അടിസ്ഥാന സൗകര്യവികസനത്തിന് 15 ബില്യന്‍ ദിര്‍ഹം ചെലവിട്ട് ദുബൈ എക്‌സ്‌പോ 2020

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 27.09.2021) ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്ന എക്‌സ്‌പോക്കായി ദുബൈയില്‍ നടന്നത് 15 ബില്യണ്‍ ദിര്‍ഹത്തിന്റെ അടിസ്ഥാന സൗകര്യവികസനം. പാലങ്ങളും റോഡുകളുമടങ്ങുന്ന സമഗ്രനിര്‍മിതികളാണ് ദുബൈയില്‍ ഇക്കാലയളവില്‍ ഉയര്‍ന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് നവീനമായ പദ്ധതിയൊരുങ്ങിയതെന്ന് ആര്‍ടിഎ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്വര്‍ അല്‍ ത്വായിര്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിന് 15 ബില്യന്‍ ദിര്‍ഹം ചെലവിട്ട് ദുബൈ എക്‌സ്‌പോ 2020


എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 15 പദ്ധതികളാണ് നടപ്പാക്കിയത്. റോഡുകളും പാലങ്ങളും പാര്‍കിങ് കേന്ദ്രങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. എഴുകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി എക്‌സ്‌പോ 2020 റോഡ് പദ്ധതിയാണ് ഇതില്‍ പ്രധാനം. പുതിയ ട്രെയിനുകള്‍ യാത്ര സുഖകരമാക്കാന്‍ വേണ്ടിയൊരുക്കി. 138 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒമ്പത് ഇന്റര്‍ചേഞ്ചുകളും 64 പാലങ്ങളും ഉള്‍ക്കൊള്ളുന്ന റോഡ് നിര്‍മിച്ചു. എക്‌സ്‌പോ പ്രദര്‍ശനവേദികളിലേക്ക് 25 പ്രവേശന കവാടങ്ങളും 21 മടക്കയാത്രാവഴികളും ഒരുക്കി. 

ദുബൈയിലെ വിവിധയിടങ്ങളില്‍ നിന്നും യുഎഇയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും എക്‌സ്‌പോ സന്ദര്‍ശകര്‍ക്കായി 203 ബസുകള്‍ പ്രത്യേകമായി സജ്ജമാക്കി. 15,000 ലിമോസിന്‍ ടാക്‌സികളൊരുക്കി. വിവിധ എക്‌സ്‌പോ വേദികള്‍ക്ക് സമീപമായി 30,000 പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കി. മെട്രോ, ബസുകള്‍, ടാക്‌സികള്‍ എന്നിവയിലുള്ള യാത്ര എളുപ്പമാക്കുന്നതിന് സ്മാര്‍ട് സംവിധാനങ്ങളും ആപ്ലികേഷനുകളും പുറത്തിറക്കി. സമഗ്രമായ ഗതാഗത സേവനകേന്ദ്രങ്ങളും യാത്ര സുഗമമാക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

മെട്രോ സര്‍വീസുകള്‍ 

നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ മെട്രോ സേവനങ്ങള്‍ എക്‌സ്‌പോക്കായി നവീകരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മെട്രോ ഗ്രീന്‍, റെഡ് ലൈനുകളില്‍ രാവിലെ അഞ്ചുമണിമുതല്‍ സര്‍വീസുകളുണ്ടാകും.

പുലര്‍ചെ 1.15 മണി വരെ സര്‍വീസുകള്‍ തുടരും. വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന സര്‍വീസുകള്‍ പുലര്‍ചെ 2.15 മണി വരെ നീളും. വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതല്‍ പുലര്‍ചെ 1.15 മണി വരെയായിരിക്കും സര്‍വീസുകള്‍. തിരക്കേറുന്ന സമയങ്ങളില്‍ 2.38 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുകള്‍ ലഭ്യമാക്കിയതായും ആര്‍ടിഎ വ്യക്തമാക്കി.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ട്രാം സര്‍വീസുകള്‍ രാവിലെ ആറുമണിമുതല്‍ പുലര്‍ചെ ഒരുമണിവരെ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതല്‍ പുലര്‍ചെ ഒരുമണിവരെയായിരിക്കും സര്‍വീസ്.


എക്‌സ്‌പോ ബസുകള്‍
 
രാവിലെ 6.30 മണി മുതല്‍ എക്‌സ്‌പോ വേദികള്‍ അടച്ചശേഷം 90 മിനിറ്റുവരെ എക്‌സ്‌പോ ബസുകള്‍ സര്‍വീസ് നടത്തും. നഗരത്തിലെ തിരക്കുകുറയ്ക്കാന്‍ സമഗ്രസംവിധാനമാണ് ആര്‍ടിഎ ഒരുക്കിയിരിക്കുന്നത്. പുതുതായി നിര്‍മിച്ചിരിക്കുന്ന റോഡുകളും പാലങ്ങളും അകത്തേക്കും പുറത്തേക്കുമുള്ള വഴികളുമെല്ലാം സുഖകരമായ യാത്രാനുഭവം പകരും. ദുബൈയിലുള്ള ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നും മറ്റെമിറേറ്റുകളിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നും എക്‌സ്‌പോ വേദികളിലേക്ക് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. എല്ലാ നവീന സൗകര്യങ്ങളുമുള്ള 203 ബസുകളാണ് സര്‍വീസ് നടത്തുക. 

ദുബൈയില്‍ പാം ജുമൈറ, അല്‍ ബറാഹ, അല്‍ ഗുബൈബ, ഇത്തിസലാത്ത്, ഗ്ലോബല്‍ വില്ലേജ്, ഇന്റര്‍നാഷണല്‍ സിറ്റി, ദുബൈ സിലികണ്‍ ഒയാസിസ്, ദുബൈ മാള്‍, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് എന്നിവിടങ്ങളിലേക്കും തിരിച്ചും 126 ബസുകള്‍ സര്‍വീസ് നടത്തും. 445 മുതല്‍ 476 വരെ ട്രിപ്പുകള്‍ പ്രതിദിനം നടത്തും. എക്‌സ്‌പോയുടെ മൂന്ന് പ്രധാന ഗേറ്റുകളില്‍ നിന്ന് പാര്‍കിങ് ഷടില്‍ സര്‍വീസുകളും ലഭ്യമാണ്. 

അബൂദബി സിറ്റി, അബൂദബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് സ്റ്റേഷന്‍, അബൂദബി ബസ് സ്റ്റേഷന്‍, മറീന മാള്‍ സ്റ്റേഷന്‍, അല്‍ ഐന്‍ സിറ്റി, അല്‍ ഐന്‍ ബസ് സ്റ്റേഷന്‍, ശാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷന്‍, മുവൈലിയ സ്റ്റേഷന്‍, റാസല്‍ഖൈമ ബസ് സ്റ്റേഷന്‍, അജ്മാന്‍ ബസ് സ്റ്റേഷന്‍, സിറ്റി സെന്റര്‍ ഫുജൈറ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചും 193 സര്‍വീസുകള്‍ പ്രതിദിനം നടത്തും. വാരാന്ത്യങ്ങളില്‍ 213 ട്രിപുകളായി ഉയര്‍ത്തും.

15,000 ടാക്‌സികളും ലിമോസിനുകളും എക്‌സ്‌പോ സര്‍വീസുകള്‍ക്കായി സജ്ജമായിക്കഴിഞ്ഞു. ഊബര്‍, കരീം സര്‍വീസുകളായി ഇവ ലഭിക്കും. ഗതാഗതനിയന്ത്രണത്തിനായി അതിനൂതന ക്യാമറ, റഡാര്‍ സംവിധാനങ്ങള്‍ എല്ലാ റോഡുകളിലും സജ്ജമാണ്. ഇതോടൊപ്പം തന്നെ കാലാവസ്ഥാമാറ്റങ്ങള്‍ വിശദമാക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങളും ഗതാഗത നിര്‍ദേശ ബോര്‍ഡുകളും ആര്‍ടിഎ വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

വിനോദസഞ്ചാരികളും വിദേശസന്ദര്‍ശകര്‍ക്കുമായി ഇ-വാലറ്റ് സംവിധാനവുമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുരീതികള്‍ ഒഴിവാക്കിക്കൊണ്ടുള്ള ക്യൂആര്‍ കോഡ് സര്‍വീസുകളും ടാക്‌സി ഉപയോഗത്തിനായി സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം.

Keywords:  Dubai, News, Gulf, World, Metro, bus,  Expo 2020,  Travel, Reported by Qasim Udumbunthala, Dubai Expo 2020: 15 billion dirhams spent on infrastructure 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia