പിഎഫ് വായ്പക്ക് പകരം അധ്യാപികയോട് ലൈംഗികബന്ധം ആവശ്യപ്പെട്ടെന്ന പരാതി; ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
Mar 15, 2022, 09:39 IST
തിരുവനന്തപുരം: (www.kvartha.com 15.03.2022) പിഎഫ് ലോണ്‍ അനുവദിക്കാന്‍ സഹായം അഭ്യര്‍ഥിച്ച അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ചെന്ന പരാതിയ്ക്ക് പിന്നാലെ വിജിലന്‍സിന്റെ പിടിയിലായ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സി ആര്‍ വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് വിനോയിക്കെതിരെ നടപടി എടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ജീവനക്കാരനായ വിനോയ് ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രോവിഡന്റ് ഫന്‍ഡിന്റെ(ഗെയ്ന്‍ പിഎഫ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ ആണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോയിയെ കോട്ടയത്തുവച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോടെലിലേക്ക് എത്തുവാന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. കോട്ടയത്തെത്തി ഹോടെല്‍ മുറിയെടുത്ത ഇയാള്‍ അധ്യാപികയെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
അധ്യാപികയോട് ഒരു ഷര്‍ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു തെളിവ് സഹിതമുള്ള അറസ്റ്റ്.
മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നുവെന്നാണ് റിപോര്‍ട്. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്. സിപിഎം അനുകൂല എന്‍ജിഒ യൂനിയനില്‍ നിന്ന് വിനോയ് ചന്ദ്രനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.