ്പിച്ചു. കേസ് കൊടുക്കണമെന്നായി, പാര്‍ട്ടിക്കാരിലധികവും. രാവിലെ മലമ്പുഴയിലെത്തിയ കോണ്‍ഗ്രസ് വക്താവ് ശ്രീ. എം.എം. ഹസ്സന്‍ പാര്‍ട്ടിയുടെ അഭിപ്രായം എന്നെ അറിയിച്ചു.അങ്ങനെ മലമ്പുഴയിലെ കോര്‍ണര്‍ മീറ്റിങ്ങിനിടയ്ക്ക് ഞാന്‍  സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍എത്തി, കേസ് ഫയല്‍ ചെയ്തു.

വാര്‍ത്തകളില്‍ ഈ സംഭവം നിറഞ്ഞു നിന്നതും ഒരുപാടു പേര്‍ പ്രതികരിച്ചതുമൊക്കെ തിരക്കിനിടയില്‍ ഞാനും ശ്രദ്ധിച്ചു. പല പത്രങ്ങളും ശ്രീ. വി എസിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖപ്രസംഗം പോലും എഴുതി. പലരും ലേഖനങ്ങള്‍ എഴുതി.  പ്രതികരിച്ച പ്രമുഖരില്‍ ഡോ. സുകുമാര്‍ അഴീക്കോടും, ശ്രീമതി സുഷമാസ്വരാജും ഒക്കെ ഉണ്ടായിരുന്നു. സാംസ്‌കാരിക കേരളത്തിലെ  ഒട്ടനവധി പേരും  എന്നെ പിന്തുണച്ചപ്പോള്‍ വളരെ അപൂര്‍വം ചിലര്‍ എനിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത് പുണ്ണില്‍ കൊള്ളി വയ്ക്കുന്നതു പോലെ വേദനാജനകമായിരുന്നു.

പൊതു സമൂഹവും ചാനലുകളും പത്രങ്ങളും എല്ലാം ചര്‍ച്ചയാക്കിയ, ഈ വിഷയത്തെക്കുറിച്ച് ശ്രീ വി എസ് അടുത്ത ദിവസം 'ലതികാ സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതു കൊണ്ടാണ് പ്രശസ്ത എന്നാണ് പറഞ്ഞത്. അവര്‍ കെ.പി.സി.സി. മെമ്പര്‍ (സെക്രട്ടറി എന്നു പറഞ്ഞില്ല) ആയതു കൊണ്ടാണ്  പ്രശസ്ത എന്നു പറഞ്ഞത്. 'എന്നൊരു പ്രതികരണം നല്‍കി. പ്രതികരണവും വിവാദങ്ങളുമൊക്കെ കൊഴുക്കുന്നതിനിടയ്ക്കാണ് എന്റെ അടുത്തു വന്ന ശേഷം നാട്ടില്‍ പോയ സഹോദരന്‍ സുനിലിന് ബൈക്ക് അപകടത്തില്‍ തലയ്ക്ക് മാരകമായ പരിക്കേറ്റത്. അവന്‍ എറണാകുളം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി. എന്റെ അനിയനെ ഒരു നോക്കു കാണാന്‍ എന്റെ മനസ്സു കൊതിച്ചു. അവനെ രാത്രിയില്‍ പോയി കാണണം എന്നു ഞാന്‍ ശഠിച്ചു. ഡോക്ടര്‍മാരടക്കം എന്നെ നിരുത്സാഹപ്പെടുത്തി. വിഷമിക്കേണ്ട. അവിടെ വോട്ടു പിടിക്കൂ. ഞങ്ങള്‍ സുനിലിന്റെ കാര്യം നോക്കിക്കൊള്ളാം. എല്ലാവരും എന്നെ ആശ്വസിപ്പിച്ചു.

ആശ്വാസ വാക്കുകള്‍ കൊണ്ട് തീരുന്നതിനപ്പുറത്തായിരുന്നു, എന്റെ ബുദ്ധിമുട്ടുകള്‍. ബോധപൂര്‍വമായാലും  നിഷ്‌കളങ്കതയോടെ ആയാലും  വി എസ്. നടത്തിയ  പരാമര്‍ശം മലമ്പുഴയിലെ പാര്‍ട്ടിപ്രവര്‍ത്തകരില്‍ പോലും സംശയത്തിന്റെ കരി നിഴല്‍ വീഴ്ത്തിയോ? ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ എനിയ്ക്ക് ഒരുപാടു സ്‌നേഹം തന്ന മുണ്ടൂരിലെ മഹിളാ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍  എന്നെ ഫോണില്‍ വിളിച്ച് ഇത്തരം ചില പ്രചരണങ്ങള്‍ നടക്കുന്നതായി പറഞ്ഞു. 'സാരമില്ല. നമുക്കാരുടെയും വായ മൂടിക്കെട്ടാനാവില്ലല്ലോ. 'ഞാന്‍ അവരെ ആശ്വസിപ്പിച്ചു. കൊടുമ്പ് മണ്ഡലത്തില്‍ വച്ച് ഞാന്‍ പരിചയപ്പെട്ട ഒരു പാവപ്പെട്ട വൃദ്ധ പറഞ്ഞു. 'എന്റെ മോളേ.. അവന്മാര്‍  മോളുടെ പടം ഒട്ടിച്ചത് കീറുന്നതുകണ്ടപ്പോള്‍ സഹിച്ചില്ല. എത്ര കൊള്ളരുതാത്തതാണെങ്കിലും അതിന്റെ പടം കീറരുതേ, കീറരുതേ.. എന്നു ഞാന്‍ അവന്മാരോടു പറഞ്ഞതാ..'

എല്ലാവരോടും ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞ്, എല്ലാവരേയും ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സില്‍ ആഴത്തിലുണ്ടായ ഒരു മുറിവ്... ഓരോ അഭിപ്രായ പ്രകടനത്തിലും ചാനല്‍ ചര്‍ച്ചയിലും മറ്റു മാധ്യമ വിചാരങ്ങളിലുമൊക്കെ.. ആ മുറിവിന് വേദനയും നീറ്റലും കൂടിക്കൂടി വരുന്നതു പോലെ... ആ ദിവസങ്ങളില്‍ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പു വേദിയിലും എന്റെ പേര്‍ പരാമര്‍ശിക്കപ്പെടുന്നു എന്നറിഞ്ഞപ്പോഴും വല്ലായ്മ തോന്നി.

ശ്രീ. വി എസിനോട് അപ്പോഴൊക്കെ പരിഭവം തോന്നി. നല്ല ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന പ്രശംസ പിടിച്ചു പറ്റിയ സന്ദര്‍ഭങ്ങളിലെല്ലാം ഞാനും വി എസിനെ മനസ്സുകൊണ്ട് അഭിനന്ദിച്ചിട്ടുണ്ട് . 1991ല്‍കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായ ഞാനും ആലപ്പുഴയില്‍ ജില്ലാകൗണ്‍സില്‍ അംഗമായ അഡ്വ. സി.എസ്. സുജാതയുമൊക്കെ. വീണ്ടും രണ്ടു തവണ ജില്ലാ പഞ്ചായത്തിലും ജയിച്ച്, ഞാന്‍ കോട്ടയത്തു പ്രസിഡന്റായപ്പോള്‍ സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാര്‍ട്ടിക്കതീതമായ വ്യക്തിബന്ധം.  സുജാതയോട്, ഒരു ദിവസം തിരുവനന്തപുരത്ത്  ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് ഞാന്‍ പറഞ്ഞു. 'എനിക്ക് നിങ്ങളുടെ വി എസിനെ ഒന്നു കാണണമെന്നു തോന്നുന്നു.'  ' അതിനെന്താ നമുക്കു കണ്ടോണ്മെന്റ് ഹൗസില്‍ പോകാം. ' അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഞാന്‍ അങ്ങനെ ആദ്യമായി ശ്രീ. വി എസിനെ നേരില്‍ കണ്ട് പരിചയപ്പെട്ടു. ചുരുങ്ങിയ വാക്കുകളില്‍ എന്നോടു ക്ഷേമം ചോദിച്ച അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയത്.

അഴിമതിക്കെതിരെ മുഖം നോക്കാതെ സംസാരിക്കുമ്പോഴൊക്കെ എനിക്കദ്ദേഹത്തോടു മതിപ്പു തോന്നിയിരുന്നു. ഞാന്‍ സഹോദര തുല്യം സ്‌നേഹിക്കുന്ന ശ്രീ പി. സുരേന്ദ്രന്‍ ശ്രീ. വി എസിനെ പ്രധാന കഥാപാത്രമാക്കി 'ഗ്രീഷ്മമാപിനി' എന്ന നോവല്‍ രചിച്ചപ്പോള്‍ ഡി.സി. ബൂക്‌സില്‍ നിന്നും ആദ്യത്തെ കോപ്പി വാങ്ങി ഒറ്റയിരിപ്പിനു  ഞാന്‍ ആ പുസ്തകം വായിച്ചു. ഇഷ്ടമില്ലാത്തവരെ പുച്ഛിക്കുകയും ചീത്ത വാക്കു പറയുകയും ചെയ്യുന്ന  ശ്രീ. വി എസിന്റെ പ്രവണത ഇതിനു മുമ്പും എന്നെ നോവിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായപ്പോള്‍ പ്രതികാര ദാഹിയാകാതെ, കുറച്ചു കൂടി പോസിറ്റീവ് ആയി  ഭരണയന്ത്രം തിരിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട  ഭരണാധികാരിയാകാമായിരുന്നു, അദ്ദേഹത്തിനെന്ന പക്ഷമാണെനിക്ക്.

ഒരിക്കലും ആര്‍ക്കെതിരെയും വ്യക്തിപരമായി ഒരു കേസിനു പോകാനിടവന്നിട്ടില്ല. ഇപ്പോള്‍ ഇതാ കേരളത്തിന്റെ മുഖ്യ മന്ത്രിക്കെതിരെ, അതും വന്ദ്യ വയോധികനായ ശ്രീ. വി എസിനെതിരെ ഇങ്ങനെ ഒരു കേസ്... ഒരിക്കലും സംഭവിക്കരുതാത്തതായിരുന്നു, ആ പരാമര്‍ശവും അനുബന്ധ സംഭവങ്ങളും.

പ്രതി സന്ധികളെ അതിജീവിച്ചുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ മലമ്പുഴയിലെ നിസ്വാര്‍ത്ഥരായ കുറച്ചു പ്രവര്‍ത്തകരും , എറണാകുളത്തെ ഡിസി.സി. വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിട്ടും നിവൃത്തിയില്ലാതെ എന്റൊപ്പം മലമ്പുഴയിലേക്കു വരാന്‍ നിര്‍ബന്ധിതനായ സുഭാഷ് ചേട്ടനും കോട്ടയത്തു നിന്നും വന്ന ഏതാനും പ്രവര്‍ത്തകരും എനിയ്ക്കു തുണയായി. ആകെ ഇരുപതു ദിവസമാണ് പ്രവര്‍ത്തനത്തിനായി ലഭിച്ചത്. രണ്ടു തവണ നിയമ സഭയിലേയ്ക്കും ഒരു തവണ പാര്‍ലമെന്റിലേയ്ക്കും മത്സരിച്ച കെ.പി.സി.സി. സെക്രട്ടറി ശ്രീ. സതീശന്‍ പാച്ചേനിയും സഹപ്രവര്‍ത്തകരും എന്നോടു പങ്കു വച്ച അന്നത്തെ അവരുടെ അനുഭവങ്ങളും ഒട്ടും ശുഭകരമായിരുന്നില്ല.

രാവിലെ മുതല്‍ രാവേറെച്ചെല്ലും വരെയുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനം, ഉറങ്ങുന്നതിനു മുന്‍പു കടന്നു വരുന്ന സ്വകാര്യ ചിന്തകളില്‍, ഒരു വശത്ത്,  ദിവസങ്ങളായി ശസ്ത്രക്രിയയ്ക്കു ശേഷംആശുപത്രിയിലെ  തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എന്റെ ഏക സഹോദരന്‍ , കോട്ടയത്ത് പ്ലസ് ടു പരീക്ഷ എഴുതുന്ന മകന്‍ കണ്ണന്‍ എന്നും എന്നോടൊപ്പമുള്ള വൃദ്ധരും രോഗികളുമായ എന്റെ മാതാ പിതാക്കള്‍, അടുത്തിടെ ക്യാന്‍സര്‍ രോഗിയാണെന്നു തിരിച്ചറിഞ്ഞ്, ചികിത്സയുമായി ചെറായിയിലെ വീട്ടില്‍ കഴിയുന്ന എന്റെ  ചേട്ടത്തി(ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യ) സജിത ..... ഇവരെല്ലാവരും എന്റെ സാന്നിദ്ധ്യവും സേവനവും ഈ സമയത്ത് അര്‍ഹിക്കുന്നവരാണ്.

അവരുടെ വിശേഷങ്ങള്‍ വിളിച്ചു ചോദിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. എല്ലാം തല്‍ക്കാലത്തേയ്ക്കു മാറ്റി വയ്ക്കണം. പാര്‍ട്ടി എന്നെ ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റണം. ഞാന്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍ത്തു. 'ഒരു ചിറ്റോളത്തെ പോലും നിങ്ങളുടെ മനസ്സിനെ അക്രമിക്കാന്‍ ഇടയാക്കരുത്. 'എന്റെ കൂടെ നില്‍ക്കുന്നവര്‍ക്കൊക്കെ പരമാവധി ധൈര്യം പകരാന്‍ ഞാനും ശ്രമിച്ചു. എന്നിട്ടും മരുത റോഡ് പഞ്ചായത്തിലെ കോര്‍ണര്‍ മീറ്റിങ്ങില്‍, അവസാനത്തെ സ്വീകരണ യോഗത്തില്‍  മറുപടി പ്രസംഗം നടത്തുമ്പോള്‍ ഞാന്‍ തേങ്ങിപ്പോയി. വല്ലാത്ത ഒരു അരക്ഷിതാവസ്ഥ തോന്നി എനിയ്ക്ക്. അടുത്ത നിമിഷം ഞാന്‍ സ്വയം കുറ്റപ്പെടുത്തി. ശാന്തത വീണ്ടെടുക്കണം. കരയാന്‍ പാടില്ല. എല്ലാവരുടെയും കുത്തുവാക്കുകള്‍ക്ക് മധുരമായ പ്രതികാരം നല്‍കണം.

അന്നുമുതലേ ശ്രീ. വി എസിന് എതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വിവേകത്തോടെ എന്റെ പ്രശ്‌നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും പരിഹാരം പറഞ്ഞുതരുന്ന സുഭാഷ് ചേട്ടനും അതു തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞയുടന്‍ കേസ് പിന്‍വലിക്കണമെന്ന എന്റെ ആഗ്രഹം കെ.പി.സി.സി. അദ്ധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയോടു പറഞ്ഞു,  'ശരിയാ ലതികേ ഇത്രയും പ്രായമുള്ള അദ്ദേഹത്തിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകേണ്ടെന്നാ എന്റെയും അഭിപ്രായം.' അദ്ദേഹം പച്ചക്കൊടി കാട്ടി. ശ്രീ ഉമ്മന്‍ ചാണ്ടിയോടും ഞാന്‍ ഈ കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു.' കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞില്ലേ. അതുപോലെ ചെയ്യുക. അതാ നല്ലത്.' ഉമ്മന്‍ ചാണ്ടി സാറും നയം വ്യക്തമാക്കി. എന്റെ ഈ രണ്ടു നേതാക്കന്മാരും ശ്രീ.വി.എസും തമ്മിലുള്ള അന്തരത്തെക്കുറിച്ചു ഞാന്‍ ഓര്‍ത്തു. പൊതു സമൂഹത്തിന്റെ പിന്‍ ബലം കൂടുതലുണ്ടെന്ന ഖ്യാതി നേടിയ ശ്രീ. വി.എസ്, പലപ്പോഴും ശത്രു സംഹാരത്തിനു വേണ്ടി തരം താഴുമ്പോഴും, ഈ നേതാക്കള്‍ എത്ര സൗമ്യവും മാന്യവുമായ  പ്രതികരണമാണ് സ്വകാര്യ സംഭാഷണത്തില്‍ പോലും നടത്തിയത്!

തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് മൂന്ന് അവധികള്‍ വന്നു. ഓരോ തവണയും കോട്ടയത്തുനിന്നും പാലക്കാട്ടു പോകണം. പോയപ്പോഴൊക്കെ കേസ് പിന്‍വലിക്കാന്‍  തയ്യറായാണ് ഞങ്ങള്‍ പോയത്. സാധാരണ ഗതിയില്‍ എവിടെയും തനിച്ചു പോകാന്‍ മടിയില്ലാതിരുന്ന ഞാന്‍ ഓരോതവണയും സുഭാഷ് ചേട്ടനെ കൂടെ വരാന്‍ നിര്‍ബന്ധിച്ചു. ചൂടുള്ള വാര്‍ത്തയായി ഈ കേസ് അവധിക്കു വയ്ക്കുന്നതിന്റെ ക്ലിപ്പിങ്ങുകള്‍ ചാനലുകളില്‍ മിന്നി മറയുന്നത് എന്റെ മനസിനെ നൊമ്പരപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ വന്ന ബ്ലോഗ് എഴുത്തുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ അഭിപ്രായ യുദ്ധങ്ങളും എന്നില്‍ സമ്മിശ്ര വികാരങ്ങളുളവാക്കുന്നവയായിരുന്നു. ചില പോസ്റ്റുകളിലെ കമന്റുകള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നവയായിരുന്നു. ഞാന്‍ ഒന്നിനും പ്രതികരിച്ചില്ല. സംഭവിക്കരുതാത്തതു സംഭവിച്ചതിന്റെ പ്രത്യാഘാതം. നടക്കട്ടെ. ഞാന്‍ എന്റെ മനസിനോട് ശാന്തമാവാന്‍ പറഞ്ഞു.

ഒടുവില്‍ പാലക്കാട്ടെ കോടതിയില്‍ ചെന്ന് ഞാന്‍ ആ കേസ് പിന്‍ വലിച്ചതും വലിയ വാര്‍ത്തയായി. കേരളത്തിലെ പൊതു സമൂഹവും പത്ര മാധ്യമങ്ങളും ഡോ.സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്‌കാരിക നായകന്മാരും പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍  ജനകീയ കോടതിയില്‍ നിന്നും എനിയ്ക്കു നീതി ലഭിച്ചു. വി എസിന്റെ പ്രായം കൂടി കണക്കിലെടുത്താണ് ഞാന്‍ ഈ കേസ് പിന്‍വലിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്ത് എന്റെ ജീവിതത്തിലെ സംഭവ ബഹുലമായ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു.

Keywords:  Kottayam, V.S Achuthanandan, Media, Election, Politics, KPCC, Book, Oommen Chandy, Ramesh Chennithala, Case, Court, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia