കുടുംബത്തെ കരകയറ്റാന്‍ സൗദിയിലേക്ക് പറന്നു; ഒടുവില്‍ പ്രതീക്ഷകളറ്റ് രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി

 


ദമാം: (www.kvartha.com 02.12.2016) തകര്‍ന്ന സ്വപ്നങ്ങളുടെ വേദനയും പേറി ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി. രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് ആന്ധ്രാസ്വദേശിനിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങിയത്.


ആന്ധ്രാപ്രദേശ് ബയമഗരിപ്പള്ളി സ്വദേശിനിയായ ലക്ഷ്മിദേവി റെപ്പന്ന എട്ടു മാസങ്ങള്‍ക്കു മുമ്പാണ് ദമാമിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. തന്റെ പാവപ്പെട്ട കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കി സാമ്പത്തികഭദ്രത ഉണ്ടാക്കാന്‍ വേണ്ടിയാണ് ലക്ഷ്മിദേവി വീട്ടുജോലിക്കായി സൗദിയില്‍ എത്തിയത്.

കുടുംബത്തെ കരകയറ്റാന്‍ സൗദിയിലേക്ക് പറന്നു; ഒടുവില്‍ പ്രതീക്ഷകളറ്റ് രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി

എന്നാല്‍ ലക്ഷ്മിയുടെ പ്രതീക്ഷകളെല്ലാം വളരെ പെട്ടെന്നായിരുന്നു തകര്‍ന്നത്. കുടുംബത്തെ കരയ്‌ക്കെത്തിക്കാന്‍ എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായാണ് ലക്ഷ്മി സൗദിയില്‍ എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ ലക്ഷ്മിയെ കൊണ്ട് രാവെന്നോ പകലെന്നോ ഭേദമില്ലാതെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതല്ലാതെ ശമ്പളം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ആറുമാസക്കാലത്തോളം ഇതേ അവസ്ഥയായിരുന്നു. ഒടുവില്‍ ലക്ഷ്മി പ്രതികരിക്കാന്‍ തുടങ്ങി. ശമ്പളം തരാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പോണ്‍സറോട് തറപ്പിച്ചു പറഞ്ഞു. ഇതോടെ ലക്ഷ്മിക്ക് നേരെ ഭീക്ഷണിയും മാനസികപീഡനവും നടത്തുന്നത് പതിവായി.

ഇതിനിടെ ഒരു ദിവസം സപോണ്‍സറും കുടുംബവും പുറത്തുപോയ സമയത്ത് പുറത്തുകടന്ന ലക്ഷ്മീദേവി ദമാമിലെ ഇന്ത്യന്‍ എംബസി സേവനകേന്ദ്രത്തില്‍ എത്തി എംബസി ഹെല്‍പ് ഡെസ്‌കില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയലും, പദ്മനാഭന്‍ മണിക്കുട്ടനും കൂടി പോലീസിന്റെ സഹായത്തോടെ ലക്ഷ്മിയെ ദമാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ ലക്ഷ്മീദേവിയുടെ കേസ് ഏറ്റെടുക്കുകയും വിവരം ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ലക്ഷ്മീദേവിയുടെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സമവായചര്‍ച്ചകള്‍ നടത്തി. 

എന്നാല്‍ ലക്ഷ്മീദേവി തിരികെ വന്ന് ജോലി തുടര്‍ന്നാല്‍ മാത്രമേ കുടിശ്ശിക ശമ്പളം തരികയുള്ളൂ എന്ന നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. എന്നാല്‍ സ്‌പോണ്‍സറുടെ വീട്ടില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ ലക്ഷ്മീദേവി തയ്യാറായിരുന്നില്ല. ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട എങ്ങനെയും നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ലക്ഷ്മീദേവി.

തുടര്‍ന്ന് സ്‌പോണ്‍സറുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പലപ്രാവശ്യം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാം എന്ന് സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. ലക്ഷ്മിദേവിക്കുള്ള വിമാനടിക്കറ്റ് നവയുഗം മദിനത്തുല്‍ അമാല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പിരിച്ചു നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞ് ലക്ഷ്മീദേവി നാട്ടിലേയ്ക്ക് മടങ്ങി.

Also Read:
അബ്ദുല്‍ ഖാദര്‍ വധം: മുളിയാര്‍ പഞ്ചായത്ത് ഹര്‍ത്താല്‍ പൂര്‍ണം; ഓട്ടോ റിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തി

Keywords:  Lakshmi Devi returns home, Saudi Arabia, Dammam, Family, Complaint, Embassy, Law, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia