താന്‍ കയ്യേറ്റക്കാരനല്ല; ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി എം.എ യൂസഫലി

 


ADVERTISEMENT

ദുബൈ: തന്നെ ഒരു കയ്യേറ്റക്കാരനെന്ന് ആരും പറയാനിടയില്ലെന്നും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയതായും പ്രമുഖ വ്യവസായിയും ലുലു മാള്‍ ഉടമയുമായ എം.എ യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലുമാളിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും ഇടപ്പള്ളിയില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണ ചിലവ് യൂസഫിലിയുടെ കീഴിലുള്ള എം.കെ ഗ്രൂപ്പ് വഹിക്കണമെന്നും കഴിഞ്ഞ ദിവസം സി.പി.എം. എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ എം.കെ. ഗ്രൂപ്പിന്റെ ലുലുമാള്‍ ഭൂമി കയ്യേറിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേകുറിച്ചുള്ള നിലപാട് വിശദമാക്കാനാണ് യൂസഫലി ദുബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ലുലുമാള്‍ നിര്‍മിക്കാനാവശ്യമായ എല്ലാ അനുമതികളും വാങ്ങിയിട്ടുള്ള രേഖകള്‍ ഹാജരാക്കാന്‍ തയാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് വിശദീകരണം ചോദിക്കാന്‍ ആരും വന്നിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു. കേരളത്തില്‍ ഇനി നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് പുനരാലോചിക്കും. ലുലു മാള്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാള്‍ കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കിയത്. ഈ അഞ്ച് കൊല്ലത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ മാളിന്റെ ഉദ്ഘാടനം കഴിഞ്ഞാണ് ആരോപണം ഉയരുന്നത്.

ഇടപ്പള്ളിയില്‍ ലുലുമാളിന്റെ നിര്‍മാണത്തിനുള്ള എല്ലാ അനുമതിയും നിയമാനുസൃതമായിത്തന്നെ നേടിയിരുന്നു. കേരളത്തിന് വേണ്ടി നിലകൊണ്ട തന്നെ അവഹേളിക്കുന്നതരത്തിലുള്ള നിലപാടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലുലുമാളിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍നിന്ന് ലുലുഗ്രൂപ്പ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും ഏറ്റെടുത്ത് 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയുടെ നിര്‍മാണമാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടത്. ബോള്‍ഗാട്ടിയിലെ പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ആ നഷ്ടം എങ്ങനെയാണ് സഹിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. എന്തുവന്നാലും ഇനി പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ കയ്യേറ്റക്കാരനല്ല; ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി എം.എ യൂസഫലിപദ്ധതി സംബന്ധിച്ച് കേരളത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നുള്ള ലുലുവിന്റെ പിന്മാറ്റം. പദ്ധതിക്കായുള്ള ലേലത്തില്‍ പങ്കെടുത്ത ഏകസ്ഥാപനം 'ലുലു' വായിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദവും ഉടലെടുത്തതിനെത്തുടര്‍ന്നാണ് മാറിനില്‍ക്കാനുള്ള തീരുമാനം. നാലായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിയുന്ന സംരംഭമായിരുന്നു ലുലുഗ്രൂപ്പ് വിഭാവനം ചെയ്തിരുന്നത്.

ലുലു മാള്‍ തോട് കൈയ്യേറ്റം ഉള്‍പെടെയുള്ള ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് സി.പി.എം. രംഗത്തെത്തിയത്. എം.കെ. ഗ്രൂപ്പിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ്മണിയും സംസ്ഥാന കമ്മറ്റിയംഗം പി. രാജീവ് എം.പി.യും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Also read:
എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?
Keywords: Gulf, Dubai, M.A.Yusafali, CPM, Lulu Mall, Press Meet, Press Conference, P. Rajeev MP, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia