പുതിയ ബീച് വികസനപദ്ധതികളുമായി ശാർജ; ഖോർഫകാൻ, അൽ ഹിറ ബീചുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന പദ്ധതികൾ വരുന്നു; ചെലവിടുന്നത് 197 ദശലക്ഷം ദിർഹം

 


ശാർജ: (www.kvartha.com 31.05.2021) വിനോദസഞ്ചാര മേഖലയുടെ വളർചയ്ക്ക് വേ​ഗം കൂട്ടുന്ന പുതിയ ബീച് വികസനപദ്ധതികൾ പ്രഖ്യാപിച്ച് ശാർജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്). ഖോർഫകാൻ തീരത്തെ 'അൽ ലുലുയ' ബീച്, ശാർജ ന​ഗരത്തോട് ചേർന്നുള്ള 'അൽ ഹിറ' ബീച് പദ്ധതികളാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്. വിനോദവും സാഹസികതയും സമ്മേളിക്കുന്ന ലോകോത്തോര നിലവാരത്തിലുള്ള സഞ്ചാരാനുഭവങ്ങളും സൗകര്യങ്ങളും ഈ ബീചുകളിലുണ്ടാവും.

ശാർജ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശുറൂഖ് എക്സിക്യുടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർകാൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. യുഎഇ നിവാസികൾക്കും സഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ഉല്ലാസപ്രദമാകുന്ന സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന ശാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അം​ഗവുമായ ശെയ്ഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപാടുകൾ പിൻപറ്റിയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

പുതിയ ബീച് വികസനപദ്ധതികളുമായി ശാർജ; ഖോർഫകാൻ, അൽ ഹിറ ബീചുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന പദ്ധതികൾ വരുന്നു; ചെലവിടുന്നത് 197 ദശലക്ഷം ദിർഹം

'ശാർജയുടെ സമ​ഗ്രവളർച ലക്ഷ്യമാക്കി, ശുറൂഖ് ആവിഷ്കരിക്കുന്ന സുസ്ഥിര വികസനപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ബീച് വികസന പദ്ധതികൾ. വിനോദസഞ്ചാര മേഖലയിലെ പുതിയ അടയാളപ്പെടുത്തലാവുന്നതോടൊപ്പം തന്നെ യുവസംരഭകർക്കും നിക്ഷേപകർക്കുമെല്ലാം ഇടമൊരുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്' - മർവാൻ അൽ സർകാൽ പറഞ്ഞു.

പ്രകൃതിദത്തമായ ഖോർഫകാന്റെ കിഴക്കൻ തീരത്ത് 110 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് അൽ ലുലുയ ബീച് പദ്ധതിയൊരുങ്ങുന്നത്. 1.6 കിലോമീറ്റർ നീളത്തിലുള്ള തീരവികസനത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസിക സഞ്ചാരികൾക്കുമെല്ലാം അനുയോജ്യമായ ധാരാളം സഞ്ചാരാനുഭവങ്ങളൊരുങ്ങും. ട്രംപോളിൻ, ഊഞ്ഞാലുകൾ, മിനി സ്വിമിങ് പൂൾ, കളിസ്ഥലങ്ങൾ തുടങ്ങിയ വിശേഷങ്ങളോടൊപ്പം കുട്ടികൾക്ക് സുരക്ഷിതമായി നീന്തിത്തുടിക്കാവുന്ന, ആഴം കുറഞ്ഞ തീരവും ഇവിടെയുണ്ടാവും. മരത്തടികൾ പാകിയ നടപ്പാതകളും കുടുംബങ്ങൾക്ക് ഒരുമിച്ച് വിശ്രമിക്കാവുന്ന കേന്ദ്രങ്ങളും തീരത്തിന്റെ മനോഹാരിത കൂട്ടും.

സമീപത്തുള്ള സുഫെ മലയുമായി ബന്ധിപ്പിച്ചുള്ള സാഹസിക വിനോദങ്ങളാവും ഈ തീരത്തെ ഏറ്റവും ആകർഷകഘടകങ്ങളിലൊന്ന്. ബീചിനോട് ചേർന്നുള്ള മലകളിലൂടെയുള്ള ട്രകിങ്, ക്യാംപിങ്ങ്, മൗണ്ടൻ സൈക്ലിങ് അനുഭവങ്ങളോടൊപ്പം മലമുകളിൽ നിന്ന് തീരം വരെ നീണ്ടുനിൽക്കുന്ന സിപ് ലൈൻ ആക്റ്റിവിറ്റിയുമുണ്ടാവും. അതിഥികളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നൽകിയാണ് ഈ വിനോദങ്ങളൊരുക്കുക. സ്ത്രീകൾക്ക് മാത്രമായുള്ള ബീച്, കടൽത്തീര കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് രുചി നുണയാനുള്ള ഭക്ഷണശാലകൾ, കഫേകൾ, തുറസായ സിനിമാ തീയറ്റർ, ജിം തുടങ്ങി മറ്റനേകം അനുഭവങ്ങളും ബീച് വികസനപദ്ധതിയുടെ ഭാ​ഗമായൊരുങ്ങും. ഈ വർഷം ആദ്യത്തോടെ ആരംഭിച്ച നിർമാണ പ്രവൃത്തികൾ 2022 നവംബർ മാസത്തോടെ പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഖോർഫകാൻ തീരത്തിന്റെ മുഖച്ഛായ തന്നെ മാറും.

ശാർജ ന​ഗരത്തിനടുത്ത്, അറേബ്യൻ ​ഗൾഫിന് അഭിമുഖമായാണ് അൽ ഹിറ ബീചൊരുങ്ങുന്നത്. 87 ദശലക്ഷം ദിർഹംസ് ചെലവഴിച്ചാണ് 3.6 കീലോമീറ്റർ നീളമുള്ള തീരത്തിന്റെ വികസനം. മൂന്നര കിലോമീറ്ററോളം നീളമുള്ള ജോ​ഗിങ് ട്രാക്, പൂന്തോട്ടങ്ങൾ, സൈക്ലിങ് ട്രാക്, ഫുട്ബോൾ കോർടുകൾ, ഫുഡ് ട്രകുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പ്രാർഥനകേന്ദ്രം തുടങ്ങി അതിഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. 700 കാറുകൾക്ക് പാർക് ചെയ്യാനുള്ള സൗകര്യവും ഈ തീരത്തൊരുക്കുന്നുണ്ട്.

നിലവിൽ ഭാ​ഗികമായി സന്ദർശകർക്ക് തുറന്നിട്ടുള്ള അൽ ഹിറ ബീചിൽ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ചെറുഭക്ഷണശാലകൾ, കരകൗശലവിപണന സ്റ്റാളുകൾ എന്നിവയൊരുക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച ബീച് വികസനപ്രവൃത്തി ഈ വർഷം ഒക്ടോബറോടെ പൂർത്തീകരിച്ച് പൂർണമായും സന്ദർശകർക്കായി തുറക്കും. പുതിയ ബീച് വികസനപദ്ധതികളോടൊപ്പം നിലവിൽ പ്രവർത്തനക്ഷമമായ ഖോർഫക്കാൻ ബീചിന്റെ രണ്ടാംഘട്ട വികസനവും ശുറൂഖ് പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Gulf, News, World, Sharjah, Sea, Travel & Tourism, Tourist, Beach, Development, Sharjah with new beach development projects; Eye-catching development projects are coming up in Khor Fakkan and Al Hira beaches; The cost is 197 million dirhams.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia